| Wednesday, 21st October 2020, 1:36 pm

സ്വന്തമായി അഭിപ്രായം ഉണ്ടാകുന്ന, വിവാദങ്ങളില്‍ തളരാതിരിക്കുന്ന, എന്ത് ജോലി ചെയ്യണം, ധരിക്കണം എന്ന് സ്വയം തീരുമാനമെടുക്കുന്നവളാകണം ജീവിതപങ്കാളി: ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിവാഹം ഏതെങ്കിലും പ്രത്യേക പ്രായത്തില്‍ നടക്കേണ്ട കാര്യമാണെന്ന് തോന്നുന്നില്ലെന്നും നടന്നില്ലെങ്കിലും പരിഭവമൊന്നുമില്ലെന്നും നടന്‍ ഉണ്ണി മുകുന്ദന്‍.

എങ്കിലും സ്വന്തമായി അഭിപ്രായം ഉണ്ടാകുന്ന, വിവാദങ്ങളില്‍ തളരാതിരിക്കുന്ന, എന്ത് ജോലി ചെയ്യണം, എന്ത് ധരിക്കണം എന്ന് സ്വയം തീരുമാനമെടുക്കുന്നവളാകണം ജീവിതപങ്കാളിയെന്നാണ് ആഗ്രഹമെന്നും ഉണ്ണി മുകുന്ദന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ജീവിതത്തിലെ ഏറ്റവും ഇന്ററസ്റ്റിങ് ആയ പ്രായത്തിലൂടെയാണ് കടന്നുപോകുന്നത്. അതിലെ ചെറിയ ഒരു കാര്യം മാത്രമാണ് വിവാഹം. ജീവിതത്തില്‍ പ്രണയത്തിന് ചാന്‍സുണ്ടായിട്ടില്ല. ഏതെങ്കിലുമൊരു വ്യക്തിയെ പരിചയപ്പെട്ട് വിവാഹത്തിലേക്ക് നീങ്ങാന്‍ അവസരവും ലഭിച്ചിട്ടില്ല. പ്രണയമാണെങ്കിലും അറേഞ്ച്ഡ് ആണെങ്കിലും നൈസര്‍ഗികമായി സംഭവിക്കേണ്ടതാണ്. നേരത്തെ നടന്നാല്‍ അത് ഗംഭീരമാണെന്നും വൈകി നടന്നാല്‍ മോശമാണെന്നുമുള്ള അഭിപ്രായവും എനിക്കില്ല.

സ്വാഭാവികമായും പ്രണയം തോന്നിയിട്ടുണ്ട്. അതൊന്നും റിലേഷന്‍ഷിപ്പിലേക്ക് നീങ്ങിയിട്ടില്ല. 22ാം വയസില്‍ ഗുജറാത്തില്‍ നിന്ന് കേരളത്തിലെത്തി. ഇവിടേക്ക് വന്നത് കരിയര്‍ മനസില്‍ കണ്ടായിരുന്നു. അതുകൊണ്ട് അതില്‍ കൂടുതല്‍ ശ്രദ്ധിച്ചു.

സങ്കല്‍പ്പങ്ങളെ കുറിച്ചാണെങ്കില്‍ സ്വന്തമായി അഭിപ്രായം ഉണ്ടാകുക, ബോള്‍ഡായിരിക്കുക, വിവാദങ്ങളില്‍ തളരാതിരിക്കുക, ആരേയും ഭയക്കാതെ എന്ത് ജോലി ചെയ്യണം, എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നവളാകണം.

പുരുഷനേക്കാള്‍ സ്ത്രീ കരുത്തയാണെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടാണ് മള്‍ട്ടി ടാസ്‌കിങ് അവര്‍ക്ക് സാധ്യമാകുന്നത്. എന്റെ അമ്മ തന്നെ അതിന് ഉദാഹരണമാണ്. ടീച്ചറായിരുന്നു അമ്മ. പകല്‍ മുഴുവന്‍ സ്‌കൂളിലായിരിക്കും. വൈകീട്ട് വീട്ടിലെത്തിയാലും ചുരുങ്ങിയത് 40 കുട്ടികള്‍ക്കെങ്കിലും അവര്‍ ട്യൂഷനെടുക്കും. ട്യൂഷന്‍ കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ കാര്യത്തിലും ശ്രദ്ധിക്കും.

ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള ആഗ്രങ്ങളും സങ്കല്‍പ്പങ്ങളും ഉണ്ടാകും. ഇതെന്റെ സങ്കല്‍പ്പങ്ങളാണ്. എന്ന് വിചാരിച്ച് മറ്റുള്ളവരെ താഴ്ത്തിക്കാണുകയോ അവരോട് താത്പര്യക്കുറവോ ഇല്ല’ ,ഉണ്ണി മുകുന്ദന്‍ പറയുന്നു.

നീണ്ട മൂക്കുള്ള ക്ലാസിക്കല്‍ ഡാന്‍സ് അറിയുന്ന പാട്ടുപാടാനറിയുന്ന പെണ്‍കുട്ടികളോടാണ് താത്പര്യമെന്ന് മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു. അതിനുശേഷം ഈ സങ്കല്‍പ്പത്തിലുള്ള ഒരുപാട് പെണ്‍കുട്ടികളുടെ ഇമെയിലുകള്‍ വന്നെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

കാറ്റഗറൈസ് ചെയ്ത് സിനിമകള്‍ ചെയ്യുന്ന ആളല്ല താനെന്നും പ്രത്യേക തരം സിനിമകള്‍ തന്നെ വേണമെന്ന് നിര്‍ബന്ധവുമില്ലെന്നും ഉണ്ണി മുകുന്ദന്‍ അഭിമുഖത്തില്‍ പറയുന്നു.

ഏത് തരം സിനിമകളും ചെയ്യും. ക്ലിന്റ് ചെയ്തിട്ടുണ്ട്. അതേസമയം കെ.എല്‍ 10 പത്തും ചെയ്തു. ആക്ഷന്‍ കിട്ടിയപ്പോള്‍ ആക്ഷനും ചെയ്തു. അതുപോലെ ന്യൂജന്‍ സിനിമ, മാസ് സിനിമ എന്ന വ്യത്യാസവുമില്ല. ഏത് സിനിമയാണ് ആരാധകരെ തൃപ്തിപ്പെടുത്തുന്നത് അതാണ് എന്റെ കാഴ്ചപ്പാടില്‍ നല്ല സിനിമ. ഇതില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ റൊമാന്റിക്കാവും തിരഞ്ഞെടുക്കുകയെന്നും താരം പറയുന്നു.

മലയാള സിനിമ താങ്കളെ വേണ്ടവിധം ഉപയോഗിച്ചിട്ടില്ലെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെയൊരു തോന്നല്‍ ഉണ്ടായിട്ടില്ലെന്നും പ്രേക്ഷകര്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ അത് തനിക്ക് ലഭിച്ച കോംപ്ലിമെന്റാണെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Unni Mukundan about his life partner

Latest Stories

We use cookies to give you the best possible experience. Learn more