| Sunday, 20th November 2022, 4:22 pm

മേപ്പടിയാനെ വളരെ മോശമായി വിമര്‍ശിച്ചവരെ നേരിട്ട് വിളിച്ച് സംസാരിച്ചു, ഞാന്‍ അവരോട് ഈ ഒരു കാര്യം മാത്രമേ പറഞ്ഞിട്ടുള്ളു: ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സമീപകാലത്ത് ചില സിനിമാപ്രവര്‍ത്തകര്‍ റിവ്യൂസിനെക്കുറിച്ചും സിനിമയെ വിമര്‍ശിക്കുന്നതിനെക്കുറിച്ചും തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍.

സിനിമയിലെ തന്റെ അഭിനയത്തെക്കുറിച്ചോ സിനിമയുടെ കണ്ടന്റിനെക്കുറിച്ചോ വിമര്‍ശിക്കാമെന്നും അതല്ലാതെ തന്റെ മനസില്‍ ഉള്ളത് ഊഹിച്ച് പറയാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മേപ്പടിയാന്‍ സിനിമ കണ്ട് അത്തരത്തില്‍ ഊഹിച്ച് പറഞ്ഞവരെ നേരിട്ട് വിളിച്ച് സംസാരിച്ചതിനേക്കുറിച്ചും ഉണ്ണി പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ ഫിലിം സ്‌കൂളില്‍ പോയി പഠിച്ച് വന്ന ആക്ടറല്ല. അതുകൊണ്ട് അഭിനയിക്കരുതെന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല. അതുപോലെ തന്നെ സിനിമ കണ്ട് കണ്ട് സിനിമയെ മനസിലാക്കാനുള്ള സെന്‍സ് നമുക്ക് വരുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരാളുടെ സമയവും പൈസയും ചിലവഴിച്ചാണ് സിനിമ കാണാന്‍ വരുന്നത്.

അതിനാല്‍ അവര്‍ക്ക് പറയാനുള്ള അവകാശമുണ്ട്. പക്ഷേ അതോടൊപ്പം എനിക്ക് പറയാനുള്ളത് പറയുന്ന രീതി ഒന്ന് ശ്രദ്ധിക്കണം. പറയുന്ന രീതി മെച്ചപ്പെടുത്തണം. ഒരു കുട്ടിയോട് ഇനി കുറുമ്പ് കാണിക്കരുത് എന്ന് പറയുന്ന പോലെ പറയാം. വിമര്‍ശിക്കുന്ന ആളിന്റെ വാക്കുകളായിരിക്കും നമ്മളെ വേദനിപ്പിക്കുന്നത്.

അല്ലാതെ കണ്ടന്റിനേക്കുറിച്ച് മോശം പറഞ്ഞാതാവില്ല നമ്മളെ വേദനിപ്പിക്കുക. പകരം പറയുന്ന രീതി കൊണ്ടാണ് വിഷമം ആകുക. ഇന്‍സ്റ്റഗ്രാമിലേയും ഫേസ്ബുക്കിലേയും ആയിരം പോസിറ്റീവ് കമന്റ് മിസ് ചെയ്തിട്ടാകും ഞാന്‍ ആ ഒരൊറ്റ നെഗറ്റീവ് കമന്റ് വായിക്കുന്നത്. അതുകൊണ്ട് വിമര്‍ശനങ്ങളല്ല എന്നെ വേദനിപ്പിക്കുന്നത് പറയുന്ന രീതിയാണ്.

വെറുതെ വീട്ടിലിരുന്നു തെറി വിളിക്കുകയല്ലേ പ്രത്യേകിച്ച് പണി ഒന്നുമില്ലല്ലോ എന്ന് അറിയാതെ നമ്മളോടും തിരിച്ച് മറുപടി പറഞ്ഞ് പോകും. അങ്ങനെ പറയുന്നതില്‍ തെറ്റില്ല. ഒരു ആര്‍ട്ടിസ്റ്റിനെ വേദനിപ്പിച്ച് കൊണ്ട് പറയാന്‍ പാടില്ല. സിനിമ നന്നായാല്‍ മാത്രമേ ലോകം നന്നാവൂ എന്നൊന്നുമില്ലല്ലോ.

സിനിമയെ വിമര്‍ശിക്കുന്നതില്‍ ഒരു പ്രശ്‌നവും ഇല്ല. ഉപയോഗിക്കുന്ന വാക്കുകള്‍ ഒന്ന് സൂക്ഷിച്ചാല്‍ മതി. എന്നെ സംബന്ധിച്ച് രണ്ട് പേര് വിമര്‍ശിച്ചത് കൊണ്ടൊന്നും ഞാന്‍ ഈ പണി നിര്‍ത്താന്‍ പോകുന്നില്ല. മേപ്പടിയാന്റെ സമയത്ത് ചില അഭിമുഖങ്ങളില്‍ നിന്നും എനിക്ക് അത്തരം അനുഭവങ്ങല്‍ ഉണ്ടായിട്ടുണ്ട്.

മേപ്പടിയാനെ വളരെ മോശമായിട്ട് വിമര്‍ശിച്ചവരുണ്ട്. അതില്‍ ഇല്ലാത്ത പൊളിറ്റിക്‌സ് ഒക്കെ പറഞ്ഞ് ഉണ്ണി ഉദ്ദേശിക്കുന്നത് ഇതാണെന്ന് അവര്‍ പറഞ്ഞു. അവരെ ഞാന്‍ നേരിട്ട് വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട്. അപ്പോഴും ഞാന്‍ അവരോട് ഒരു കാര്യമേ പറഞ്ഞിട്ടുള്ളു. സിനിമയില്‍ ഇല്ലാത്തത് നിങ്ങള്‍ ഊഹിച്ച് പറയാന്‍ പാടില്ലെന്ന് മാത്രമാണ് അവരോട് പറഞ്ഞത്.

സിനിമയെക്കുറിച്ചോ എന്റെ അഭിനയത്തെക്കുറിച്ചോ സംസാരിക്കാം അതിനെയാണല്ലോ റിവ്യൂ എന്ന് പറയുന്നത്. അതല്ലാതെ എന്റെ മനസില്‍ ഉള്ളത് ഊഹിക്കാന്‍ പാടില്ല. മോശം പറയാന്‍ പാടില്ലെന്ന് പറയുമ്പോഴും നല്ലത് കേള്‍ക്കാന്‍ ഞാന്‍ കൊതിക്കുന്നുണ്ട്,” ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

content highlight: unni mukundan about film criticism

We use cookies to give you the best possible experience. Learn more