| Sunday, 20th November 2022, 6:45 pm

ഞാന്‍ അമ്പലത്തില്‍ കയറി കുറി തൊട്ടതാണ് പ്രശ്നമെങ്കില്‍, ഇനിയും പത്ത് സിനിമയില്‍ അത് തന്നെ ചെയ്യും: ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മിച്ച സിനിമയാണ് ജനുവരിയില്‍ റിലീസ് ചെയ്ത മേപ്പടിയാന്‍. വിഷ്ണു മോഹനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ സംസാരിക്കുന്നത്.

‘എനിക്ക് ഇഷ്ടപ്പെടാത്ത എത്രയോ സോ കോള്‍ഡ് ഹിന്ദു കഥാപാത്രങ്ങള്‍ ഞാന്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്, എത്രയോ ക്രിസ്ത്യന്‍ കഥാപാത്രങ്ങള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അതുപോലെ ഞാന്‍ ചെയ്ത എത്രയോ
ക്രിസ്ത്യന്‍ കഥാപാത്രങ്ങളുമുണ്ട്.

പക്ഷേ എന്നെ അത്തരമൊരു സ്പോട്ടില്‍ വെക്കരുത്, അത് ഒട്ടും ഫെയര്‍ അല്ല. കാരണം എന്നെ പോലെ തന്നെയാണല്ലോ മലയാളത്തില്‍ എല്ലാ നടന്മാരും, അവരും ഒരുപാട് കഥാപാത്രങ്ങളെ ചെയ്യുന്നുണ്ടല്ലോ. അവരുടെ അടുത്തൊന്നും ചോദിക്കാത്ത ചോദ്യം എന്തിനാണ് എന്നോട് മാത്രം ചോദിക്കുന്നത്.

ഞാനിപ്പോഴും അങ്ങോട്ട് ചോദിക്കുവാണ് മേപ്പടിയാന്‍ എന്ന സിനിമയില്‍ എന്താണ് ഇത്ര പ്രശ്നം. സേവാ ഭാരതി ആംബുലന്‍സില്‍ പോയതാണോ, എങ്കില്‍ ആ സിനിമയില്‍ ആ വണ്ടിയുടെ റെലവന്‍സ് നോക്കു. അതുവെച്ച് ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റും പറയുന്നില്ല. ഞാനും ഇതുവരെ ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റും
പറഞ്ഞിട്ടില്ല.

ഞാന്‍ വളര്‍ന്നു വന്ന ചില സാഹചര്യങ്ങളുണ്ട്. അങ്ങനെയുള്ളപ്പോള്‍ പെട്ടന്നൊരു ദിവസം എന്റെയടുത്ത് വന്ന് ഞാന്‍ അത് ചെയ്യരുതെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഹനുമാന്‍ സ്വാമിയുടെ ചിത്രം പോസ്റ്റ് ചെയ്യുമ്പോള്‍ ഞാന്‍ ഭയങ്കര ഇതാണെന്ന് പറയരുത്.

ഞാന്‍ ഒരാളുടെയും അടുത്ത് പോയിട്ട് നിങ്ങള്‍ അമ്പലത്തില്‍ പോകരുത്, പള്ളിയില്‍ പോകുന്നത് എന്തിനാ എന്നൊന്നും ചോദിക്കാറും പറയാറുമില്ല. അതൊക്കെ വളരെ വ്യക്തിപരമായ കാര്യങ്ങളാണ്.

ഞാന്‍ സാധാരണമായ ഒരു കുടുംബത്തില്‍ നിന്നു വന്നയാളാണ്. മേപ്പടിയാന് മുമ്പേ ഞാന്‍ എത്രയോ സിനിമകള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ അമ്പലത്തില്‍ കയറി കുറി തൊട്ടതാണ് പ്രശ്നമെങ്കില്‍ ഇനിയും പത്ത് സിനിമയില്‍ അമ്പലത്തില്‍ കയറും കുറിയും തൊടും. അതില്‍ എത്ര ചര്‍ച്ച വന്നാലും വിഷയമില്ല. അതുപോലെ ഷെഫീക്കിന്റെ സന്തോഷത്തില്‍ നിസ്‌കരിക്കുന്നുമുണ്ട്,’ താരം പറഞ്ഞു.

അനൂപ് സംവിധാനം ചെയ്ത് ഈ മാസം 25ന് തിയേറ്ററിലെത്തുന്ന ഷെഫീക്കിന്റെ സന്തോഷമാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം. ആത്മീയ രാജന്‍, ദിവ്യ പിള്ളൈ, ബാല എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Content Highlight: Unni Mukundan about criticism against his movies

We use cookies to give you the best possible experience. Learn more