'മോഹൻലാൽ വളരെ തന്മയത്വത്തോടെ തൃശൂർ ഭാഷ അവതരിപ്പിച്ചിട്ടുണ്ട്'; യഥാർത്ഥ ജീവിതത്തിലെ ജയകൃഷ്ണൻ
Entertainment
'മോഹൻലാൽ വളരെ തന്മയത്വത്തോടെ തൃശൂർ ഭാഷ അവതരിപ്പിച്ചിട്ടുണ്ട്'; യഥാർത്ഥ ജീവിതത്തിലെ ജയകൃഷ്ണൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th December 2023, 1:46 pm

മലയാളത്തിലെ പ്രണയ ചിത്രങ്ങളിൽ പ്രേക്ഷകർ എന്നും മുന്നിൽ സ്ഥാനം നൽകുന്ന സിനിമയാണ് പത്മരാജൻ ഒരുക്കിയ തൂവാനത്തുമ്പികൾ. കാലങ്ങൾക്കിപ്പുറം ഇപ്പോഴും വലിയ ചർച്ചകൾക്ക് വഴിയൊഴുക്കുന്നുണ്ട് ചിത്രം. സിനിമയുടെ സർവ്വ മേഖലയിലും മികവ് പുലർത്തിയ ചിത്രത്തെ കുറിച്ച് ഈയിടെ സംവിധായകൻ രഞ്ജിത്ത് അഭിപ്രായപ്പെട്ടിരുന്നു.


തൂവാനത്തുമ്പികളിൽ മോഹൻലാൽ ഉപയോഗിച്ചിരിക്കുന്ന തൃശൂർ ഭാഷ ശരിയല്ലെന്നും അന്ന് പത്മരാജനും മോഹൻലാലും അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ലായെന്നുമാണ് ഒരു അഭിമുഖത്തിൽ രഞ്ജിത്ത് പറഞ്ഞത്.

ഇതിനെ തുടർന്ന് വലിയ വിമർശനങ്ങൾ രഞ്ജിത്തിനെതിരെ ഉയർന്ന് വന്നിരുന്നു. സംവിധായകൻ പത്മരാജന്റെ മകൻ പത്മനാഭൻ തന്നെ വിഷയത്തെ കുറിച്ച് ഒരു ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇട്ടിരുന്നു.

തെറ്റുകൾ തിരുത്തി തരാൻ അന്ന് ആരുമില്ലായിരുന്നുവെന്ന് കഴിഞ്ഞദിവസം മോഹൻലാലും രഞ്ജിത്തിനുള്ള മറുപടി പോലെ ഒരു അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഇപ്പോഴിതാ സിനിമയെക്കുറിച്ചും ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ചും സംസാരിക്കുകയാണ് യഥാർത്ഥ ജീവിതത്തിലെ ജയകൃഷ്ണൻ. പത്മരാജന്റെ സുഹൃത്തായിരുന്ന ഉണ്ണി മേനോന്റെ കഥയായിരുന്നു പിന്നീട് വികസിപ്പിച്ച് തൂവാനത്തുമ്പികൾ ആയത്.

ചിത്രം കണ്ടപ്പോൾ സിനിമയിൽ തന്നെ തന്നെയാണ് കണ്ടതെന്നും തൃശൂരിനെ നന്നായി അറിയാത്ത മോഹൻലാൽ വളരെ തന്മയത്വത്തോടെ തന്നെ തൃശൂർ ഭാഷ അവതരിപ്പിച്ചിട്ടുണ്ടെന്നും അതെല്ലാം പത്മരാജൻ പറഞ്ഞു മനസിലാക്കിയതാണെന്നും ഉണ്ണി മേനോൻ പറയുന്നു.

അവരുടെ ആത്മാർത്ഥത സിനിമ കാണുമ്പോൾ മനസിലാവുമെന്നും സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി മേനോൻ പറഞ്ഞു.

തൂവാനത്തുമ്പികൾ കണ്ടപ്പോൾ അതിൽ ഉള്ളത് ഞാൻ തന്നെയാണെന്നാണ് എനിക്ക് മിക്കവാറും തോന്നിയത്. എന്നെ തന്നെയാണ് കാണിച്ചിട്ടുള്ളത്. മോഹൻലാൽ അത് വളരെ തന്മയത്വത്തോടെ തൃശൂർ ഭാഷയിൽ ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മോഹൻലാലിന് ഇവിടെയൊന്നും അറിയുന്ന ആളല്ല.

പത്മരാജൻ ഓരോ കാര്യങ്ങളും പറഞ്ഞ് മനസിലാക്കി കൊടുത്ത് വളരെ ആത്മാർത്ഥയോടെയാണ് ആ സിനിമ ചെയ്തിട്ടുള്ളത്.

അതിന്റെ ഒരു ഗുണം ആ സിനിമ കാണുമ്പോൾ മനസിലാവും,’ഉണ്ണി മേനോൻ പറയുന്നു.

Content Highlight: Unni Menon Talk About Performance Of Mohanlal In Thoovanathumbikal Movie