Entertainment
ആസിഫിക്ക എന്റെ കാര്യം ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞില്ല; അദ്ദേഹം പറഞ്ഞത് പോലെ തന്നെ സംഭവിച്ചു: ഉണ്ണി ലാലു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 18, 08:54 am
Saturday, 18th January 2025, 2:24 pm

ആസിഫ് അലി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് രേഖാചിത്രം. മിസ്റ്ററി ക്രൈം ത്രില്ലര്‍ ഴോണറില്‍ എത്തിയ ഈ സിനിമ ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയിലായിരുന്നു ഒരുങ്ങിയത്.

ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രം കൂടിയാണ്. സിനിമയില്‍ ആസിഫിന് പുറമെ അനശ്വര രാജന്‍, മനോജ് കെ. ജയന്‍, സിദ്ദിഖ്, സലീമ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, സറീന്‍ ഷിഹാബ്, ജഗദീഷ്, ഉണ്ണി ലാലു തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

മനോജ് കെ. ജയന്‍ വിന്‍സെന്റ് എന്ന വക്കച്ചനായിട്ടായിരുന്നു ഈ സിനിമയില്‍ എത്തിയത്. അദ്ദേഹത്തിന്റെ കുട്ടികാലം ചെയ്തത് നടന്‍ ഉണ്ണി ലാലു ആയിരുന്നു. ഈ സിനിമ ഇറങ്ങിയാല്‍ ഉണ്ണിയെ പരിചയപ്പെടുത്താന്‍ ഷോര്‍ട്ട് ഫിലിമിന്റെ പേര് പറയേണ്ടി വരില്ലെന്നും ഇനി രേഖാചിത്രത്തിന്റെ പേരിലാകും അറിയപ്പെടുകയെന്നും ആസിഫ് പറഞ്ഞിരുന്നു. രേഖാചിത്രത്തിന്റെ പ്രൊമോഷന്റെ സമയത്തായിരുന്നു ഇത്.

അന്ന് ആസിഫ് അലി അങ്ങനെ പറയുന്നത് കേട്ടപ്പോള്‍ തനിക്ക് ഒരുപാട് സന്തോഷം തോന്നിയെന്ന് പറയുകയാണ് ഉണ്ണി ലാലു. തന്നെ സംബന്ധിച്ചിടത്തോളം അത് വളരെ വലിയ വാക്കുകളായിരുന്നെന്നും അതിന് ശേഷം പുറത്തിറങ്ങുമ്പോള്‍ എല്ലാവരും സിനിമയെ പറ്റിയാണ് പറയുന്നതെന്നും നടന്‍ പറഞ്ഞു. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി.

‘അന്ന് ആസിഫിക്ക അങ്ങനെ പറയുന്നത് കേട്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഒന്നാമത് ഞാന്‍ പണ്ട് മുതല്‍ക്കേ ഇക്കയുടെ വലിയ ഒരു ഫാനാണ്. എനിക്ക് അദ്ദേഹത്തെ അത്രയും ഇഷ്ടമാണ്. എന്നെ കുറിച്ച് ഇക്ക ഇങ്ങനെ പറയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.

ഞങ്ങള്‍ തമ്മില്‍ അതുവരെ വലിയ സംസാരമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ അറിയാം പരിചയമുണ്ട് അഭിനയിക്കാന്‍ പോകുന്നുണ്ട്, എന്നേ ഉണ്ടായിരുന്നുള്ളൂ. രേഖാചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി കോളേജുകളിലൊക്കെ പോകുമ്പോള്‍ എന്നെ പലരും ഇന്‍ട്രഡ്യൂസ് ചെയ്തത് ഷോര്‍ട്ട് ഫിലിമുകളുടെ പേരിലായിരുന്നു.

ആസിഫിക്ക അത് ശ്രദ്ധിച്ചിരുന്നു. അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. അന്ന് ആ പ്രൊമോഷന്‍ പരിപാടിയില്‍ ആങ്കര്‍ എന്നെ കുറിച്ച് പറഞ്ഞതും ആസിഫിക്ക മൈക്ക് വാങ്ങിക്കുകയും എന്നെ കുറിച്ച് പറയുകയും ചെയ്തു. അത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ വാക്കുകളായിരുന്നു.

അതിന് ശേഷം ഞാന്‍ പുറത്തിറങ്ങുമ്പോള്‍ എല്ലാവരും സിനിമയെ പറ്റിയാണ് പറയുന്നത്. ഷോര്‍ട്ട് ഫിലിമിന്റെ കാര്യം ഒരാള്‍ പോലും ചോദിച്ചില്ല. ഞാന്‍ ചുമ്മാ ആളുകള്‍ എന്താണ് പറയുന്നതെന്ന് നോക്കിയിരുന്നു. എല്ലാവരും ‘സിനിമ കൊള്ളാം, വക്കച്ചന്‍ കൊള്ളാം’ എന്നാണ് പറഞ്ഞത്. ആസിഫിക്ക പറഞ്ഞത് പോലെ മാറി,’ ഉണ്ണി ലാലു പറഞ്ഞു.

Content Highlight: Unni Lalu Talks About Asif Ali And Rekhachithram Movie