Advertisement
Film News
ആ വീട്ടില്‍ തന്നെയുള്ള സെപ്റ്റിക് ടാങ്കായിരുന്നു, അത് ഞങ്ങള്‍ മാറ്റിയെടുത്തു; 'പ്ര.തൂ.മു'യിലെ അനുഭവങ്ങള്‍ പങ്കുവെച്ചു ഉണ്ണി ലാലു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 14, 02:05 pm
Monday, 14th February 2022, 7:35 pm

അഞ്ച് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ ആന്തോളജി ചിത്രമായ ‘ഫ്രീഡം ഫൈറ്റി’ന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കി തയാറാക്കിയ അഞ്ച് സിനിമകളാണ് ഫ്രീഡം ഫൈറ്റിലുള്ളത്. ഇതില്‍ ഏറ്റവും അവസാനത്തെ ചിത്രമാണ് നവാഗതനായ ജിതിന്‍ ഐസക് സംവിധാനം ചെയ്ത ‘പ്ര.തൂ.മു’ (പ്രജാപതിക്ക് തൂറാന്‍മുട്ടി)

ചിത്രത്തിലെ പ്രധാനകഥാപാത്രമായ ലക്ഷമണനെ അവതരിപ്പിച്ചത് ഉണ്ണി ലാലു എന്ന താരമായിരുന്നു. വെബ്ബ് സീരിസിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരം വളരെയധികം സങ്കീര്‍ണതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

സെപ്റ്റിക് ടാങ്ക് ക്ലീന്‍ ചെയ്യുന്ന തൊഴിലാളിയായിട്ടാണ് ഉണ്ണി ചിത്രത്തിലെത്തുന്നത്. സിനിമയില്‍ കാണിച്ചിരിക്കുന്നത് യഥാര്‍ത്ഥ സെപ്റ്റിക് ടാങ്ക് ആയിരുന്നുവെന്നും അത് വൃത്തിയാക്കിയെടുക്കുകയായിരുന്നുവെന്നും ഉണ്ണി പറയുന്നു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ആ വീട്ടില്‍ തന്നെയുള്ള സെപ്റ്റിക് ടാങ്കായിരുന്നു അത്. അത് മൊത്തം വൃത്തിയാക്കി, സാനിറ്റൈസ് ചെയ്തു. ഉള്‍ഭാഗം മൊത്തം അടച്ചു. കെമിക്കലൊക്കെ ചേര്‍ത്ത് ശരിക്കുള്ള സെപ്റ്റിക് ടാങ്ക് പോലെ തോന്നിക്കുന്ന വിധത്തില്‍ മാറ്റിയെടുത്തത് കലാസംവിധായകന്‍ മാനവ് ആയിരുന്നു.

സെറ്റില്‍ വന്നപ്പോള്‍ ഒറിജിനല്‍ സെപ്റ്റിക് ടാങ്ക് പോലെ തോന്നി. പിന്നെ വീട് നല്ല വൃത്തിയുള്ളതായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഞാന്‍ മൊത്തം കറുത്തുപോയിരുന്നു. നാലുദിവസം ഡീസലിലാണ് കുളിച്ചത്,’ ഉണ്ണി പറഞ്ഞു.

‘സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണെന്ന് ആദ്യം പറഞ്ഞിരുന്നില്ല. ഷൂട്ടിങ്ങിന് ചെന്നപ്പോഴാണ് ബാക്കിയുള്ള നാല് പടങ്ങളും കളറിലായിരിക്കും, നമ്മുടേത് മാത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണെന്ന് ജിതിന്‍ പറഞ്ഞത്. ക്യാമറാമാന്‍ ഹിമലും ഇക്കാര്യം പറഞ്ഞിരുന്നു. നാലുദിവസംകൊണ്ട് പടം തീര്‍ത്തു. കാരണം ഒരുപാട് ലൊക്കേഷനുകളൊന്നുമില്ലായിരുന്നല്ലോ,’ ഉണ്ണി കൂട്ടിച്ചേര്‍ത്തു.

ജിതിന്‍ ഐസക് തോമസിന് പുറമേ ജിയോ ബേബി, കുഞ്ഞില മാസിലാമണി, അഖില്‍ അനില്‍കുമാര്‍, ഫ്രാന്‍സിസ് ലൂയിസ് എന്നിവരാണ് ആന്തോളജി ചിത്രത്തിലെ മറ്റ് സംവിധായകര്‍. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മ്മാതാക്കളായിരുന്ന മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവരാണ് ഈ ചിത്രവും നിര്‍മിച്ചത്.


Content Highlight: unni lalu explains how they changed the orginal septic tank