തിരുവനന്തപുരം: സി.എ.എയെ നേരിടാൻ സംസ്ഥാനങ്ങൾക്ക് കഴിയുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണൻ.
ഫെഡറൽ സംവിധാനത്തിനെതിരായ ഏത് നിയമം വന്നാലും അത് രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങൾ കൂടി അംഗീകരിക്കേണ്ടതുണ്ടെന്നും അതിനാൽ കേരളത്തിന് സി.എ.എയെ നേരിടാൻ സാധിക്കുമെന്നും റിപ്പോർട്ടർ ചാനലിന്റെ മീറ്റ് ദി എഡിറ്റേഴ്സ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി കേരളത്തിൽ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ സംഘപരിവാർ ഉൾപ്പെടെ പ്രചരണം നടത്തുന്ന പശ്ചാത്തലത്തിലാണ് ഉണ്ണി ബാലകൃഷ്ണൻ സി.എ.എയെ നേരിടുന്നതിലുള്ള നിയമസാധുത വിശദീകരിക്കുന്നത്.
കേരളത്തിന് സി.എ.എ നേരിടാൻ കഴിയുമോ എന്നാണ് ചോദ്യം. നേരിടാൻ കഴിയുമെന്നാണ് എന്റെ അഭിപ്രായം. പൗരത്വം എന്ന് പറയുന്നത് കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതുകൊണ്ട് കേന്ദ്രം പറയുന്നത് സംസ്ഥാനങ്ങൾ മുഴുവൻ അംഗീകരിച്ചുകൊള്ളണമെന്നുമാണ് ബി.ജെ.പി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
അതിന്റെ ഭാഗമായിട്ടാണ് കെ. സുരേന്ദ്രൻ പിണറായിക്ക് സ്ത്രീധനം കിട്ടിയതൊന്നുമല്ലല്ലോ കേരളം എന്നൊക്കെ പറയുന്നത്.
സുരേന്ദ്രന് മനസ്സിലാകാത്ത ഒരു കാര്യം, ഇന്ത്യ എന്ന് പറയുന്ന രാജ്യം 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന ഒരു ഫെഡറൽ സംവിധാനമാണ്.
അതിലെ ഓരോ സംസ്ഥാനത്തിനും അതിന്റെതായ ഐഡന്റിറ്റിയും സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ നമ്മൾ ഒരു രാജ്യമായി നിൽക്കുകയും പൊതുഭരണഘടനയെ അംഗീകരിക്കുകയും ചെയ്യുന്നു.
ഇവിടുത്തെ പ്രശ്നം, ഈ ഫെഡറൽ സംവിധാനത്തിനെതിരായി ഏത് നിയമം വന്നാലും സംസ്ഥാന സർക്കാരുകൾ അതിനെ ഔദ്യോഗികമായി അംഗീകരിക്കണം. അങ്ങനെ ഒരു വകുപ്പ് കൂടിയുണ്ട് നമ്മുടെ ഭരണഘടനയിൽ. പകുതിയിലേറെ സംസ്ഥാനങ്ങൾ അംഗീകരിക്കണം.
ഇവിടെ ഫെഡറൽ സംവിധാനത്തിന്റെ ലംഘനം നടക്കുന്നുണ്ട്. അതെങ്ങനെയെന്ന് പറയാം.
ഇപ്പോൾ പുതുതായി ഒരു കമ്മിറ്റി ഉണ്ടാക്കിയിരിക്കുന്നത് പൂർണമായും യൂണിയൻ ഗവണ്മെന്റാണ്. ഒരു കേന്ദ്രീകൃത കമ്മിറ്റിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. നേരത്തെ എങ്ങനെയാണ് കാര്യങ്ങൾ തീരുമാനിച്ചിരുന്നത്? ജില്ലാ കളക്ടർമാരായിരുന്നു അധികാരികൾ. അവരുടെ അടുത്ത് പോയാണ് അപേക്ഷ നൽകേണ്ടത്. അവരാണ് അത് മുന്നോട്ട് കൊണ്ടുപോയിരുന്നത്.
ആ അർത്ഥത്തിൽ അത് സംസ്ഥാനത്തിന്റെ കീഴിൽ പരിശോധിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു കാര്യമാണ്. ഇന്ദിര ജയ് സിങ്ങിനെ പോലുള്ള പ്രശസ്തരായിട്ടുള്ള അഭിഭാഷകർ അടുത്ത ദിവസങ്ങളിൽ സുപ്രീം കോടതിയിൽ വളരെ പ്രധാനപ്പെട്ട കാര്യം ഉന്നയിച്ചേക്കും. ഇത് നമ്മുടെ ഫെഡറൽ സംവിധാനത്തെ ബാധിക്കുന്ന കാര്യമായതുകൊണ്ട് സംസ്ഥാന നിയമസഭകൾ കൂടി അംഗീകരിക്കേണ്ടതുണ്ട് എന്ന വാദം വരും. അതൊരു ചെറിയ കാര്യമല്ല.
മറ്റൊന്ന്, ആർട്ടിക്കിൾ 14ന്റെ ലംഘനം എന്ന് പറയുന്നത് വളരെ ഗൗരവമുള്ള കാര്യമാണ്.
Content Highlight: Unni Balakrishnan says Kerala can stop CAA from implementing