സിനിമ കാണുമ്പോള്‍ ഒപ്പമിരിക്കുന്നവരുടെ റിയാക്ഷന്‍ തന്നെ സ്വാധീനിക്കാറുണ്ടെന്ന് യൂട്യൂബറും സിനിമാ നിരൂപകനുമായ ഉണ്ണി. പങ്കാളിയായ വിയയോടൊപ്പം ഒരു ചിത്രത്തിന് പോയപ്പോള്‍ അവരുടെ ചിരി കാരണം തന്റെ റിവ്യു പോസിറ്റീവായി പോയെന്നും അത്ര പോസിറ്റീവ് പറയേണ്ട പടമായിരുന്നില്ലെന്നും ഉണ്ണി പറഞ്ഞു. ഡൂള്‍ന്യൂസിനായി കാര്‍ത്തിക നടത്തിയ അഭിമുഖത്തിലായിരുന്നു ഉണ്ണിയും വിയയും തങ്ങളുടെ സിനിമാ ആസ്വാദനത്തെ പറ്റി സംസാരിച്ചത്.
താന്‍ പെട്ടെന്ന് ചിരിക്കുന്ന ആളാണെന്നാണ് വിയ പറഞ്ഞത്. ഏത് സിനിമയാണെന്ന് പറയുന്നില്ല, അത് ഞങ്ങള്‍ ഒരുമിച്ചാണ് കാണാന്‍ പോയത്. കുഞ്ഞു കുഞ്ഞു കോമഡിക്കും ചളിക്കുമൊക്കെ ചിരിക്കുന്ന ആളാണ് ഞാന്‍. സിനിമ കണ്ട് ഞാന്‍ ചിരിയോട് ചിരി. എന്റെ ചിരി ഉണ്ണിയുടെ ആസ്വാദനത്തെ സ്വാധീനിക്കും, വിയ പറഞ്ഞു.
ഒടുവില്‍ ഇങ്ങനത്തെ പടത്തിന് ഞാന്‍ കൂടെ വരില്ല എന്ന് വിയയോട് പറഞ്ഞുവെന്നായിരുന്നു ഉണ്ണിയുടെ മറുപടി. ‘അത് പോസിറ്റീവ് റിവ്യു ആയിപ്പോയി. വിയ തല്ലി തകര്‍ത്ത് മറിഞ്ഞ് ചിരിക്കുകയാണ്. ഞാന്‍ നോക്കുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തുമുള്ള ആളുകള്‍ ചിരിക്കുന്നുണ്ട്. എനിക്ക് ചിരിയൊന്നും വരുന്നില്ല. ഇതെന്താ ഈ കാണിക്കുന്നതെന്ന് ആലോചിച്ചിരിക്കുകയാണ്.
സിനിമ രസമുണ്ട്. ചിരി വരില്ല. എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു എന്നൊക്കെ ഞാന്‍ റിവ്യുവില്‍ പറഞ്ഞു. അത് പോസിറ്റീവ് റിവ്യു ആയിപ്പോയി. സത്യത്തില്‍ അത്രയും പോസിറ്റീവ് പറയേണ്ട പടമൊന്നുമായിരുന്നില്ല. മാത്രവുമല്ല എനിക്ക് അതില്‍ കുറെ പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു. നമ്മുടെ കൂടെ വന്നിരിക്കുന്ന ആളുടെ റിയാക്ഷന്‍ നമ്മളെ അഫക്ട് ചെയ്യും.
അതുപോലെ ഞാന്‍ സിനിമ കാണുന്നത് വിയയെ ഇന്‍ഫ്‌ളുവന്‍സ് ചെയ്യുന്നുണ്ട്. എനിക്ക് ഭയങ്കര സംഭവമായിട്ട് തോന്നുന്ന സിനിമയൊക്കെ ഞാന്‍ വിളിച്ചിരുത്തി കാണിക്കും. വന്ന് ഒരു സൈഡില്‍ കുറച്ച് നേരം ഇരുന്നിട്ട് പകുതിയാകുമ്പോള്‍ മടുപ്പടിച്ച് എഴുന്നേറ്റ് പോകുന്നതൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്,’ ഉണ്ണി പറഞ്ഞു.
Content Highlight: unni and viya talks about movie reviews