പൂനെ: ഉന്നത പദവികള്‍ വഹിക്കുന്ന ചിലര്‍ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും അത് ജനങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും എന്‍.സി.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍.
മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിഗ് കോഷിയാരിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്ത വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിലായിരുന്നു അജിത് പവാര്‍ ഇക്കാര്യം പറഞ്ഞത്.
‘ഒരു കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈയിടെയായി, പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്ന ചിലര്‍ മഹാരാഷ്ട്രയ്ക്കും അവിടുത്തെ പൗരന്മാര്‍ക്കും സ്വീകാര്യമല്ലാത്ത അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്.
ഛത്രപതി ശിവാജി മഹാരാജും അദ്ദേഹത്തിന്റെ അമ്മ രാജ്മാതാ ജിജാവും ചേര്‍ന്നാണ് സ്വരാജ്യത്തിന് രൂപം നല്‍കിയത്. മഹാത്മ ജ്യോതിബാ ഫുലെയും ക്രാന്തിജ്യോതി ഫുലെയും ചേര്‍ന്നാണ് ഇവിടെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം എന്ന ആശയം കൊണ്ടുവരുന്നത്. ഞങ്ങള്‍ക്ക് ഇവരുടെയൊക്കെ പാരമ്പര്യം കാത്തുസൂക്ഷിച്ചാല്‍ മതി. ആരോടെങ്കിലും പകപോക്കുകയോ അല്ലെങ്കില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കൊണ്ടുവരികയോ വേണ്ട,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച ഔറംഗബാദില്‍ നടന്ന ഒരു പരിപാടിയില്‍ ഛത്രപതി ശിവാജി മഹാരാജിന്റെയും ചന്ദ്രഗുപ്ത മൗര്യയുടെയും ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് സമൂഹത്തില്‍ അധ്യാപകന്റെ പങ്കിനെ കുറിച്ച് കോഷിയാരി സംസാരിച്ചിരുന്നു.
‘നിരവധി ചക്രവര്‍ത്തിമാരും മഹാരാജാക്കന്മാരും ഈ മണ്ണിലാണ് ജനിച്ചത്. പക്ഷേ, ചാണക്യന്‍ ഇല്ലായിരുന്നുവെങ്കില്‍ ചന്ദ്രഗുപ്തനെക്കുറിച്ച് ആരാണ് ചോദിക്കുക? സമര്‍ഥ് ഇല്ലായിരുന്നുവെങ്കില്‍ ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ച് ആരാണ് ചോദിക്കുക.
ചന്ദ്രഗുപ്തന്റെയും ശിവാജി മഹാരാജിന്റെയും കഴിവിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. ഒരു അമ്മ തന്റെ കുഞ്ഞിനെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതുപോലെ, ഗുരുവിന്റെ റോളിന് നമ്മുടെ സമൂഹത്തില്‍ വലിയ സ്ഥാനമുണ്ട്,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ഇതിനെതിരെ മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹാ വികാസ് അഘാഡിയിലെ നേതാക്കളും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ക്കെതിരെ നേരത്തേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Content Highlights: Unnecessary comments made by some people holding high posts, says Ajit Pawar in presence of PM Modi