പല ഇന്‍ഡസ്ട്രികളില്‍ നിന്നുമുള്ള താരങ്ങള്‍ അണിനിരന്ന ചിത്രമാണ് വിജയ്- ലോകേഷ് കനകരാജ് കോമ്പോയില്‍ റിലീസായ ലിയോ. വിജയ്, തൃഷ, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍ എന്നിങ്ങനെ തമിഴില്‍ നിന്നുമുള്ള പ്രധാനതാരങ്ങള്‍ക്ക് പുറമേ, മലയാളത്തില്‍ നിന്നും മാത്യു തോമസ്, മഡോണ, ബാബു ആന്റണി ഹിന്ദിയില്‍ നിന്നും വില്ലനായി സഞ്ജയ് ദത്ത് എന്നിങ്ങനെ പാന്‍ ഇന്ത്യന്‍ ലെവലിലായിരുന്നു ലിയോ കാസ്റ്റിങ്.
SPOILER ALERT
ഇങ്ങനെ നിരവധി താരങ്ങള്‍ എത്തിയ ചിത്രത്തില്‍ പല കഥാപാത്രങ്ങളും അനാവശ്യമായിരുന്നു. താരമൂല്യമുണ്ടായിട്ടും ചിത്രത്തില്‍ ഒരു പ്രാധാന്യവുമില്ലാതെ പോയ താരനിര പ്രിയ ആനന്ദില്‍ തുടങ്ങുന്നു. ഫസ്റ്റ് ഹാഫിലെ ചില രംഗങ്ങളില്‍ എത്തിയ പ്രിയ ആനന്ദിന് ചിത്രത്തില്‍ ഒന്നും ചെയ്യാനില്ലായിരുന്നു.
മലയാളികള്‍ ഏറെ പ്രതീക്ഷ വെച്ച കഥാപാത്രമായിരുന്നു ബാബു ആന്റണിയുടേത്. വില്ലന്റെ വലംകയ്യായ ഗുണ്ടയെ അവതരിപ്പിച്ച ബാബു ആന്റണിക്ക് ചിത്രത്തില്‍ ഓര്‍ത്തിരിക്കത്തക്ക ഡയലോഗ് പോലുമില്ലായിരുന്നു.
ഈ അനാവശ്യ കഥാപാത്രങ്ങളുടെ ലിസ്റ്റില്‍ ഏറ്റവും കോമഡിയായത് അനുരാഗ് കശ്യപിന്റെ കാമിയോ റോളാണ്. അനുരാഗ് ചിത്രത്തില്‍ വന്നുപോയത് പോലും പല പ്രേക്ഷകരും അറിഞ്ഞില്ല. ‘ലോകേഷിന്റെ സിനിമയില്‍ കഥാപാത്രം പോലും വേണ്ട, ഗ്ലോറിയസായ ഒരു മരണരംഗം മാത്രം മതിയെന്ന്’ അനുരാഗ് കശ്യപ് പണ്ടേതോ അഭിമുഖത്തില്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ സംവിധായകന്‍ നടത്തികൊടുത്തു. ആ ‘ഗ്ലോറിയസ് ഡെത്ത്’ ആരും അറിഞ്ഞുപോലുമില്ല. ‘വന്താ, സുട്ടാ, സത്താ’ എന്ന ഡയലോഗ് മാനാടിനെക്കാളും ചേരുന്നത് ലിയോയിലെ അനുരാഗ് കശ്യപിനായിരിക്കും.
ചിത്രത്തിലെ ഒട്ടും ആവശ്യമില്ലാത്തതും അനാവശ്യം എന്ന് പോലും തോന്നിയ കഥാപാത്രമായിരുന്നു അര്‍ജുന്‍ സര്‍ജയുടെ ഹരോള്‍ഡ് ദാസ്. അര്‍ജുന്‍ സര്‍ജയുടെ ലുക്കും സ്വാഗും കണ്ട് റോളക്‌സ് ലെവല്‍ കഥാപാത്രം പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല. ആ കഥാപാത്രം അങ്ങനെ തന്നെ എടുത്തു മാറ്റിയാലും ഈ സിനിമക്ക് ഒന്നും സംഭവിക്കില്ല. ഇനി എല്‍.സി.യുവില്‍ ഈ കഥാപാത്രത്തിന് എന്തെങ്കിലും പ്രാധാന്യമുണ്ടാവും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ചിലപ്പോള്‍ ഹരോള്‍ഡ് ദാസിന്റെ മകനാവാം റോളക്‌സ് എന്ന ചില ഫാന്‍ തിയറികളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വലിയ സിനിമയായി പ്ലാന്‍ ചെയ്തപ്പോള്‍ സിനിമയിലേക്ക് കൊണ്ടുവന്ന താരങ്ങളാവാം ഇതൊക്കെ. എന്നാല്‍ ക്യാരക്ടര്‍ പ്ലേസ്‌മെന്റില്‍ ഈ കഥാപാത്രങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണുകളായി. വിക്രത്തില്‍ ചെറിയ കഥാപാത്രങ്ങളെ പോലും മികച്ച രീതിയില്‍ പ്ലേസ് ചെയ്ത ലോകേഷിന് ലിയോയില്‍ എന്തായിരിക്കും സംഭവിച്ചിരിക്കുക എന്നാണ് ബാക്കിയാവുന്ന സംശയം.
Content Highlight: Unnecessary characters in leo