| Thursday, 29th August 2024, 11:23 am

യു.പിയിലെ ദളിത് പെണ്‍കുട്ടികളുടെ അസ്വാഭാവിക മരണം; ആത്മഹത്യയെന്ന് പൊലീസ്, തള്ളി കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫറൂഖാബാദ്: ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യയാണെന്ന് സംശയിക്കുന്നുവെന്ന് പൊലീസ്. ഫറൂഖാബാദിലെ തോട്ടത്തിനുള്ളിലെ മരത്തില്‍ തൂങ്ങിയ അവസ്ഥയിലായിരുന്നു പെണ്‍കുട്ടികളുടെ മൃതദേഹം ഉണ്ടായിരുന്നത്.

പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. രണ്ട് കുട്ടികളുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളിലും അസ്വാഭാവികമായി ഒന്നും തന്നെയില്ലെന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ പൊലീസ് പറയുന്നത് പോലെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതല്ലെന്നും പൊലീസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു.

15ഉം 18ഉം പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പെണ്‍കുട്ടികള്‍ ആഗസ്റ്റ് 26ന് രാത്രി പത്ത് മണിയോടെ ശ്രീകൃഷ്ണ ജന്മാഷ്ടമിയുമായി ബന്ധപ്പെട്ട് സമീപത്തെ ക്ഷേത്രത്തിലേക്ക് പോയെങ്കിലും തിരിച്ചെത്താതിരിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സമീപത്തുള്ള തോട്ടത്തിലെ മരത്തില്‍ രണ്ട് പെണ്‍കുട്ടികളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസിന്റെ അഭിപ്രായങ്ങളെ സാധൂകരിക്കുന്ന തരത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഫലങ്ങള്‍. പെണ്‍കുട്ടികളുടെ മരണം ആത്മഹത്യ തന്നെയാണെന്നും മൃതദേഹങ്ങളില്‍ ബാഹ്യമായ മുറിവുകളോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചീഫ് മെഡിക്കല്‍ ഓഫീസര്‍ അവനീന്ദ്ര സിംഗ് പറയുന്നത്. എന്നാല്‍ ബലാത്സംഗത്തിനിരയായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി യോനി ദ്രാവകത്തിന്റെ സ്ലൈഡുകള്‍ ലബോറട്ടറിയിലേക്ക് അയച്ചതായും പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ പാനല്‍ പറഞ്ഞു.

എന്നാല്‍ തങ്ങളുടെ മക്കള്‍ തൂങ്ങി മരിച്ചതാണെന്ന പൊലീസിന്റെ കണ്ടെത്തല്‍ വ്യജമാണെന്നും അവരുടെ ശരീരത്തിലെ മുറിവുകള്‍ പൊലീസ് മുഖവുരയ്‌ക്കെടുത്തില്ലെന്നും പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടു. ആരോ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതാണെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും രക്ഷിതാക്കള്‍ പറഞ്ഞു. കേന്ദ്ര അന്വേഷണ സംഘത്തെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.

ജില്ലാ മജിസ്‌ട്രേറ്റിനെയും പൊലീസ് മേധാവിയേയും കണ്ടതിന് ശേഷം മാത്രമേ പെണ്‍കുട്ടികളുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യുകയുള്ളൂ എന്ന രക്ഷിതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ രക്ഷിതാക്കളെ കാണുകയും ദ്രുതഗതിയിലുള്ള അന്വേഷണം ഉറപ്പുവരുത്തുമെന്ന് പൊലീസ് പറയുകയും ചെയ്തു.

പെണ്‍കുട്ടികള്‍ അസ്വാഭാവികമായി മരണപ്പെട്ട സാഹചര്യത്തില്‍ പൊലീസ് കേസന്വേഷണത്തില്‍ കാണിക്കുന്ന അലംഭാവമാണ് വ്യക്തമാവുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നീ പ്രതിപക്ഷപാര്‍ട്ടികള്‍ മുന്നോട്ടെത്തിയിരുന്നു. ഇവര്‍ അന്വേഷണത്തിലെ അനാസ്ഥകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ ഭരണത്തില്‍ നീതി പ്രതീക്ഷിക്കുന്നത് പോലും കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: unnatural death of dalit girls in up; police said it was suicide

Latest Stories

We use cookies to give you the best possible experience. Learn more