| Sunday, 8th December 2019, 2:43 pm

ഉന്നാവോ പെണ്‍കുട്ടി ജീവിക്കാന്‍ കൊതിച്ചവളാണ്, അവളുടെ മരണത്തോടെ അവസാനിക്കാനുള്ളതല്ല നീതിക്കായുള്ള പോരാട്ടം

ബൃന്ദ കാരാട്ട്‌

ഇരുപത്തിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള ആ ഉന്നാവോ പെൺകുട്ടി മരണപ്പെട്ടിരുന്നു. ഭയന്നുവിറച്ച് നിസ്സഹായനായ പെൺകുട്ടിയുടെ സഹോദരന്റെ ഫോൺ കോളിന് പിന്നാലെയാണ് ഞങ്ങൾ ഡൽഹിയിൽ അവളെ ചികിത്സിച്ചിരുന്ന ആശുപത്രിയിൽ എത്തിയത്.

ഐ.സി.യുവിൻറെ വാതിലിനു പുറത്ത് പരസ്പരം കെട്ടിപ്പിടിച്ചിരിക്കുന്ന അവളുടെ കുടുംബത്തെയും കണ്ടുകൊണ്ടാണ് അവിടേക്ക് കയറുന്നത്. ഹോസ്പിറ്റൽ ഗാർഡുമാരുടെയും പോലീസുകാരുടെയും മറ്റ് അപരിചിതരുടേയും നടുക്ക്, സാന്ത്വനിപ്പിക്കാനാരുമില്ലാതെ,  യാതൊരു സ്വകാര്യതയുമില്ലാതെ, ഒന്നുറക്കെ കരയാനോ ദേഷ്യപ്പെടാനോ സാധിക്കാതെ നിസ്സഹായരായി അവരിരിക്കുകയായിരുന്നു.

ആ ദിവസം മുഴുവൻ എന്തെങ്കിലും അത്ഭുതം സംഭവിക്കാൻ കാത്തിരിക്കയായിരുന്നു അവർ. ആ പെൺകുട്ടിയുടെ ജീവിക്കണമെന്നുള്ള അടങ്ങാത്ത ഇച്ഛ അവളുടെ എല്ലാ മുറിവുകളെയും മായ്ചുകളയാൻ മാത്രം കെല്പുള്ളതാണെന്നു ആ നിമിഷം വരെയും അവർ ഉറച്ചു വിശ്വസിച്ചിരുന്നു.

ഉച്ച കഴിഞ്ഞപ്പോൾ പെണ്കുട്ടിയുടെ സഹോദരൻ ഞങ്ങൾക്കടുത്തേക്കു വന്നു. “എനിക്ക് ജീവിക്കണം, എന്നോടിത് ചെയ്തവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ”, ഐ.സി.യുവിൽ വെച്ച് ആ പെൺകുട്ടി ആകെ പറഞ്ഞത് ഇതുമാത്രമായിരുന്നു എന്ന് ദുഃഖം കടിച്ചമർത്തി ആ യുവാവ് ഞങ്ങളോട് പറഞ്ഞു.

ഒന്നല്ല, രണ്ടു തവണയാണ് ആ പെൺകുട്ടി കൊലചെയ്യപ്പെട്ടത്. ആദ്യം അവളെ ക്രൂരമായി കൂട്ട ബലാത്സംഘം  ചെയ്യുകയും ചുട്ടെരിക്കയും ചെയ്തവരാൽ, രണ്ടാമത് ഇതൊക്കെ സംഭവിക്കാൻ അവസരമൊരുക്കിയ ഉത്തർപ്രദേശ് ഗവൺമെന്റിനാലും പോലീസിനാലും.

ഉന്നാവോ പെണ്‍കുട്ടിയുടെ മരണശേഷം ബൃന്ദ കാരാട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നു.

അതിവേഗ കോടതിയിലേക്ക് കേസ് മാറ്റുമെന്നാണ് യോഗി ആദിത്യനാഥ് അവസാനം പറഞ്ഞത്. ഈ ഹീന കൃത്യത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ആദിത്യനാഥിനെയും അദ്ദേഹത്തിന്റെ സർക്കാറിനും അതിവേഗ കോടതിയിലേക്ക് കേസുമാറ്റിയതുകൊണ്ടു രക്ഷപ്പെടാനാകുമെന്നാണോ കരുതുന്നത്?

ഒരു വർഷം മുൻപ് ആ പെൺകുട്ടി ബലാൽസംഗം ചെയ്യപ്പെട്ടപ്പോൾ എന്തുകൊണ്ട് ഒരു എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തില്ല? കുറ്റാരോപിതൻ ജയിലിൽ നിന്നിറങ്ങാതിരിക്കാൻ നമ്മളൊക്കെ ശ്രമിച്ചപ്പോൾ ജാമ്യത്തിന് എതിരായി എന്തുകൊണ്ട് ഗവണ്മെന്റ് കൗൺസിൽ നിലപാടെടുത്തില്ല?കുറ്റാരോപിതൻ ജയിലിന് പുറത്തിറങ്ങിയപ്പോൾ പെൺകുട്ടിക്ക് എന്തുകൊണ്ട് ആവശ്യമായ സംരക്ഷണം ഉറപ്പു വരുത്തിയില്ല? ഇതിനൊക്കെ ശേഷവും ആ പെൺകുട്ടിയെ ദൽഹിയിലേക്ക് വ്യോമമാർഗം മാറ്റിയപ്പോഴും ഒറ്റ ഉദ്യോഗസ്ഥനെപ്പോലും എന്തുകൊണ്ട് യോഗി സർക്കാർ കൂടെ അയച്ചില്ല?

പെണ്‍കുട്ടിയെ ആശിപത്രിയിലേക്കെത്തിക്കുന്നു

അവരുടെ വീട്ടിലേക്കുള്ള ഒരു സന്ദർശനമെങ്കിലും അവർക്ക് അല്പം ആശ്വാസമായിരുന്നേനെ. യാതൊരു സഹായവുമില്ലാതെ, ശരിക്ക് ഭക്ഷണം പോലും കഴിക്കാനാവാതെ അക്ഷരാർത്ഥത്തിൽ ദൽഹിയിൽ അലയുകയായിരുന്നു അവർ.

സ്ത്രീകൾക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സർക്കാരുകൾ അമ്പേ പരാചയപെട്ടുവെന്ന വാസ്തവവും അതിന്മേലുള്ള ചർച്ചകളും പ്രതികൾക്ക് വധശിക്ഷ ഉറപ്പുവരുത്തണമെന്ന കോലാഹലങ്ങളിൽ മുങ്ങിപ്പോകുകയാണ് സംഭവിക്കുന്നത്.സ്ത്രീകൾക്കെതിരായ അക്രമങ്ങളുടെ കേസുകൾ സമയബന്ധിതമായി പരിഹരിക്കാൻ പോലും നമ്മുടെ കോടതി സംവിധാനങ്ങൾക്ക് ഇന്നേവരെ സാധിച്ചിട്ടില്ല.

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ യുടെ 2017-ലെ റിപ്പോർട്ട് പ്രകാരം 1.17 ലക്ഷം ബലാത്സംഗ കേസുകളാണ് വിവിധ കോടതികളിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്.

അതെ വർഷം 28,750 കേസുകളാണ് വിചാരണക്കെടുത്തത്, എന്നാൽ വെറും 5822 കേസുകളിൽ മാത്രമാണ് കുറ്റം തെളിയിക്കപ്പെട്ടത്. അതായത് നാല് ശതമാനത്തിനും താഴെ. ഉന്നാവോ കേസിലേതുപോലെ മറ്റു പല കേസുകളിലും പ്രതികൾ ജാമ്യത്തിൽ വിലസുന്നു.

ഇത്തരം അനന്തമായ കാലം വിളംബം ഫലമായി നിയമസംവിധാനങ്ങൾ കുറ്റാരോപിതർക്കു അനുകൂലമായി മാറുന്ന അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. നീതി നിർവഹണ സംവിധാനങ്ങളുടെ ഈ കെടുകാര്യസ്ഥതയും കാലതാമസവുമാണ് പൊതുജനങ്ങളെ പെട്ടെന്നുള്ള പ്രതികാര നടപടികളാണ് ശരി എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.

കേരളത്തിലെ ഒരു ചെറിയ കുട്ടി പാടുന്നൊരു കവിത ഇൻറർനെറ്റിൽ പ്രചരിക്കുന്നുണ്ട്, ഇത്തരത്തിൽ കൊല്ലുന്നത് ശരിയല്ലെങ്കിൽ പോലും ബലാത്സംഗം ചെയ്യുന്നവരെ വെടിവെച്ച തോക്കെനിക്ക് ചുംബിക്കണമെന്നാണ് പത്തോ പന്ത്രണ്ടോ വയസ്സ് മാത്രം പ്രായമുള്ള ആ കുട്ടി പാടുന്നത്. ഇത്തരം പ്രതികരണങ്ങളെയൊക്കെ നമ്മുടെ സംവിധാനങ്ങളുടെ തോൽവിയോടാണ് ചേർത്ത് വായിക്കേണ്ടത്.

ഇത്തരം വൈകാരിക പ്രതികരണങ്ങളെ ഊതിക്കത്തിച്ച് കോലാഹലം സൃഷ്ടിക്കുകയും അതുവഴി തങ്ങളുടെ പരാജയം പുതപ്പിനടിയിൽ മൂടിവെക്കാനുമാണ് യഥാർത്ഥത്തിൽ കുറ്റവാളികളായ സർക്കാരുകൾ ശ്രമിക്കുന്നത്. തെലങ്കാനയിലെ കൊലപാതകം ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്.ആറു വർഷം മുൻപ് തന്നെ ജസ്റ്റിസ് വർമ്മ കമ്മിറ്റി മുന്നോട്ടു വെച്ച സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കുവാൻ ടി.ആർ.എസ് ഗവൺമെന്റ് ആർജവം കാണിച്ചിരുന്നെങ്കിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ആ വെറ്റിനറി ഡോക്ടർ ഇന്ന് ജീവനോടുണ്ടാകുമായിരുന്നു.ഉദാഹരണത്തിന്, ഇപ്പോൾ പെൺകുട്ടി കൊലചെയ്യപ്പെട്ട സ്ഥലത്ത് സമാനമായ ഒട്ടനവധി സംഭവങ്ങൾ നടന്നിട്ടുണ്ട്. ജസ്റ്റിസ് വർമ്മ മുന്നോട്ട് വെച്ചതുപോലെ ഇത്തരം സ്ഥലങ്ങളിൽ ശരിയയായ നിരീക്ഷണവും പോലീസ് വിന്യാസവും തെരുവ് വിലക്ക് സംവിധാനങ്ങളും ഉണ്ടായിരുന്നെങ്കിൽ ഈ ക്രൂരകൃത്യം തടയാൻ സാധിക്കുമായിരുന്നു എന്നതാണ് വാസ്തവം.

ഗവൺമെന്റും പൊലീസുമാണ് ഈ കുറ്റകരമായ അനാസ്ഥക്ക് ഉത്തരവാദികൾ. നാലുപേരെയും വെടിവെച്ചു കൊന്നതോടെ സർക്കാരും പൊലീസും സംരക്ഷകരായി വാഴ്ത്തപ്പെടുമ്പോൾ ഒന്നോർക്കണം, ഇതേ പൊലീസും സർക്കാരും പെൺകുട്ടിയെ കാണാനില്ല എന്ന് പരാതി കിട്ടിയ ശേഷവും ആ കുടുംബത്തെ ഒരു സ്റ്റേഷനിൽ നിന്നും മറ്റൊരു സ്റ്റേഷനിലേക്ക് ഓടിക്കുകയല്ലാതെ കാര്യമായൊന്നും ചെയ്തിരുന്നില്ല.

കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങൾക്കു ഇത് സംബന്ധിച്ചു പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേൾക്കുന്നു. ഇത്തരം നിർദേശങ്ങളുടെ കുറിച്ച് ജസ്റ്റിസ് വർമ്മ പറയുന്നത് നോക്കാം: “എട്ട് തവണയാണ് സംസ്‌ഥാനങ്ങൾക്കു സ്ത്രീ സുരക്ഷാ നിർദേശങ്ങൾ നൽകിയിട്ടുള്ളത്. എന്നാൽ ഇവയിലെ ഏറ്റവും അടിസ്ഥാനപരമായ നിർദേശങ്ങൾ പോലും നടപ്പിലാക്കുന്നു എന്ന് ഉറപ്പു വരുത്താൻ സംസ്ഥാന സർക്കാരുകളോ കേന്ദ്രമോ തയാറായിട്ടില്ല”.

“എണ്ണമറ്റ നിർദേശങ്ങൾക്കും ചർച്ചകൾക്കും പഠനങ്ങൾക്കും കോടതി ഉത്തരവുകൾക്കും ശേഷം പോലും സ്ത്രീകൾക്ക് അടിസ്ഥാന സുരക്ഷാ ഉറപ്പാക്കുന്നതിൽ ഭരണകൂടം അടിമുടി പരാജയപ്പെട്ടിരിക്കുകയാണ്,” എന്ന് വർമ്മ അഭിപ്രായപ്പെടുന്നുണ്ട്.

ഉന്നാവോ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ നടന്ന പ്രതിഷേധം

സംസ്ഥാനങ്ങൾക്കു മുറയ്ക്ക് ഉപദേശങ്ങൾ നൽകി മാറിയിരിക്കുന്നതിനു പകരം രണ്ടു തവണ ഉന്നാവോയിലും, മുൻപ് ഷാജഹാൻപൂരിലും മറ്റിടങ്ങളിലും നിരന്തരം ഈ കുറ്റം ആവർത്തിക്കുകയും, കുറ്റവാളിയോടൊപ്പം എപ്പോഴും നിലയുറപ്പിക്കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയെ കഴുത്തിന് പിടിച്ചു പുറത്തുകളയാനുള്ള രാഷ്ട്രീയ ആർജ്ജവമാണ് യഥാർത്ഥത്തിൽ ഉണ്ടാകേണ്ടത്.

വ്യാജ ഏറ്റുമുട്ടലുകൾക്കപ്പുറം രാജ്യം കുട്ടികൾക്കും സ്ത്രീകൾക്കും കൂടി സുരക്ഷിതമായിരിക്കണമെന്ന ബോധ്യവും അത് നേടിയെടുക്കാനുള്ള നടപടികളുമാണ് ഗവൺമെന്റുകൾ കൈക്കൊള്ളേണ്ടത്.

ഉന്നാവോയിൽ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതകൂടിയുണ്ട്. തീർത്തും ദരിദ്രരായ, കീഴ്ജാതിയിൽ പെട്ട കർഷക കുടുബത്തിലെ അംഗമായിരുന്നു ആ പെൺകുട്ടി. കുറ്റാരോപിതരാകട്ടെ സമൂഹത്തിലെ ഉന്നതങ്ങളിൽ പിടിപാടുള്ള സവർണ പുരുഷന്മാരും.

ഉയർന്ന ജാതിക്കാരുടെ മേല്കോയ്മയുള്ള ആ ഗ്രാമത്തിലെ ഒരേയൊരു കീഴ്ജാതി കുടുംബം ഈ പെൺകുട്ടിയുടേത് മാത്രമായിരുന്നു. ഇവരുടെ കുടുംബ ഭൂമി പോലും പ്രദേശത്തെ സവർണ മുതലാളിമാർ കയ്യടക്കാൻ ശ്രമിച്ചിരുന്നു. അത് സംബന്ധിച്ചു കോടതി വ്യവഹാരങ്ങൾ വരെ കാര്യങ്ങളെത്തിയതിനാൽ വർഷങ്ങളായി സ്വന്തം മണ്ണിൽ കൃഷി ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു നിലനിന്നിരുന്നത്.

അഞ്ചു പെൺകുട്ടികളും രണ്ടു ആങ്ങളമാരും അടങ്ങുന്ന കുടുംബത്തിൽ ഏറ്റവും ഇളയവളായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടി. ജാതിവെറി തകർത്താടിയിരുന്ന ആ ഗ്രാമത്തിന്റെ ക്രൂരതകളിൽ നിന്നും സ്വന്തം സഹോരങ്ങൾ മാത്രമായിരുന്നു അവൾക് സംരക്ഷണം.മരണപ്പെട്ട പെൺകുട്ടിയെക്കാൾ ഒരു വയസു മാത്രം പ്രായമുള്ള സഹോദരി കണ്ണിമ ചിമ്മാതെയാണ് തന്റെ ‘സുന്ദരി അനിയത്തിക്കുട്ടിയെ’ കാത്തു പോന്നിരുന്നത്.

“ഞങ്ങളുടെ കുടുംബത്തിന്റെ വിളക്കായിരുന്നു അവൾ. ഞങ്ങളുടെ എല്ലാ പ്രതീക്ഷയും അവളിൽ ആയിരുന്നു.”രണ്ടു സഹോദരിമാരും ഒന്നിച്ചായിരുന്നു സ്‌കൂളിൽ പോയിരുന്നത്. സർവ്വതും നഷ്ടപ്പെട്ടു തകർന്ന അവളുടെ അമ്മ നെഞ്ചു നുറുങ്ങുന്ന ശബ്ദത്തിൽ ചോദിക്കുകയാണ് “ഇങ്ങനെ തീരാനാണോ കുഞ്ഞേ നിന്നെ ഞങ്ങൾ പഠിപ്പിച്ചത്?

ഗുജറാത്തിൽ കൂലിപ്പണിക്കാരനാണ് അവളുടെ സഹോദരൻ. പെങ്ങളെ മരണം കൂട്ടികൊണ്ടു പോകുമ്പോൾ അയാൾ അടുത്തുണ്ടായിരുന്നില്ല. പൊട്ടിത്തകർന്നിരിക്കുന്ന മാതാപിതാക്കൾക്ക് കൂട്ടായി ആ പെങ്ങൾ മാത്രമാണുണ്ടായിരുന്നത്.കടുത്ത ദാരിദ്ര്യവും കൊടികുത്തി വാഴുന്ന ജാതീയതയും മൂലം ഉത്തർ പ്രദേശ് പോലുള്ളൊരു സംസ്ഥാനത്ത് നീതി ഒരു സ്വപ്നം മാത്രമാണ്.

തങ്ങളുടെ കാമവെറി ശമിപ്പിക്കാൻ വർഗ-ജാതി അധികാര പ്രയോഗങ്ങളിലൂടെ പാവപ്പെട്ടവരെ കീഴ്പ്പെടുത്തികൊണ്ടേയിരിക്കുന്നയാണവിടെ. ഈ വർഗ-ജാതി മേല്കോയ്മയാണ് തങ്ങൾ ശിക്ഷാവിധികൾക്കൊക്കെ ഉയരെയാണെന്നു അവരെ ചിന്തിപ്പിക്കുന്നതും.

മനസ്സുറപ്പോടെ തന്റെ അക്രമികൾക്ക് നേരെ തലയുയർത്തി നീതി തേടിയിറങ്ങിയപ്പോൾ പച്ചക്കു കത്തികൊണ്ടാണ് ജാതി അവളോട് പ്രതികരിച്ചത്. ഒരു കീഴ്ജാതി പെണ്ണിന് വായ്മൂടി സവർണ പുരുഷന്റെ കാമം തീർക്കാൻ മാത്രം വിധിക്കപെട്ടവളായി ഇരുന്നുകൂടെ?

സ്ത്രീകൾ നേരിടുന്ന ആക്രമണങ്ങൾക്കു കാരണം അവർതന്നെയെന്നു കരുതുന്ന ഒരു ചിന്താ ധാരയും അത്രമേൽ കുറ്റവാളിയാണ് ഇവിടെ. അധികാരത്തിന്റെ മുഷ്കിൽ ഈ പ്രബല ജാതികൾ പീഡിതരെ തന്നെ അവൾക്കുമേൽ സംഭവിക്കുന്നതിനെല്ലാം പ്രതികളാക്കി നിർത്തുന്നു.

ഇവിടെ നീതിക്കു  വേണ്ടിയുള്ള പോരാട്ടം ഇത്തരം ആശയ ധാരകൾക്കും ക്രൂര നയോപായങ്ങൾക്കും എതിരെയുള്ള കലഹം കൂടിയാണ്.

ഉന്നാവോ പെൺകുട്ടി ജീവിക്കാൻ കൊതിച്ചവളാണ്. അവളുടെ മരണത്തോടെ അവൾ തുടങ്ങിയ നീതിക്കായുള്ള പോരാട്ടവും മായുമോ?

(സി.പി.ഐ.എം പോളിറ്ബ്യുറോ അംഗവും മുൻ എം.പി യുമായ ബൃന്ദ കാരാട്ട് NDTV യിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബൃന്ദ കാരാട്ട്‌

സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം

We use cookies to give you the best possible experience. Learn more