| Thursday, 12th March 2020, 2:59 pm

'ഒന്നുകില്‍ നീതി തരൂ, അല്ലെങ്കില്‍ വധശിക്ഷയ്ക്ക് വിധിക്കൂ'; ഉന്നാവോ കേസില്‍ ജഡ്ജിയോട് സെന്‍ഗാര്‍; തെറ്റ് ചെയ്താല്‍ ശിക്ഷ കിട്ടുമെന്ന് ജഡ്ജിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛന്റെ മരണത്തില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിന് പരമാവധി ശിക്ഷ നല്‍കണമെന്ന് സി.ബി.ഐ ദല്‍ഹി ഹൈക്കോടതിയില്‍.

കഴിഞ്ഞയാഴ്ച സെന്‍ഗാറും സഹോദരനും കുറ്റക്കാരനാണെന്ന് ദല്‍ഹി കോടതി വിധിച്ചിരുന്നു. ഏറെ വിവാദമായ ഉന്നാവോ കേസില്‍ പതിനൊന്ന് പേര്‍ക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.

പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ കുല്‍ദീപ് സെന്‍ഗാള്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസില്‍ ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് സെന്‍ഗാര്‍.

പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ സെന്‍ഗാറിന് പരമാവധി ശിക്ഷ തന്നെ കോടതി നല്‍കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. വാദത്തിനൊടുവില്‍ കേസ് വിധി പറയാന്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയാണെന്ന് കോടതി അറിയിച്ചിരുന്നു.

എന്നാല്‍ തനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ സെന്‍ഗാര്‍, ഒന്നുകില്‍ തനിക്ക് നീതി തരണമെന്നും അല്ലെങ്കില്‍ തന്നെ വധശിക്ഷയ്ക്ക് വിധിക്കണമെന്നുമായിരുന്നു ജില്ലാ ജഡ്ജി ധര്‍മേഷ് ശര്‍മയോട് പറഞ്ഞത്.

” ദയവുചെയ്ത് എനിക്ക് നീതി തരണം, അല്ലെങ്കില്‍ എന്നെ തൂക്കിക്കൊല്ലൂ..ഞാന്‍ തെറ്റായി എന്തെങ്കിലും ചെയ്തുവെന്ന് കണ്ടാല്‍ എന്റെ കണ്ണില്‍ നിങ്ങള്‍ക്ക് ആസിഡ് ഒഴിക്കാം”, എന്നായിരുന്നു സെന്‍ഗാര്‍ പറഞ്ഞത്.

ഇതോടെ കേസിന്റെ വസ്തുതകളും സാഹചര്യ തെളിവുകളും പൂര്‍ണമായും പരിശോധിച്ചാണ് ഇത്തരമൊരു നിഗമനത്തില്‍ കോടതി എത്തിയത് എന്നായിരുന്നു ജഡ്ജിയുടെ മറുപടി.

കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പോലീസുകാര്‍ കഠിന തടവിന് അര്‍ഹരാണെന്ന് സി.ബി.ഐ പ്രോസിക്യൂട്ടര്‍ പ്രത്യേക ജഡ്ജി ധര്‍മേഷ് ശര്‍മയോട് പറഞ്ഞു.

”പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുസേവകരാണ്. ക്രമസമാധാന പാലനമായിരുന്നു അവരുടെ കടമ. എന്നാല്‍ വൈകുന്നേരം 6 മണിയോടെ ഇവര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചു. 9 മണി വരെ അയാള്‍ക്കൊപ്പം ഇരുന്നു. എന്നാല്‍ അയാള്‍ക്ക് വേണ്ടി അവര്‍ ഒന്നും ചെയ്തില്ല. അവര്‍ക്ക് ഈ കേസില്‍ ബാധ്യത ഉണ്ട്”സി.ബി.ഐ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

കേസില്‍ ഏഴ് പേര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. നാല് പേരെ വെറുതെ വിട്ടു. 2018 ഏപ്രിലിലാണ് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ പെണ്‍കുട്ടിയുടെ പിതാവ് മരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more