ലഖ്‌നൗ: ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛന്റെ മരണത്തില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിന് പരമാവധി ശിക്ഷ നല്‍കണമെന്ന് സി.ബി.ഐ ദല്‍ഹി ഹൈക്കോടതിയില്‍.
കഴിഞ്ഞയാഴ്ച സെന്‍ഗാറും സഹോദരനും കുറ്റക്കാരനാണെന്ന് ദല്‍ഹി കോടതി വിധിച്ചിരുന്നു. ഏറെ വിവാദമായ ഉന്നാവോ കേസില്‍ പതിനൊന്ന് പേര്‍ക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.
പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ കുല്‍ദീപ് സെന്‍ഗാള്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസില്‍ ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് സെന്‍ഗാര്‍.
പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ സെന്‍ഗാറിന് പരമാവധി ശിക്ഷ തന്നെ കോടതി നല്‍കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. വാദത്തിനൊടുവില്‍ കേസ് വിധി പറയാന്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയാണെന്ന് കോടതി അറിയിച്ചിരുന്നു.
എന്നാല്‍ തനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ സെന്‍ഗാര്‍, ഒന്നുകില്‍ തനിക്ക് നീതി തരണമെന്നും അല്ലെങ്കില്‍ തന്നെ വധശിക്ഷയ്ക്ക് വിധിക്കണമെന്നുമായിരുന്നു ജില്ലാ ജഡ്ജി ധര്‍മേഷ് ശര്‍മയോട് പറഞ്ഞത്.
” ദയവുചെയ്ത് എനിക്ക് നീതി തരണം, അല്ലെങ്കില്‍ എന്നെ തൂക്കിക്കൊല്ലൂ..ഞാന്‍ തെറ്റായി എന്തെങ്കിലും ചെയ്തുവെന്ന് കണ്ടാല്‍ എന്റെ കണ്ണില്‍ നിങ്ങള്‍ക്ക് ആസിഡ് ഒഴിക്കാം”, എന്നായിരുന്നു സെന്‍ഗാര്‍ പറഞ്ഞത്.