| Thursday, 1st August 2019, 10:30 am

ഉന്നാവോ; പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ ട്രക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നെന്ന് സി.ബി.ഐ; കാര്‍ അമിത വേഗതയിലെന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉന്നാവോ അപകടത്തില്‍ പുതിയ നിഗമനവുമായി സി.ബി.ഐ. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറും അമിത വേഗതയിലായിരുന്നെന്നും ട്രക്കിന് പിറകില്‍ കൊണ്ടുപോയി കാര്‍ ഇടിക്കുകയായിരുന്നുവെന്നുമാണ് സി.ബി.ഐയുടെ പുതിയ കണ്ടത്തല്‍.

ദൃക്‌സാക്ഷി മൊഴികളും ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ടുകളും സി.ബി.ഐ ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്ത് എത്തി സംഘം തെളിവെടുപ്പ് നടത്തുകയും ചെയ്തു.

” ട്രക്ക് അമിത വേഗതിയിലായിരുന്നു. തെറ്റായ ദിശയിലൂടെയായിരുന്നു ട്രക്ക് വന്നുകൊണ്ടിരിക്കുന്നത്. കാറും അമിത വേഗതിയിലായിരുന്നു. കാറിന്റെ നിയന്ത്രണം വിടുകയും ട്രക്കിന് പിന്നില്‍ കൊണ്ടുപോയി ഇടിക്കുകയുമായിരുന്നു”- എന്നാണ് സി.ബി.ഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.

തെറ്റായ ദിശയിലായിരുന്നു ട്രക്ക് കിടന്നിരുന്നത്. ട്രക്ക് ദിശ മാറി വരുന്നതുകണ്ട കാര്‍ ഡ്രൈവര്‍ പരിഭ്രാന്തനാവുകയും കാര്‍ വെട്ടിക്കുകയും ചെയ്തു. ഇതോടെ കാര്‍ ട്രക്കിന് പിറകുവശത്ത് കൊണ്ടുപോയി ഇടിക്കുകയുമായിരുന്നു എന്നാണ് സി.ബി.ഐ വിശദീകരിക്കുന്നത്.

ഉന്നാവോ വാഹനാപകടത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്നായിരുന്നു സി.ബി.ഐയുടെ പ്രാഥമികവിലയിരുത്തല്‍. അപകടത്തിന് മുമ്പും ശേഷവും നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത് ആസൂത്രിതമായ അപകടമാണെന്നായിരുന്നു പ്രാഥമിക അനുമാനം.

നേരത്തെ ഉന്നാവോ അപകടം കൃത്യമായ ആസൂത്രണത്തോടെ നടപ്പില്‍ വരുത്തിയതാകാമെന്ന് വ്യക്തമാക്കുന്ന ദൃക്‌സാക്ഷി മൊഴികള്‍ പുറത്തുവന്നിരുന്നു.

അതേസമയം വാഹനാപകടത്തിന് മുമ്പ് പെണ്‍കുട്ടി സഞ്ചരിച്ച കാറിന് മുന്നിലൂടെ കൃത്യമായ നിര്‍ദ്ദേശം നല്‍കി കൊണ്ട് ഒരു ബൈക്ക് യാത്രികന്‍ പോയിരുന്നെന്നും അപകടത്തിന് ശേഷം തൊട്ടുപിന്നാലെ ഒരു കാറിലെത്തിയ സംഘം അപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നുവെന്നുമുള്ള ദൃക്സാക്ഷി മൊഴികളായിരുന്നു പുറത്ത് വന്നത്.

വളരെ വേഗതയില്‍ തെറ്റായ ദിശയിലൂടെയായിരുന്നു ഡ്രൈവര്‍ ട്രക്ക് ഓടിച്ചിരുന്നത് എന്നാണ് റായ്ബറേലി ഹൈവേയില്‍ അപകടം നടന്ന സ്ഥലത്തുള്ള കടയുടമയായ അര്‍ജുന്‍ യാദവ് എന്നയാളുടെ മൊഴി. അപകടം നടന്ന ഉടന്‍ തന്നെ ട്രക്ക് ഉപേക്ഷിച്ച് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടെന്നും ഇദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more