ഉന്നാവോ ഇരയുടെ വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹത; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഖിലേഷ് യാദവ്
ഉന്നാവോ ലൈംഗികാതിക്രമ കേസിലെ ഇരയുടെ വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി; സി.ബി.ഐ അന്വേഷമം ആവശ്യപ്പെട്ട് അഖിലേഷ് യാദവ്
ന്യൂദല്‍ഹി: ഉന്നാവോ ലൈംഗികാതിക്രമ കേസിലെ ഇരയുടെ വാഹനം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. യുവതിയെ കൊല്ലാനുള്ള ഗൂഢാലോചനയുടെ ഫലമാണ് ഇന്നത്തെ അപകടമെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.
ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ ലൈംഗികാതിക്രമത്തിന് കേസ് നല്‍കിയ യുവതി സഞ്ചരിച്ച വാഹനമായിരുന്നു അപകടത്തില്‍പ്പെട്ടത്. അമ്മയും ബന്ധുവും കൊല്ലപ്പെട്ടിരുന്നു. അതേസമയം വാഹനം ഓടിച്ചിരുന്ന അഭിഭാഷകനും യുവതിയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവം വളരെ പ്രധാന്യത്തോടെ കൈകാര്യം ചെയ്യണമെന്നും കേസ് സി.ബി.ഐക്ക് കൈമാറണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. ഇതിന് പിന്നില്‍ എന്താണ് നടന്നതെന്ന് സി.ബി.ഐക്ക് മാത്രമെ തെളിയിക്കാന്‍ കഴിയൂവെന്നും അഖിലേഷ് വ്യക്തമാക്കി.
അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സമാജ് വാദി പാര്‍ട്ടി ഏറ്റെടുക്കുമെന്നും അഖിലേഷ് പറഞ്ഞു.
റായ്ബറേലിയിലാണ് അപകടമുണ്ടായത്. ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവര്‍ രക്ഷപ്പെട്ടതായും മഴയാണ് അപകട കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.