ലക്‌നൗ: ഉന്നാവോ ലൈംഗികാതിക്രമണക്കേസിലെ പരാതിക്കാരിയുടെ കുടുംബത്തിന്റെ വിവരങ്ങള്‍ സുരക്ഷ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറിനെ അറിയിച്ചിരുന്നതായി എഫ്.ഐ.ആര്‍. തിങ്കളാഴ്ച പെണ്‍കുട്ടിയുടെ അമ്മാവനാണ് പരാതി നല്‍കിയിരുന്നത്.
ഞായറാഴ്ച അപകടമുണ്ടായ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥരൊന്നും കാറില്‍ കൂടെ പോയിരുന്നില്ല. ചോദിച്ചപ്പോള്‍ ഗണ്‍മാനായ സുരേഷ് പറഞ്ഞത് കാറില്‍ സ്ഥലമില്ലാത്തത് കൊണ്ട് കൂടെ പോയില്ലെന്നാണ്.
‘അഞ്ച് പേര്‍ പോകുന്നത് കൊണ്ട് പേടിക്കാനൊന്നുമില്ലെന്നും വൈകുന്നേരം തന്നെ തിരിച്ചെത്തുമെന്നും ആന്റി പറഞ്ഞിരുന്നു’ സുരേഷ് എന്‍.ഡി.ടി.വിയോട് പറഞ്ഞു. സാധാരണ കുടുംബത്തിനൊപ്പം പോവാറുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച കൂടെ പോയില്ലെന്ന് ഉന്നാവോ പൊലീസ് സൂപ്രണ്ട് മാധവ് പ്രസാദ് വര്‍മ പറഞ്ഞു.
കേസില്‍ ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് സേംഗര്‍ക്കെതിരേ കഴിഞ്ഞദിവസം കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എം.എല്‍.എ.യും സഹോദരന്‍ മനോജ് സേംഗറും ഉള്‍പ്പെടെ പത്തുപേരാണ് പ്രതിസ്ഥാനത്തുള്ളത്.
വാഹനം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. കേസില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. സംഭവം ആസൂത്രിതമാണെന്ന് യുവതിയുടെ കുടുംബവും ആരോപിച്ചു.
അതിനിടെ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മായ്ച്ച നിലയിലാരുന്നു.