| Tuesday, 30th July 2019, 11:52 am

ഉന്നാവോ സംഭവത്തില്‍ മറുപടി പറയേണ്ടത് അമിത്ഷാ; വിഷയം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉന്നാവോ ലൈംഗികാതിക്രമക്കേസിലെ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട സംഭവം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇതിന് മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നായിരുന്നു ബി.ജെ.പിയുടെ മറുപടി. അതേസമയം സംഭവത്തിന് പിന്നില്‍ സമാജ് വാദി പാര്‍ട്ടിയാണെന്നും ബി.ജെ.പി ആരോപിച്ചു. അപകടത്തിനിടയാക്കിയ ട്രക്ക് സമാജ് വാദി പാര്‍ട്ടി നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ബി.ജെ.പി ആരോപിച്ചു.

ഉന്നാവോ സംഭവത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ലജ്ജ തോന്നുന്നുവെന്ന് കോണ്‍ഗ്രസ് എം.പി അധിര്‍രജ്ഞന്‍ ചൗധരിയും സഭയില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരായിക്കിയത് രാജ്യത്തിന് എന്നും അപമാനമായിരിക്കുമെന്നും ചൗധരി പറഞ്ഞു. അതിലെ ഇരയെ അപകടത്തില്‍പ്പെടുത്തുകയും സാക്ഷി കൊല്ലപ്പെടുകയും ചെയ്തത് ഗുരുതരാവസ്ഥയാണെന്നും പറഞ്ഞു.

അതേസമയം ഉന്നാവോ ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ബി.ജെ.പി എം.എല്‍.എക്കെതിരെ ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധു രംഗത്തെത്തിയിരുന്നു. എം.എല്‍.എ കുല്‍ ദീപ് സിംഗ് സെംഗാള്‍ കേസില്‍ നിന്ന് പിന്മാറാന്‍ തങ്ങളെ സമ്മര്‍ദ്ദം ചെലുത്തുന്നതായി ബന്ധു ആരോപിച്ചിരുന്നു.

എം.എല്‍.എ ഭീഷണിപ്പെടുത്തിയെന്നും സര്‍ക്കാരില്‍ നിന്ന് നീതികിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും ബന്ധു ആരോപിച്ചിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ബന്ധു ആരോപിക്കുന്നുണ്ട്.

വാഹനം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. കേസില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. സംഭവം ആസൂത്രിതമാണെന്ന് യുവതിയുടെ കുടുംബവും ആരോപിച്ചു.

We use cookies to give you the best possible experience. Learn more