| Monday, 29th July 2019, 9:27 am

ഉന്നാവോ ലൈംഗികാക്രമണ കേസിലെ ഇരയുടെ കാറിലിടിച്ച ട്രക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ല; പൊലീസ് സുരക്ഷ പൊടുന്നനെ പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്ബറേലി: ഉന്നാവോ ലൈംഗികാക്രമണ കേസിലെ ഇരയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മായ്ച്ച നിലയിലാരുന്നുവെന്നും പെണ്‍കുട്ടിക്കുണ്ടായിരുന്ന പൊലീസ് സുരക്ഷ സംഭവ ദിവസം ഇല്ലായിരുന്നെന്നുമാണ് വിവരം.

കോടതി അനുവദിച്ചിരുന്ന പൊലീസ് സുരക്ഷ രണ്ടുദിവസം മുന്‍പ് യു.പി പൊലീസ് അകാരണമായി പിന്‍വലിച്ചെന്നാണ് ആക്ഷേപം. എന്നാല്‍ കുടുംബം പറഞ്ഞതിനെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇതിനെ കുറിച്ച് അന്വേഷിക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അപകടത്തെ സംബന്ധിച്ച് വിശദ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഡ്രൈവറും വാഹന ഉടമയും അറസ്റ്റിലായിട്ടുണ്ട്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും ലക്നൗവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും കൊല്ലപ്പെട്ടിരുന്നു.

യുവതിയുടെ പിതാവ് നേരത്തെ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു. മകളെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ ലൈംഗികമായി അക്രമിച്ച സംഭവത്തില്‍ കുടുംബത്തോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയ്ക്കുമുന്നില്‍ നേരത്തെ പ്രതിഷേധിക്കുകയും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കുല്‍ദീപ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗാറിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പിതാവ് പൊലീസ് കസ്റ്റഡിയില്‍വെച്ച് മരണപ്പെടുകയായിരുന്നു. ഈ കേസില്‍ മുഖ്യസാക്ഷിയായ യൂനസ് എന്നയാളും പിന്നീട് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു.

2017 ജൂണില്‍ ജോലി അഭ്യര്‍ത്ഥിച്ച് ഒരു ബന്ധുവിനൊപ്പം എം.എല്‍.എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ലൈംഗികമായി ആക്രമിക്കുകയായിരുന്നു. പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.

We use cookies to give you the best possible experience. Learn more