| Tuesday, 30th July 2019, 1:59 pm

ജീവന് ഭീഷണിയുണ്ട്; നടപടി എടുക്കണം; അപകടത്തിന് 15 ദിവസം മുന്‍പ് ഉന്നാവോ പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് കത്തയച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി; ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരായ ലൈംഗികാതിക്രമ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ തന്നേയും കുടുംബത്തേയും നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ഉന്നാവോ പെണ്‍കുട്ടിയുടെ കത്ത്.

അപകടം നടക്കുന്നതിന്റെ 15 ദിവസം മുന്‍പ് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്ക്കാണ് പെണ്‍കുട്ടി കത്തയച്ചത്. ഇത്തരത്തില്‍ ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ പെണ്‍കുട്ടി പറയുന്നത്.

” ആളുകള്‍ എന്റെ വീട്ടില്‍ എത്തുകയും പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുകയുമാണ്. പരാതി പിന്‍വലിക്കാത്ത പക്ഷം കുടുംബത്തെ ഒന്നടങ്കം വ്യാജ കേസുകള്‍ ചുമത്തി ജയിലിലടക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്”- പെണ്‍കുട്ടി കത്തില്‍ പറഞ്ഞു.

അതേസമയം കത്ത് ചീഫ് ജസ്റ്റിസ് പരിഗണിച്ചോ എന്ന കാര്യം വ്യക്തമല്ല.

ലൈംഗികാതിക്രമ പരാതി നല്‍കിയിട്ടും ഏറെ നാളുകള്‍ക്ക് ശേഷമാണ് സംഭവത്തിലെ പ്രധാന പ്രതിയായ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ പൊലീസ് നടപടിയെടുത്തത്.

പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തിലും എം.എല്‍.എക്കെതിരെ കുടുബം പരാതി ഉന്നയിച്ചിട്ടും എം.എല്‍.എയെ പ്രതി ചേര്‍ക്കാന്‍ ആദ്യഘട്ടത്തില്‍ പൊലീസ് തയ്യാറായിരുന്നില്ല.

വിഷയം വലിയ ചര്‍ച്ചയാവുകയും പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിരോധം സൃഷ്ടിക്കുകയും ചെയ്ത അവസരത്തില്‍ മാത്രമാണ് എം.എല്‍.എയേയും സഹോദരന്‍ മനോജിനേയും എട്ട് അനുനായികളേയും പൊലീസ് പ്രതിപട്ടികയില്‍ ചേര്‍ക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മാവന്‍ മഹേഷ് സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു നടപടി.

അതേസമയം പെണ്‍കുട്ടിയ്ക്ക് നല്‍കുന്ന സുരക്ഷയില്‍ വീഴ്ചയില്ലെന്ന് ആവര്‍ത്തിക്കുകയാണ് യു.പി ഡി.ജി.പി ചെയ്തത്. പെണ്‍കുട്ടിയുടെ വസതിക്ക് സമീപനം ഏഴ് സുരക്ഷാ പൊലീസുകാര്‍ ഉണ്ടായിരുന്നെന്നും മൂന്ന് പൊലീസുകാര്‍ പെണ്‍കുട്ടിക്കൊപ്പം ഞായറാഴ്ച പോകാന്‍ തയ്യാറായിരുന്നുവെന്നുമാണ് പൊലീസിന്റെ വാദം.

എന്നാല്‍ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചിരുന്നു. ” ഇത് ഒരു അപകടമായി ഞങ്ങള്‍ കരുതുന്നില്ല. ഞങ്ങളുടെ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു. സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സിങ്, സാഹി സിങ്, തുടങ്ങിയവരും മറ്റ് ആറോളം വരുന്ന ആളുകളും വീട്ടിലെത്തി നിരന്തരം ഭീഷണിമുഴക്കാറുണ്ടായിരുന്നു. ഞങ്ങളെ കൈാകര്യം ചെയ്തുകളയുമെന്നായിരുന്നു അവര്‍ ഭീഷണിപ്പെടുത്തിയത്”- പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

We use cookies to give you the best possible experience. Learn more