ഉന്നാവോ: കഴിഞ്ഞദിവസമുണ്ടായത് വെറും വാഹന അപകടമല്ല തങ്ങളെ കൂട്ടത്തോടെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നെന്ന് ഉന്നാവോയില്‍ ലൈംഗികാക്രമത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ അമ്മ.
‘ കേസില്‍ ആരോപണ വിധേയനായ ഷാഹി സിങ് ഞങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. ഗ്രാമത്തിലെ മറ്റൊരു യുവാവും ഭീഷണിപ്പെടുത്തിയിരുന്നു. ഞങ്ങളെ കൈകാര്യം ചെയ്യുമെന്നാണ് അവര്‍ പറഞ്ഞത്.’ അവര്‍ പറഞ്ഞു.
അതിനിടെ, സംഭവം സി.ബി.ഐ അന്വേഷിക്കുമെന്ന് ഉത്തര്‍പ്രദേശ് ഡി.ജി.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞദിവസമാണ് ഉന്നാവോ ഇരയും കുടുംബവും സഞ്ചരിച്ച കാറിനുനേരെ റായ് ബറേലിയില്‍വെച്ച് ഒരു ട്രക്കിടച്ചത്. ആക്രമണത്തില്‍ ലൈംഗികാക്രമണ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയ്ക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും പെണ്‍കുട്ടിയുടെ അമ്മായിമാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിനെതിരായ ലൈംഗികാതിക്രമ കേസില്‍ലെ സാക്ഷിയാണ് കൊല്ലപ്പെട്ട അമ്മായിമാരില്‍ ഒരാള്‍.
ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ ലൈംഗികാക്രമണ കേസ് നല്‍കിയ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിന് നേരെ ട്രക്ക് ഇടിച്ചുകയറ്റിയ സംഭവം ആസൂത്രിതമെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു.
ആക്രമണം ആസൂത്രണം ചെയ്തത് എം.എല്‍.എ സെന്‍ഗാര്‍ ആണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ‘ കുല്‍ദീപ് സിങ് സെന്‍ഗാറും അദ്ദേഹത്തിന്റെ അനുയായികളും കൂടി ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമാണ് ഇത്. അതില്‍ ഞങ്ങള്‍ക്ക് സംശയമില്ല. കേസ് പിന്‍വലിക്കാന്‍ നേരത്തെ തന്നെ ഭീഷണിയുണ്ടായിരുന്നു. ഈ ആക്രമണം പോലും ഭീഷണിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയതാണ്. ഈ ഗ്രാമത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും അവര്‍ റായ്ബറേലി ജയിലിലേക്ക് പോകുകയായിരുന്നെന്ന് അറിയാമായിരുന്നു.’ എന്നായിരുന്നു പെണ്‍കുട്ടിയുടെ ബന്ധുവിന്റെ ആരോപണം.