| Monday, 19th August 2019, 1:34 pm

ഉന്നാവോ കേസ്: അന്വേഷണത്തിന് രണ്ടാഴ്ച്ച കൂടി സാവകാശം; അഭിഭാഷകയുടെ ചികിത്സക്ക് അഞ്ച് ലക്ഷം രൂപ നല്‍കാനും സുപ്രീംകോടതി ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉന്നാവോ ലൈംഗികാതിക്രമക്കേസിലെ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തിലെ അന്വേഷണത്തിന് നാല് ആഴ്ച്ച സമയം കൂടി ആവശ്യപ്പെട്ട സി.ബി.ഐയുടെ ആവശ്യം നിരസിച്ച് സുപ്രീംകോടതി.
അതേസമയം കേസന്വേഷണത്തിന് സിബി.ഐക്ക് സുപ്രീം കോടതി രണ്ടാഴ്ച്ച കൂടി സമയം അനുവദിച്ചു.

അപകട സമയത്ത് പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന അഭിഭാഷകയുടെ ചികിത്സക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അടുത്തതായി കേസിന്റെ വാദം കേള്‍ക്കുന്നത് സെപ്തംബര്‍ ആറിലേക്ക് മാറ്റി.

ജൂലൈ 28 നായിരുന്നു ഉന്നാവോ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ഉന്നാവോയില്‍ നിന്നും റായ്ബറേലിയിലേക്ക് പോയികൊണ്ടിരിക്കെ വാഹനം ട്രക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

കേസില്‍ അന്വേഷണം നേരിടുന്ന ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറിനെ ബി.ജെ.പി സസ്പെന്റ് ചെയ്തിരുന്നു.

ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ

2017ല്‍ ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട് കാണാനെത്തിയ, അന്ന് 17 വയസ് പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിയെ എം.എല്‍.എ അടക്കമുള്ളവര്‍ ചേര്‍ന്ന് ലൈംഗികമായി ആക്രമിക്കുകയായിരുന്നു. പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്ന് യോഗി ആദിത്യനാഥിന്റെ വസതിയ്ക്ക് മുന്നില്‍ പെണ്‍കുട്ടിയും അമ്മയും തീകൊളുത്താനും ശ്രമിച്ചിരുന്നു.

പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ട കേസില്‍ കുല്‍ദീപ് സിങ് സെന്‍ഗറിനും സഹോദരനുമെതിരേ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു.

We use cookies to give you the best possible experience. Learn more