| Tuesday, 21st December 2021, 8:34 am

ഉന്നാവോ ബലാത്സംഗക്കേസ്; പെണ്‍കുട്ടിയെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ മുന്‍ ബി.ജെ.പി എം.എല്‍.എയെ വെറുതെവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉന്നാവോ ലൈംഗികാക്രമണക്കേസിലെ പെണ്‍കുട്ടിയേയും കുടുംബത്തേയും കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറിനെ കോടതി കുറ്റവിമുക്തനാക്കി. ദല്‍ഹി കോടതിയുടേതാണ് നടപടി.

കുല്‍ദീപിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. കുറ്റാരോപിതരായ മറ്റ് നാല് പേര്‍ക്കെതിരായ നടപടികള്‍ തുടരാമെന്നും കോടതി പറഞ്ഞു.

2017 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കുല്‍ദീപിനെതിരായ കേസ്. കേസ് നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു.

ഇതിന് ശേഷമായിരുന്നു പെണ്‍കുട്ടിയേയും കുടുംബത്തേയും വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമം നടന്നത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം ബലാത്സംഗക്കേസില്‍ സെംഗാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഐ.പി.സിയിലെയും പോക്സോയിലെയും വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ദല്‍ഹി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ സെംഗാറിനെതിരെ പെണ്‍കുട്ടി നല്‍കിയ മൊഴിയാണ് ഏറ്റവും നിര്‍ണായകമായത്.

4 തവണ എം.എല്‍.എയായിരുന്ന സെംഗാറിനെ 2019 ആഗസ്റ്റിലായിരുന്നു ബി.ജെ.പിയില്‍ നിന്നും പുറത്താക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Unnao rape: Kuldeep Sengar let off in car accident case

We use cookies to give you the best possible experience. Learn more