ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്താതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടുമായി ഉന്നാവോയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം. മരണത്തില്‍ ഖേദം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഉന്നാവോയിലേക്ക് ഇന്നലെ തന്റെ പ്രതിനിധികളായി രണ്ടു മന്ത്രിമാരെ അയച്ചിരുന്നെങ്കിലും അവരെ നാട്ടുകാര്‍ തടഞ്ഞിരുന്നു.
എത്രയും വേഗം മൃതദേഹം സംസ്‌കരിക്കണമെന്നാണു സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഞായറാഴ്ച രാവിലെ പോലും യോഗി എത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണു കുടുംബാംഗങ്ങള്‍.
കേസ് അതിവേഗ കോടതിയില്‍ കേള്‍ക്കുമെന്നും പ്രതികള്‍ക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും യോഗി നേരത്തേ പറഞ്ഞിരുന്നു. കുടുംബത്തിന് 25 ലക്ഷം രൂപയും വീടും നല്‍കാനും തീരുമാനമായിരുന്നു. അതിനിടെ തനിക്കു ജോലി വേണമെന്നു പെണ്‍കുട്ടിയുടെ സഹോദരി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ഇന്നലെ ഉന്നാവോയിലെത്തിയ ബി.ജെ.പി മന്ത്രിമാരെയും സ്ഥലം എം.പി സാക്ഷി മഹാരാജിനെയുമാണ് നാട്ടുകാര്‍ തടഞ്ഞത്.
ഉന്നാവോയില്‍ ഇവരെത്തിയ ഉടന്‍തന്നെയായിരുന്നു സംഭവം. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഈ സംഭവത്തിനു മിനിറ്റുകള്‍ക്കു മുന്‍പാണു കുടുംബാംഗങ്ങളെ കണ്ടത്. ഇതിനു ശേഷമാണ് ബി.ജെ.പി നേതാക്കളെത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ലൈംഗികാക്രമണക്കേസിന്റെ വിചാരണയ്ക്കായി പോയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11.40-ന് ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെച്ചായിരുന്നു പെണ്‍കുട്ടി മരണപ്പെട്ടത്.