ന്യൂദല്‍ഹി: ഉന്നാവോ പീഡനകേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയും ഉത്തര്‍പ്രദേശ് മുന്‍ ബി.ജെ.പി എം.എല്‍.എയുമായ കുല്‍ദീപ് സിങ് സെന്‍ഗാറിന് ഇടക്കാല ജാമ്യം.
തിങ്കളാഴ്ച ദല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജാമ്യം.
ജസ്റ്റിസുമാരായ മുക്ത ഗുപ്ത, പൂനം എ. ബംബ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജനുവരി 27 മുതല്‍ ഫെബ്രുവരി 10 വരെയുള്ള 15 ദിവസത്തേക്കാണ് സെന്‍ഗാറിന് ഇടക്കാല ജാമ്യം അനുവദിച്ചത്.
ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ഡിസംബര്‍ 19നാണ് സെന്‍ഗാര്‍ കോടതിയെ സമീപിച്ചത്.
വിവാഹ ചടങ്ങുകള്‍ ജനുവരി 18നാണ് ആരംഭിക്കുന്നതെന്ന് പറഞ്ഞാണ് കുല്‍ദീപ് സിങ് സെന്‍ഗാര്‍ രണ്ട് മാസത്തെ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
എന്നാല്‍ വിവാഹചടങ്ങള്‍ ഇത്രയും ദിവസം നീണ്ടുപോയതിനെ കുറിച്ച് കോടതി ആരാഞ്ഞു. ഏതാനും ദിവസത്തിനുള്ളില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാമോ എന്നും കോടതി ചോദിച്ചു.
വിവാഹചടങ്ങുകളില്‍ പിതാവ് പങ്കെടുക്കണമെന്നും ചടങ്ങിന്റെ തീയതികള്‍ പുരോഹിതന്‍ നല്‍കിയിട്ടുണ്ടെന്നും സെന്‍ഗാറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് 15 ദിവസത്തേക്ക് സെന്‍ഗാറിന് ഇടക്കാല ജാമ്യം അനുവദിച്ചു.
2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് കുല്‍ദീപ് സിങ് സെന്‍ഗാര്‍.
സംഭവത്തെത്തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് കേസിലെ മുഖ്യ പ്രതി കുല്‍ദീപ് സിങ് സെന്‍ഗാറിനെ ബി.ജെ.പി പുറത്താക്കിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ആഗസ്റ്റിലാണ് ബി.ജെ.പി കുല്‍ദീപിനെ പുറത്താക്കിയത്.