| Friday, 9th August 2019, 2:14 pm

ഉന്നാവോ കേസില്‍ എം.എല്‍.എക്കെതിരെ കുറ്റം ചുമത്താന്‍ കോടതി നിര്‍ദേശം; ചുമത്തുന്നത് റേപ്പ് അടക്കമുള്ള കുറ്റങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉന്നാവോ ലൈംഗികാക്രമണക്കേസില്‍ ബി.ജെ.പിയില്‍ നിന്നു പുറത്താക്കപ്പെട്ട എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ കുറ്റം ചുമത്താന്‍ ദല്‍ഹി കോടതിയുടെ നിര്‍ദേശം. റേപ്പ്, ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തുക.

ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ധര്‍മേശ് ശര്‍മയാണ് ഉത്തരവിട്ടത്. പോക്‌സോയ്ക്കു കീഴിലുള്ള വകുപ്പുകളും ചുമത്തും. സംഭവം നടന്ന 2017-ല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താലാണിത്.

പെണ്‍കുട്ടിയെ എം.എല്‍.എ ലൈംഗികമായി ആക്രമിച്ചെന്ന ആരോപണം ശരിയാണെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.

കൂടാതെ പെണ്‍കുട്ടിയുടെ പരാതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവഗണിച്ചതായും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ വിചാരണയ്ക്കിടെ തീസ് ഹസാര്‍ കോടതിയിലായിരുന്നു സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്.

കേസില്‍ നേരത്തേ ലഖ്നൗ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നതായും പെണ്‍കുട്ടിയുടെ ആരോപണം ശരിവെയ്ക്കുന്നതായിരുന്നു അതിലെ കണ്ടെത്തലുകളെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

വാദം കേട്ടു മടങ്ങിപ്പോകുന്ന വഴി പെണ്‍കുട്ടിയുടെ അച്ഛനെ അതിക്രൂരമായി മര്‍ദ്ദിച്ചു, നാടന്‍ തോക്ക് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് വ്യാജക്കേസ് എടുത്തു എന്നീ കാര്യങ്ങളും സി.ബി.ഐ ശരിവെച്ചു.

ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് സെന്‍ഗാറിന്റെ സഹോദരന്റെ മര്‍ദ്ദനമേറ്റ് അദ്ദേഹം മരിക്കുന്നത്.

അതിനിടെ പെണ്‍കുട്ടിയുടെ സുരക്ഷിതത്വത്തില്‍ കോടതി ഇന്നലെ ആശങ്ക രേഖപ്പെടുത്തി. കോടതിനിര്‍ദേശപ്രകാരം ഇതേക്കുറിച്ചുള്ള രഹസ്യ റിപ്പോര്‍ട്ട് സി.ബി.ഐ കോടതിക്കു കൈമാറി.

പെണ്‍കുട്ടിയെ പരിപാലിക്കുന്നവരുടെ താമസം, ചെലവ്, അവര്‍ക്കു നല്‍കുന്ന അലവന്‍സ് എന്നീ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

പെണ്‍കുട്ടിക്കും കുടുംബത്തിനും കേസിലെ സാക്ഷികള്‍ക്കും സുരക്ഷ ഒരുക്കുന്നതിനു സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്നു നല്‍കണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്.

സെന്‍ഗറടക്കം കേസില്‍ പ്രതികളായ 11 പേരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. ഒരാള്‍ ഇനിയും പിടിയിലാകാനുണ്ട്.

അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും ആരോഗ്യനില ആശങ്കാജനകമായി തുടരുകയാണ്.

We use cookies to give you the best possible experience. Learn more