| Wednesday, 11th July 2018, 10:22 pm

ഉന്നാവോ ബലാത്സംഗക്കേസ്; ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ സി.ബി.ഐ കുറ്റപത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെനഗറിനെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകള്‍ കൂടിച്ചേര്‍ത്താണ് ബലാത്സംഗക്കേസില്‍ എം.എല്‍.എയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ സി.ബി.ഐ സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്.

2017 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി അഭ്യര്‍ത്ഥിച്ച് ബന്ധുവിനൊപ്പം എം.എല്‍.എയുടെ വീട്ടിലെത്തിയ 17കാരിയായ പെണ്‍കുട്ടിയെ കുല്‍ദീപ് സെനഗര്‍ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. എം.എല്‍.എയ്‌ക്കെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല.

തുടര്‍ന്ന് പെണ്‍കുട്ടിയും പിതാവും എം.എല്‍.എയുടെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെ സംഭവം രാജ്യ ശ്രദ്ധയിലെത്തുകയായിരുന്നു. വ്യാപക പ്രതിഷേധമുയര്‍ന്നതോടെ കേസ് സി.ബി.ഐയ്ക്കു കൈമാറുകയായിരുന്നു.


മധ്യപ്രദേശില്‍ പതിനാലുകാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് രണ്ടു തവണ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്


ഇതിനിടെ പൊലീസ് അറസ്റ്റ ചെയ്ത പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍വെച്ചു കൊല്ലപ്പെടുകയും ചെയ്തു. സി.ബി.ഐ കേസ് ഏറ്റെടുത്ത ശേഷമായിരുന്നു കുല്‍ദീപ് സെനഗര്‍ അറസ്റ്റിലായത്.

ബലാത്സംഗം, കലാപം ഉണ്ടാക്കല്‍, കേസിലെ ഇരയായ പെണ്‍കുട്ടിയുടെ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍വെച്ചു കൊല്ലപ്പെട്ട സംഭവം എന്നീ മൂന്ന് സംഭവങ്ങളിലാണ് സി.ബി.ഐ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ആദ്യ കുറ്റപത്രത്തില്‍ കുല്‍ദീപ് സെനഗറിന്റെ പേരുണ്ടായിരുന്നില്ല. കുല്‍ദീപിന്റെ സഹോദരനായ ജയ്ദീപ് സിങ് അടക്കം അഞ്ചു പേരുടെ പേരാണ് ഉണ്ടായിരുന്നത്. കൊലപാതകമടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. കുല്‍ദീപിന്റെ സഹായിയായ ശശി സിങിനെതിരെയും സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ബലാത്സംഗത്തിന് കൂട്ടുനിന്നതടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.


തെരഞ്ഞെടുപ്പ് അടുക്കവേ കുറ്റവാളികള്‍ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ “പൊതുമാപ്പ്”


എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്ന എല്ലാവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസിനാസ്പദമായ സംഭവം ഒരു വര്‍ഷം തികഞ്ഞിരിക്കുന്ന സമയത്താണ് പ്രധാന പ്രതിയായ ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ കുറ്റപത്രം പുറത്തുവന്നിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more