ലക്നൗ: ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി എം.എല്‍.എ പീഡനത്തിനിരയാക്കിയ പതിനാറുകാരിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രണ്ട് സബ് ഇന്സ്പെകട്ര്മാരെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
ഇരുവരെയും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിരിക്കുകയാണ്. ഉന്നാവോ ജില്ലയിലെ മാഖി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും. ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇരുവരെയും സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പതിനാറുകാരിയെ ബി.ജെ.പി എം.എല്‍.എ പീഡിപ്പിച്ചെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് സി.ബി.ഐ നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 13 നാണ് ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബി.ജെ.പി എം.എല്‍.എ ആയ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
പൊലീസ് അന്വേഷണത്തില്‍ ക്രമക്കേടുണ്ടെന്നും എം.എല്‍.എ യെ സഹായിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്നുമുള്ള പരാതിയെത്തുടര്‍ന്നാണ് യു.പി സര്‍ക്കാര്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.
ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ എം.എല്‍.എ യുടെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം പുറത്തുപറഞ്ഞാല്‍ കുടുംബത്തെയൊന്നാകെ നശിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് എം.എല്‍.എ യുടെ സുഹൃത്തുക്കളും ഈ വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാനായി പെണ്‍കുട്ടി എത്തിയപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പിന്നീട് പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍, ശശി സിംഗ് എന്നിവരെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്.