ലഖ്‌നൗ: ഉന്നാവ് കേസിലെ മുഖ്യ പ്രതി കുല്‍ദീപ് സിങ് സെന്‍ഗാറിനെ ബി.ജെ.പി പുറത്താക്കി. വ്യാപകപ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
സെന്‍ഗാറിനെതിരെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്നിട്ടും അദ്ദേഹത്തെ ജയിലിലടച്ചപ്പോഴും ബി.ജെ.പി അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നില്ല.
ലൈംഗികാതിക്രമ കേസ് വന്നപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നെന്നും ആ സസ്‌പെന്‍ഷന്‍ തുടരുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ബി.ജെ.പി യു.പി അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ലൈംഗികാതിക്രമ കേസ് വന്നപ്പോള്‍ തന്നെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നെന്നും എന്നാല്‍ വാര്‍ത്താക്കുറിപ്പ് ഇറക്കാന്‍ മറന്നുപോയെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
എന്നാല്‍ ഉന്നാവോ അപകടത്തിന് പിന്നാലെ സെന്‍ഗാറിനെതിരെ സി.ബി.ഐ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതോടെയാണ് ഇയാളെ പുറത്താക്കാന്‍ ബി.ജെ.പി നേതൃത്വം നിര്‍ബന്ധിതരായത്.
രണ്ട് വനിതാ പൊലീസുകാരുള്‍പ്പെടെ പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച മൂന്ന് പൊലീസുകാരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 13 മുതല്‍ ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണ് സെന്‍ഗാര്‍. എന്നാല്‍ സെന്‍ഗാര്‍ ജയിലിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ല.
ഉന്നാവോ അപകടവുമായി ബന്ധപ്പെട്ട് 25 പേര്‍ക്കെതിരെയാണ് സി.ബി.ഐ കേസ് എടുത്തിരിക്കുന്നത്.
പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പ്രതിഷേധം ഉണ്ടായിട്ടും എന്തുകൊണ്ടാണ് എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി വൈകുന്നത് എന്നതിന്റെ വ്യക്തമായ ഉത്തരമായിരുന്നു താക്കൂര്‍ ലോബി.
പ്രമുഖ താക്കൂര്‍ നേതാവായ സെന്‍ഗാറിനെ മണ്ഡലമായ ബെംഗര്‍മോയിലെ പാര്‍ട്ടി അണികള്‍ വിളിക്കുന്നത് ‘ബാഹുബലി’ എന്നാണ്.
മുന്‍പ് പല പാര്‍ട്ടികളിലും പ്രവര്‍ത്തിച്ച സെന്‍ഗാറിനെ പാര്‍ട്ടിയിലെത്തിക്കുമ്പോള്‍ ബി.ജെ.പി ആലോചിച്ചതും താക്കൂര്‍ വിഭാഗത്തിന്റെ പിന്തുണയെക്കുറിച്ചാണ്.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതില്‍ പ്രധാന പങ്കും താക്കൂര്‍ വിഭാഗക്കാരനായ സെന്‍ഗാറിനുണ്ട്.
ജൂണില്‍ ജയിലിലായിരുന്ന സെന്‍ഗാറിനെ അവിടെച്ചെന്ന് സന്ദര്‍ശിച്ച ഉന്നാവോ എം.പി സാക്ഷി മഹാരാജും ആ സ്വാധീനം എന്തെന്ന് പറഞ്ഞുതരുന്നു.
2018-ല്‍ ഉന്നാവോ കേസ് വാര്‍ത്തകളില്‍ ഇടംപിടിച്ചപ്പോള്‍ എം.എല്‍.എക്കെതിരെ നടപടിയുണ്ടാകുമെന്നായിരുന്നു ബി.ജെ.പി നേതാക്കള്‍ തന്നെ പറഞ്ഞത്. എന്നാല്‍ അതുണ്ടായില്ല. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ സെന്‍ഗാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിട്ടും അതില്‍ മാറ്റമുണ്ടായില്ല.