ലഖ്‌നൗ: ഉന്നാവ് കേസിലെ മുഖ്യ പ്രതി കുല്‍ദീപ് സിങ് സെന്‍ഗാറിനെ ബി.ജെ.പി പുറത്താക്കി. വ്യാപകപ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
സെന്‍ഗാറിനെതിരെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്നിട്ടും അദ്ദേഹത്തെ ജയിലിലടച്ചപ്പോഴും ബി.ജെ.പി അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നില്ല.
ലൈംഗികാതിക്രമ കേസ് വന്നപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നെന്നും ആ സസ്‌പെന്‍ഷന്‍ തുടരുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ബി.ജെ.പി യു.പി അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ലൈംഗികാതിക്രമ കേസ് വന്നപ്പോള്‍ തന്നെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നെന്നും എന്നാല്‍ വാര്‍ത്താക്കുറിപ്പ് ഇറക്കാന്‍ മറന്നുപോയെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
എന്നാല്‍ ഉന്നാവോ അപകടത്തിന് പിന്നാലെ സെന്‍ഗാറിനെതിരെ സി.ബി.ഐ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതോടെയാണ് ഇയാളെ പുറത്താക്കാന്‍ ബി.ജെ.പി നേതൃത്വം നിര്‍ബന്ധിതരായത്.
രണ്ട് വനിതാ പൊലീസുകാരുള്‍പ്പെടെ പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച മൂന്ന് പൊലീസുകാരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 13 മുതല്‍ ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണ് സെന്‍ഗാര്‍. എന്നാല്‍ സെന്‍ഗാര്‍ ജയിലിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ല.
ഉന്നാവോ അപകടവുമായി ബന്ധപ്പെട്ട് 25 പേര്‍ക്കെതിരെയാണ് സി.ബി.ഐ കേസ് എടുത്തിരിക്കുന്നത്.