ലക്‌നൗ: ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയും മുന്‍ ബി.ജെ.പി എം.എല്‍.എയുമായ കുല്‍ദീപ് സെനഗാറിന്റെ ഭാര്യ വരാനിരിക്കുന്ന യു.പി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
നിലവില്‍ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണാണ് ഇവര്‍. വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഫത്തേപ്പൂര്‍ ചൗരസ്യ ത്രിതിയ സീറ്റില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2021 ഏപ്രില്‍ 15 മുതല്‍ നാല് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കുറ്റംസമ്മതിച്ച കുല്‍ദീപ് സെനഗറിന് ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്നും അംഗത്വം നഷ്ടപ്പെട്ടിരുന്നു. നേരത്തെ ഇദ്ദേഹത്തെ ബി.ജെ.പിയില്‍ നിന്നും പുറത്താക്കിയിരുന്നു.
ഉന്നാവോയിലെ ബെഗര്‍മാ നിയോജകമണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സെനഗറിനെ നിയമപ്രകാരം അയോഗ്യനാക്കി വിജ്ഞാപനം ഇറക്കിയിരുന്നു.
ഉന്നാവോ കേസില്‍ ദല്‍ഹി പോക്സോ കോടതി കുല്‍ഗീപ് സെന്‍ഗറിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഉള്‍പ്പെടെ തന്റെ മേലുള്ള ബാധ്യതകള്‍ ഉയര്‍ത്തി സെനഗര്‍ ശിക്ഷയില്‍ ഇളവ് തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളിയിരുന്നു. പോക്‌സോ നിയമത്തിലെ അഞ്ച്, ആറ് വകുപ്പുകള്‍ ഉള്‍പ്പെടുത്തി ജീവപര്യന്തം ശിക്ഷക്ക് വിധിക്കുകയായിരുന്നു.
4 തവണ എം.എല്‍.എയായിരുന്ന സെന്‍ഗറിനെ 2019 ആഗസ്റ്റിലായിരുന്നു ബി.ജെ.പിയില്‍ നിന്നും പുറത്താക്കിയത്.
2017 ജൂണ്‍ 4 ന് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 17 വയസുകാരിയെ ലൈംഗികാതിക്രമം ചെയ്തുവെന്നാരോപിച്ചായിരുന്നു കേസ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Unnao rape accused Kuldeep Sengar’s wife to contest on BJP ticket in UP panchayat polls