| Monday, 23rd April 2018, 3:41 pm

ഉന്നാവോയില്‍ പെണ്‍കുട്ടിയെ ബലാത്സംഗ ചെയ്ത ബി.ജെ.പി എം.എല്‍.എയെ പിന്തുണച്ച് യു.പിയില്‍ റാലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: യു.പിയിലെ ഉന്നാവോയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ബി.ജെ.പി എം.എല്‍.എയെ പിന്തുണച്ച് റാലി. കേസില്‍ അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറിനെ പിന്തുണച്ചാണ് റാലി നടക്കുന്നത്.

തിങ്കളാഴ്ച നടന്ന റാലിയില്‍ ബാങ്ഗര്‍മൗ, സാഫിപൂര്‍, ബിഗാപൂര്‍ എന്നിവിടങ്ങളില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ഉന്നാവോ സംഭവം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് റാലി. “ഞങ്ങളുടെ എം.എല്‍.എ നിരപരാധിയാണ്” എന്ന വാക്യമുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ബലാത്സംഗക്കേസിലെ പ്രതിയ്‌ക്കെതിരെ ഒരുവിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെട്ട റാലി നഗര പഞ്ചായത്ത് പ്രസിഡന്റ് അനുജ് കുമാര്‍ ദീക്ഷിതാണ് നയിക്കുന്നത്. “ഞങ്ങളുടെ എം.എല്‍.എയെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിത്. അദ്ദേഹം നിരപരാധിയാണ്. കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.” റാലിയില്‍ പങ്കെടുത്ത ദീക്ഷിത് പറഞ്ഞു.

നേരത്തെ കഠ്‌വയിലും എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികളെ അനുകൂലിച്ചുകൊണ്ട് റാലി നടന്നിരുന്നു. രണ്ട് ബി.ജെ.പി മന്ത്രിമാര്‍ പങ്കെടുത്ത റാലി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് റാലി നടത്തിയതെന്ന് ബി.ജെ.പി മന്ത്രിമാര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.


Also Read: ബി.ജെ.പി നേതാക്കളില്‍ നിന്ന് പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കൂ; ഭരണഘടനയെ തൊടാന്‍ ബി.ജെ.പിയെ അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി


ഉന്നാവോ കേസ് സി.ബി.ഐ ഏറ്റെടുത്തതിനു പിന്നാലെ ബി.ജെ.പി എം.എല്‍.എയുടെ വൈ കാറ്റഗറി സുരക്ഷ യു.പി സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് എം.എല്‍.എ അറസ്റ്റിലായത്. അദ്ദേഹമിപ്പോള്‍ ജയിലിലാണ്.

കഴിഞ്ഞവര്‍ഷം ജൂണില്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന ആരോപണമാണ് ഇയാള്‍ക്കെതിരെയുള്ളത്. സംഭവത്തില്‍ പൊലീസ് കേസെടുക്കാത്തതില്‍ പ്രതിഷേധമറിയിച്ച് രംഗത്തുവന്ന പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more