|

ഉന്നാവോ സംഭവം; ബി.ജെ.പി എം.എല്‍.എയെ സസ്‌പെന്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉന്നാവോ ലൈംഗികാതിക്രമക്കേസിലെ പ്രതി കുല്‍ദീപ് സിംഗ് സെംഗാളിനെ ബി.ജെ.പി സസ്‌പെന്റ് ചെയ്തു. യു.പി ബി.ജെ.പി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗിന്റെതാണ് നടപടി. കേസിലെ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട സംഭവത്തെ തുടര്‍ന്നാണ് നടപടി.

എം.എല്‍.എക്കെതിരെ ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധു രംഗത്തെത്തിയിരുന്നു. എം.എല്‍.എ കുല്‍ ദീപ് സിംഗ് സെംഗാള്‍ കേസില്‍ നിന്ന് പിന്മാറാന്‍ തങ്ങളെ സമ്മര്‍ദ്ദം ചെലുത്തുന്നതായി ബന്ധു ആരോപിച്ചിരുന്നു.

എം.എല്‍.എ ഭീഷണിപ്പെടുത്തിയെന്നും സര്‍ക്കാരില്‍ നിന്ന് നീതികിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും ബന്ധു ആരോപിച്ചിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ബന്ധു ആരോപിക്കുന്നുണ്ട്.

വാഹനം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. കേസില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. സംഭവം ആസൂത്രിതമാണെന്ന് യുവതിയുടെ കുടുംബവും ആരോപിച്ചു.

സംഭവം പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇതിന് മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നായിരുന്നു ബി.ജെ.പിയുടെ മറുപടി. അതേസമയം സംഭവത്തിന് പിന്നില്‍ സമാജ് വാദി പാര്‍ട്ടിയാണെന്നും ബി.ജെ.പി ആരോപിച്ചു. അപകടത്തിനിടയാക്കിയ ട്രക്ക് സമാജ് വാദി പാര്‍ട്ടി നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ബി.ജെ.പി ആരോപിച്ചു.