ഫ്രാഞ്ചൈസി ലീഗിന് പുതിയ ഭാവുകത്വം നല്‍കിയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ഐ.പി.എല്‍ ലോകക്രിക്കറ്റിന് മുമ്പില്‍ അവതരിച്ചത്. ഐ.പി.എല്ലിന്റെ ചുവടുപിടിച്ച് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗും വൈറ്റാലിറ്റി ബ്ലാസ്റ്റും അടക്കമുള്ള നിരവധി ലീഗുകള്‍ ലോകത്തിന്റെ പല കോണുകളിലായി ഉയര്‍ന്നുവന്നു.
അത്തരത്തില്‍ ബംഗ്ലാദേശില്‍ പിറവിയെടുത്ത ഫ്രാഞ്ചൈസി ലീഗാണ് ബി.പി.എല്‍ എന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്. ബംഗ്ലാദേശില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടിയ ബി.പി.എല്ലിനെ തേടി ഒരു സന്തോഷവാര്‍ത്തയെത്തിയതിന്റെ ആവേശത്തിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ആരാധകരും.
ഇതാദ്യമായി ഒരു ഇന്ത്യന്‍ താരം ബി.പി.എല്ലില്‍ കളിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് ആരാധകരെ സന്തോഷിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഇന്ത്യയിലും തങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബി.പി.എല്ലും.
മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദാണ് ബി.പി.എല്ലുമായി കരാറിലെത്തിയിരിക്കുന്നത്. ചാറ്റോഗ്രാം ചാലഞ്ചേഴ്‌സിന് വേണ്ടിയാണ് താരം പുതിയ സീസണില്‍ ബാറ്റേന്തുക.\
തങ്ങളുടെ ഒരു താരത്തെ പോലും മറ്റ് ഫ്രാഞ്ചൈസി ലീഗില്‍ കളിക്കാന്‍ ബി.സി.സി.ഐ ഇതുവരെ അനുവദിച്ചിട്ടില്ല. മറ്റ് പല രാജ്യങ്ങളുടെയും താരങ്ങള്‍ ഐ.പി.എല്ലില്‍ കളിക്കുമ്പോള്‍ തന്നെയാണ് ബി.സി.സി.ഐ ഇത്തരം നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്.
ഈ സാഹചര്യത്തില്‍ ഉന്‍മുക്ത് ചന്ദ് എങ്ങനെ ബി.പി.എല്ലില്‍ കളിക്കുന്നു എന്ന ആശ്ചര്യത്തിലാണ് ഇന്ത്യന്‍ ആരാധകര്‍. ഇതിന് പ്രധാന കാരണം ഉന്‍മുക്ത് ചന്ദ് ബി.സി.സി.ഐയുടെ അധികാര പരിധിയില്‍ വരില്ല എന്നതുതന്നെയാണ്.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ തന്നെ ഉന്‍മുക്ത് ചന്ദ് ബി.സി.സി.ഐയുടെ ജൂറിസ്ഡിക്ഷനില്‍ വരുന്ന എല്ലാ മത്സരങ്ങളും കളിക്കുന്നത് അവസാനിപ്പിച്ചിരുന്നു. നിലവില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ താമസിക്കുന്ന താരം യു.എസ്.എ ആസ്ഥാനമാക്കിയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്.
2024 ലോകകപ്പിനുള്ള യു.എസ്.എ ടീമില്‍ ഇടം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഉന്‍മുക്ത് ഇപ്പോള്‍ കളിക്കുന്നത്.
ബി.പി.എല്ലിന് പുറമെ ബി.ബി.എല്ലും (ബിഗ് ബാഷ് ലീഗ്) കളിച്ച ഏക ഇന്ത്യന്‍ താരം ഉന്‍മുക്ത് ചന്ദ് തന്നെയാണ്. 2021-22 സീസണില്‍ താരം മെല്‍ബണ്‍ റെനഗെഡ്‌സിന് വേണ്ടി രണ്ട് മത്സരം കളിക്കുകയും 35 റണ്‍സ് നേടുകയും ചെയ്തിരുന്നു.
ഇന്ത്യക്കായി 67 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച താരമാണ് ഉന്‍മുക്ത് ചന്ദ്. 31.75 ശരാശരിയില്‍ 3,379 റണ്‍സാണ് താരം നേടിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 41.33 ശരാശരിയില്‍ 4,505 റണ്‍സാണ് താരം സ്വന്തമാക്കിയത്.
Content Highlight: Unmukt Chand becomes the first Indian star to play in BPL