| Tuesday, 23rd January 2024, 10:58 am

ഇന്ത്യ വിട്ടതിന് ശേഷം ഇന്ത്യക്കെതിരെ കളിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം; ഇന്ത്യയെ ഐ.സി.സി ലോകകപ്പ് ചൂടിച്ചവന്‍ പറയുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയില്‍ നിന്നും വിരമിച്ചതിന് ശേഷം ഇന്ത്യക്കെതിരെ കളിക്കുക എന്നതായിരുന്നു തന്റെ പ്രധാന ലക്ഷ്യം എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യയെ U19 ലോകകപ്പ് ചൂടിച്ച ക്യാപ്റ്റനുമായ ഉന്‍മുക്ത് ചന്ദ്.

2021ല്‍ ഇന്ത്യയില്‍ നിന്നും ഉന്‍മുക്ത് അമേരിക്കയിലേക്ക് ചേക്കേറിയിരുന്നു. ഇപ്പോള്‍ അമേരിക്കന്‍ ദേശീയ ടീമിന്റെ യോഗ്യതക്കായുള്ള തയ്യാറെടുപ്പിലാണ് ഉന്‍മുക്ത് ചന്ദ്. ഈ മാര്‍ച്ചില്‍ അമേരിക്കക്കായി കളത്തിലിറങ്ങാന്‍ മുന്‍ ഇന്ത്യന്‍ നായകന് സാധിക്കും.

മൂന്ന് വര്‍ഷക്കാലം, വര്‍ഷത്തില്‍ പത്ത് മാസം അമേരിക്കയില്‍ തുടരുക എന്ന മാനദണ്ഡം ഈ മാര്‍ച്ചോടെ താരം പൂര്‍ത്തിയാക്കും.

അമേരിക്കന്‍ ടീമില്‍ ഇടം നേടുന്നതോടെ ഈ വര്‍ഷം നടക്കുന്ന ടി-20 ലോകകപ്പിലും ഉന്‍മുക്ത് ചന്ദ് യു.എസ്.എയുടെ ഭാഗമാകും. ടീമിന്റെ ക്യാപ്റ്റനാകാനുള്ള സാധ്യതകളും ഏറെയാണ്.

ഇപ്പോള്‍ ഇന്ത്യക്കെതിരെ കളിക്കുന്നതിനെ കുറിച്ച് സംസാരിക്കുകാണ് ഉന്‍മുക്ത് ചന്ദ്. ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

‘ഇത് ഏറെ വിചിത്രമായ ഒരു കാര്യമാണ് (ചിരിക്കുന്നു). ഇന്ത്യയില്‍ നിന്നും വിരമിച്ചതിന് ശേഷം ഇന്ത്യക്കെതിരെ കളിക്കുക എന്നതായിരുന്നു എന്റെ പ്രധാന ലക്ഷ്യം. ഇതൊരിക്കലും ഒരു മോശം അര്‍ത്ഥത്തിലല്ല ഞാന്‍ സംസാരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ എന്നെ തന്നെ പരീക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ താരം പറഞ്ഞു.

ഉന്‍മുക്തിന്റെ ആ ലക്ഷ്യത്തിന് ഇനി അഞ്ച് മാസത്തില്‍ താഴെ മാത്രം കാത്തിരുന്നാല്‍ മതിയാകും. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2024 ടി-20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും അമേരിക്കയും പരസ്പരം ഏറ്റുമുട്ടും.

ഉന്‍മുക്ത് ചന്ദിന് പുറമെ 2012 U19 ലോകകപ്പില്‍ ഇന്ത്യക്കായി വിജയ റണ്‍ കുറിച്ച സ്മിത് പട്ടേലും ഹര്‍മീത് സിങ്ങും ലോകകപ്പില്‍ അമേരിക്കക്കായി കളത്തിലിറങ്ങും.

ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എ-യിലാണ് യു.എസ്.എയുടെ സ്ഥാനം. ജൂണ്‍ 12നാണ് ഇന്ത്യ – യു.എസ്.എ പോരാട്ടം. ന്യൂയോര്‍ക്കാണ് വേദി.

ജൂണ്‍ ഒന്നിനാണ് ടി-20 ലോകകപ്പ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയര്‍ ജയിച്ചെത്തിയ കാനഡയെ നേരിടും. ജൂണ്‍ അഞ്ചിനാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്നത്. അയര്‍ലന്‍ഡാണ് എതിരാളികള്‍

ടി-20 ലോകകപ്പ് 2024 ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ

കാനഡ
ഇന്ത്യ
അയര്‍ലന്‍ഡ്
പാകിസ്ഥാന്‍
യു.എസ്.എ

ഗ്രൂപ്പ് ബി

ഓസ്‌ട്രേലിയ
ഇംഗ്ലണ്ട്
നമീബിയ
ഒമാന്‍
സ്‌കോട്‌ലാന്‍ഡ്

ഗ്രൂപ്പ് സി

അഫ്ഗാനിസ്ഥാന്‍
ന്യൂസിലാന്‍ഡ്
പപ്പുവ ന്യൂ ഗിനിയ
ഉഗാണ്ട
വെസ്റ്റ് ഇന്‍ഡീസ്

ഗ്രൂപ്പ് ഡി

ബംഗ്ലാദേശ്
നേപ്പാള്‍
നെതര്‍സലന്‍ഡ്‌സ്
സൗത്ത് ആഫ്രിക്ക
ശ്രീലങ്ക

Content Highlight: Unmukt Chand about playing against India

We use cookies to give you the best possible experience. Learn more