അവിവാഹിതയും വിധവയുമായ മകൾക്ക് പിതാവിന്റെ സ്വത്തിൽ അവകാശം; വിവാഹമോചിതയായ മകൾക്കില്ല: ദൽഹി ഹൈകോടതി
ന്യൂദൽഹി: അവിവാഹിതയോ വിധവയോ ആയ മകൾക്ക് മരണപ്പെട്ട പിതാവിന്റെ സ്വത്തിൽ അവകാശമുണ്ടെന്നും വിവാഹമോചിതയായ മകൾക്ക് ഇല്ലെന്നും ദൽഹി ഹൈകോടതി.
അമ്മയിൽ നിന്നും സഹോദരനിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ടുകൊണ്ട് വിവാഹമോചിതയായ യുവതി നൽകിയ ഹരജി തള്ളിയ കുടുംബകോടതി വിധിക്കെതിരെ നൽകിയ ഹരജി തള്ളിക്കൊണ്ടായിരുന്നു ഹൈകോടതി വിധി.
ആശ്രിതർക്ക് ജീവനാംശം ആവശ്യപ്പെടാവുന്ന ഹിന്ദു അഡോപ്ഷൻസ് ആൻഡ് മെയിന്റനൻസ് ആക്റ്റിന്റെ (എച്ച്.എ.എം.എ) 21-ാം വകുപ്പ് പ്രകാരമാണ് ജീവനാംശത്തിന് ഹരജിക്കാരി അവകാശപ്പെട്ടിരിക്കുന്നതെന്ന് കോടതി പറഞ്ഞു.
കുടുംബത്തിലെ ഒമ്പത് വിഭാഗങ്ങൾക്ക് ജീവനാംശം അനുവദിക്കുന്ന നിയമം വിവാഹമോചിതയായ മകളുടെ കാര്യം പറയുന്നില്ലെന്നും കോടതി പറഞ്ഞു.
‘പരേതന്റെ സ്വത്തിൽ അവിവാഹിതയും വിധവയുമായ മകൾക്കുമുള്ള അവകാശം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ജീവനാംശത്തിന് അവകാശമുള്ളവരുടെ വിഭാഗത്തിൽ വിവാഹമോചിതയായ മകൾ ഉൾപ്പെടുന്നില്ല,’ ജസ്റ്റിസുമാരായ സുരേഷ് കുമാറിന്റെയും നീന ബൻസാൽ കൃഷ്ണയുടെയും ബെഞ്ച് വ്യക്തമാക്കി.
1999ൽ മരണപ്പെട്ട യുവതിയുടെ പിതാവ് നാല് അവകാശികൾക്കാണ് സ്വത്ത് ബാക്കി വെച്ചത് – ഭാര്യ, മകൻ, രണ്ട് പെണ്മക്കൾ. പരാതിക്കാരിക്ക് നിയമപ്രകാരമുള്ള അവകാശി എന്ന നിലക്ക് അവകാശം നൽകിയിരുന്നില്ല. സ്വത്തിലുള്ള തന്റെ അവകാശത്തിനായി സമീപിക്കില്ല എന്ന ഉറപ്പിൽ അമ്മയും ജ്യേഷ്ഠനും തനിക്ക് പ്രതിമാസം 45,000 രൂപ നൽകാമെന്ന് ധാരണയായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു.
2014 നവംബറിന് ശേഷം തനിക്ക് ജീവനാംശം നൽകിയിട്ടില്ല എന്നാണ് പരാതി.
ഭർത്താവ് തന്നെ ഉപേക്ഷിച്ചുപോയതാണെന്നും 2001ൽ എക്സ് പാർട്ടെ (പ്ര വിഭാഗത്തിന്റെ വാദം മാത്രം കേട്ടുള്ള നടപടി) പ്രകാരം വിവാഹമോചനം ലഭിക്കുകയായിരുന്നു എന്നും യുവതി പറഞ്ഞു.
തനിക്ക് ഭർത്താവിൽ നിന്ന് ജീവനാംശമോ സ്വത്തോ ലഭിച്ചിട്ടില്ലെന്ന വസ്തുത കുടുംബകോടതി പരിഗണിച്ചില്ലെന്നും യുവതി പറഞ്ഞു.
‘സാഹചര്യം എത്ര വിഷമകരമാണെങ്കിലും എച്ച്.എ.എം.എ പ്രകാരം അവർ ‘ആശ്രിത’ അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പിതാവിന്റെ സ്വത്തിൽ നിന്ന് യുവതിക്ക് നേരത്തെ തന്നെ ഓഹരി ലഭിച്ചതാണെന്നും അതിനാൽ തന്നെ ഇനി ജീവനാംശത്തിന് അവകാശവാദം ഉന്നയിക്കാൻ കഴിയില്ല എന്നും കോടതി വ്യക്തമാക്കി.
Content Highlight: Unmarried, widowed daughter entitled to deceased father’s estate, not divorced daughter: Delhi HC