| Thursday, 23rd June 2022, 9:50 pm

വാട്ട് എ വിക്കറ്റ്, നിര്‍ഭാഗ്യം പേറി ന്യൂസിലാന്‍ഡ് താരം; ലോക ക്രിക്കറ്റിലെ ബെസ്റ്റ് വിക്കറ്റിലേക്ക് ഇതാ ഒന്നുകൂടി; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റിലെ അണ്‍പ്രഡിക്ടബിലിറ്റി ഒരിക്കല്‍ക്കൂടി വ്യക്തമാവുന്ന നിമിഷത്തിനായിരുന്നു ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് സാക്ഷ്യം വഹിച്ചത്. ക്രിക്കറ്റിലെ തന്നെ നിര്‍ഭാഗ്യകരമായ ഒരു ഡിസ്മിസലായിരുന്നു മത്സരത്തില്‍ നടന്നത്.

ന്യൂസിലാന്‍ഡ് ഇന്നിങ്‌സിലെ 56ാം ഓവറിലലായിരുന്നു മനോഹരമായ ഈ വിക്കറ്റ് പിറന്നത്. മനോഹരം എന്നതിലുപരി ബാറ്ററുടെ നിര്‍ഭാഗ്യമായിരുന്നു ഈ പുറത്താവലിലൂടെ കണ്ടത്. ബാറ്ററെ പുറത്താക്കാന്‍ സഹായിച്ചതാവട്ടെ സഹതാരവും.

ഇംഗ്ലീഷ് സ്പിന്നര്‍ ജാക്ക് ലീച്ച് എറിഞ്ഞ 56ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം. സ്‌ട്രെയ്റ്റ് ഷോട്ട് കളിച്ച് ബൗണ്ടറി നേടാനായിരുന്നു ബാറ്റര്‍ ഹെന്റി നിക്കോളാസിന്റെ ശ്രമം. ആ ശ്രമത്തില്‍ ഷോട്ട് എക്‌സിക്യൂഷന്‍ വരെ നിക്കോളാസ് വിജയിച്ചിരുന്നു, എന്നാല്‍ പിന്നീടാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്.

നിക്കോളാസ് അടിച്ച ഷോട്ട് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുകയായിരുന്ന ഡാരില്‍ മിച്ചലിന്റെ ബാറ്റില്‍ കൊള്ളുകയും ഉയര്‍ന്നുപൊങ്ങുകയുമായിരുന്നു. അവസരം മുതലാക്കിയ ഇംഗ്ലീഷ് ഫീല്‍ഡര്‍ അലക്‌സ് ലീസ് പന്ത് അനായാസം കൈപ്പിടിയിലൊതുക്കുകയും ചെയ്തു.

പന്തിന്റെ ട്രാജക്ടറിയില്‍ നിന്നും സ്വയം ഒഴിഞ്ഞുമാറിയെങ്കിലും മിച്ചലിന്റെ ബാറ്റായിരുന്നു സഹതാരത്തെ ചതിച്ചത്. എന്താണ് സംഭവിച്ചതെന്ന് ബാറ്റര്‍ക്കും പന്തെറിഞ്ഞ ലീച്ചിനും ആദ്യം പിടികിട്ടിയിരുന്നില്ല.

സംഭവം വ്യക്തമായതോടെ നിക്കോളാസ് തലകുനിച്ച് പവലിയനിലേക്ക് നടത്തം തുടങ്ങുമ്പോള്‍ ലീച്ച് വിക്കറ്റ് സെലിബ്രേഷനും തുടങ്ങിയിരുന്നു.

99 പന്തില്‍ നിന്നും 19 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ചിരിക്കവെയാണ് നിക്കോളാസിന്റെ വിക്കറ്റ് കിവികള്‍ക്ക് നഷ്ടമാവുന്നത്.

നേരത്തെ, ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുമ്പത്തെ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ട് പരമ്പര കൈവിട്ടതിനാല്‍ മുഖം രക്ഷിക്കാനെങ്കിലും ന്യൂസിലാന്‍ഡിന് വിജയം അനിവാര്യമാണ്.

നിലവില്‍, 72 ഓവര്‍ പിന്നിടുമ്പോള്‍ 183 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയിലാണ് കിവീസ്. പതിവില്‍ നിന്നും വിപരീതമായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. 64 പന്തില്‍ നിന്നും 31 റണ്‍സാണ് താരം സ്വന്തമാക്കിയത്.

106 പന്തില്‍ നിന്നും 54 റണ്‍സെടുത്ത ഡാരില്‍ മിച്ചലും 53 പന്തില്‍ നിന്നും 31 റണ്‍സുമായി ടോം ബ്ലണ്ടലുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

Content Highlight: Unlucky dismissal of New Zealand star Henry Nicholas during England-New Zealand 3rd Test

We use cookies to give you the best possible experience. Learn more