| Thursday, 3rd December 2020, 3:12 pm

സിനിമയില്‍ കാണുന്നപോലെ അല്ല, ഈ കാരണം കൊണ്ടാണ് വിജയ് മല്ല്യയുടെ കിങ് ഫിഷറിന് കമ്പനി കൈമാറുന്നത്'; കാരണം വ്യക്തമാക്കി ക്യാപ്റ്റന്‍ ഗോപിനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെംഗളൂരു: സൂര്യ നായകനായ സുരരൈ പോട്ര് എന്ന ചിത്രത്തിന് ശേഷം ക്യാപ്റ്റന്‍ ഗോപിനാഥ് എന്ന പേര് ഇന്ന് എല്ലാവര്‍ക്കും പരിചിതമാണ്. ഗോപിനാഥിന്റെ ‘സിംപ്ലി ഫ്ളൈ എ ഡെക്കാന്‍ ഒഡീസി’ എന്ന ആത്മകഥയെ അടിസ്ഥാനമാക്കിയാണ് സുരരൈ പോട്ര് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.

സിനിമയില്‍ പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് എത്തിയ സൂര്യയുടെ മാരന്‍ കമ്പനി വില്‍ക്കുന്നില്ല എന്ന തീരുമാനത്തിലാണ് എത്തുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിത്തില്‍ ക്യാപ്റ്റന്‍ ഗോപിനാഥ് തന്റെ കമ്പനി വിജയ് മല്ല്യയ്ക്ക് വില്‍ക്കുന്നുണ്ട്. ഇതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ക്യാപ്റ്റന്‍ ഗോപിനാഥ്.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ എന്തുകൊണ്ടാണ് എയര്‍ ഡെക്കാന്‍ വിജയ് മല്ല്യയ്ക്ക് നല്‍കിയതെന്ന് വിശദീകരിച്ചത്. 2003ല്‍ 48 സീറ്റുകളുള്ള ആറ് ട്വിന്‍ ടര്‍ബോപ്രോപ് എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചാണ് എയര്‍ ഡെക്കാന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2007 ആയപ്പോഴേക്കും 67 എയര്‍പോര്‍ട്ടുകളില്‍ നിന്നായി ചെറിയ ടൗണുകളില്‍ നിന്നടക്കം ദിവസേന 380 ഫ്‌ളൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഘട്ടമെത്തി. തുടക്കത്തില്‍ ശരാശരി 2000 യാത്രക്കാരായിരുണ്ടായിരുന്നത് നാലുവര്‍ഷം കൊണ്ട് ദിനംപ്രതി 25000 യാത്രക്കാരായി. ഇതിനിടെ മറ്റു എയര്‍വേഴ്‌സുകളും തങ്ങളുടെ പാത പിന്തുടര്‍ന്നു.

ഇതോടെ മത്സരം കടുപ്പമായി കൂടുതല്‍ ഫണ്ടും വേണ്ടി വന്നു. അങ്ങനെയാണ് 2007 ല്‍ വിജയ് മല്ല്യയുടെ കിംഗ് ഫിഷര്‍ ഗ്രൂപ്പിന് കമ്പനി കൈമാറുന്നത്. ഡെക്കാന്റെ ലോ കോസ്റ്റ് എയര്‍വേഴ്‌സ് എന്ന ആശയം ‘കിംഗ്ഫിഷര്‍ റെഡ്’ എന്ന പേരില്‍ റീ ബ്രാന്‍ഡ് ചെയ്തു. സിനിമയില്‍ കാണുന്നപോലെ തങ്ങള്‍ തമ്മില്‍ വിദ്വേഷം ഒന്നുമില്ല. പിന്നീട് ഡെക്കാന്‍ 360 തുടങ്ങിയെങ്കിലും അവിടെയും ഫണ്ട് പ്രശ്‌നമായെന്നും തുടര്‍ന്നാണ് വ്യോമയാന ബിസിനസില്‍ നിന്ന് മാറുന്നതെന്നും ക്യാപ്റ്റന്‍ ഗോപിനാഥ് പറഞ്ഞു.

അതേസമയം സുരരൈ പോട്രിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഈ വര്‍ഷത്തെ സിനിമ ഇതാണെന്നായിരുന്നു സാമന്ത അഭിപ്രായപ്പെട്ടത്.

സുധാ കൊംഗാര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം മോഹന്‍ ബാബു, പരേഷ് റവാല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ജി.വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ ടെയിന്‍മെന്റിസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച കാപ്പാനാണ് താരത്തിന്റെതായി അവസാനം റിലീസ് ചെയ്ത സിനിമ.

ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ വൈറലായിരുന്നു. മലയാളത്തിന്റെ സ്വന്തം ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ചിത്രത്തില്‍ ഗാനം ആലപിച്ചിട്ടുണ്ട്.

സ്പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ വെച്ചായിരുന്നു ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ ലോഞ്ച് നടത്തിയത്. സ്പൈസ് ജെറ്റ് ഉടമ അജയ് സിങ്ങുമായി ചേര്‍ന്നാണ് പാട്ടു പുറത്തിറക്കിയിരിക്കുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Unlike in the Soorari potru movie, this is why the Air Decan is handing over the company to Vijay Mallya’s Kingfisher ‘; Captain Gopinath clarified the reason

We use cookies to give you the best possible experience. Learn more