| Wednesday, 29th April 2020, 4:27 pm

ഒരു പുനര്‍ജന്മം കൊണ്ടുമാത്രമേ കോണ്‍ഗ്രസിന് ഭാവിയുള്ളൂ- സല്‍മാന്‍ ഖുര്‍ഷിദ് എഴുതുന്നു

സല്‍മാന്‍ ഖുര്‍ഷിദ്

കൊവിഡിനെതിരെയുള്ള പോരാട്ടം നമ്മുടെ സൗകര്യാനുസൃതം തെരഞ്ഞെടുക്കാവുന്ന ഒന്നല്ല. അങ്ങേയറ്റം ഒത്തൊരുമയും സര്‍വ മനുഷ്യരുടെയും കൂട്ടുത്തരവാദിത്വവും അനിവാര്യമായ നിര്‍ബന്ധിത കടമയാണത്. ഈ മഹാമാരിക്കെതിരെയുള്ള നമ്മുടെ യുദ്ധം ഇന്നത്തെ ജീവിത-മരണ കണക്കുകള്‍ മാറ്റിയെഴുതുന്നതോടൊപ്പം വരും തലമുറകള്‍ക്ക് വേണ്ടി നാം ചെയ്ത സംഭവനകളായി ചരിത്രത്തിന്റെ ചുവരുകളില്‍ രേഖപ്പെടുത്തും.

ഈ പ്രതിസന്ധി ഘട്ടത്തിലും വര്‍ഗീയതയുടെ വിഷം വമിപ്പിച്ച് സമൂഹത്തെ ഭിന്നിപ്പിക്കുവാന്‍ ഒരുമ്പെട്ടിറിങ്ങിയവര്‍ ജനതയെ ഒന്നാകെ കൊലക്ക് കൊടുക്കാന്‍ തീരുമാനിച്ചതിന് സമാനമാണ്. ആളുകള്‍ മരിച്ചുവീഴുമ്പോഴും തമ്മിലടിപ്പിച്ചു നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ ചെയ്യുന്നതൊക്കെയും അന്താരാഷ്ട്ര സമൂഹം കണ്‍നിറയെ കാണുന്നുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ യാഥാസ്ഥികത്വത്തിലേക്കും സാംസകാരിക സംരക്ഷണവാദത്തിലേക്കുമൊക്കെ നീങ്ങുന്നുണ്ടെങ്കിലും ജനാധിപത്യം പാടെ അസ്തമിച്ചിട്ടൊന്നുമില്ല. പോപ്പുലിസ്‌റ് ഭരണാധികാരികള്‍ തങ്ങളുടെ രാജ്യങ്ങളെ മുന്‍കൂട്ടി കാണാത്ത പ്രതിസന്ധികളിലേക്ക് തള്ളിവിടുമെന്നത് വാസ്തവം തന്നെയാണ്. എന്നാല്‍ രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളില്‍ അപ്പാടെ തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിക്കപ്പെടുന്നത് ലോകത്ത് ഇന്ത്യയില്‍ മാത്രമായിരിക്കും.

നിര്‍ഭാഗ്യകരമെന്നു പറയട്ടെ, സ്വയം കേന്ദ്രീകൃത ഭൂപരിപക്ഷവാദമായും, സാങ്കല്പിക ഇരവാദമായും, സങ്കുചിത ന്യൂനപക്ഷ പ്രീണനമെന്ന പദപ്രയോഗത്തിലൂടെയും മിനുക്കി അവതരിപ്പിക്കുന്ന വെറുപ്പിന്റെ മഹാസമുദ്രത്തില്‍ ഗതിയില്ലാതെ ഒഴുക്കില്‍ പെട്ട് രാജ്യത്തിന്റെ പുരോഗമന, ഉത്പതിഷ്ണു മൂല്യങ്ങള്‍ എന്നെന്നേക്കുമായി നഷ്ടമാകുന്നതിന്റെ വക്കിലാണ് ഇന്ത്യ ഇന്ന്.

വര്‍ഗീയത ധ്വനിപ്പിക്കരുതെന്ന കരുതലില്‍ പ്രത്യേക സാമുദായിക പ്രാതിനിധ്യം പോലും ഒരിടത്തും അവശ്യപ്പെടുന്നതില്‍ നിന്നും കാലങ്ങളോളം പിന്‍വാങ്ങി നിന്നിരുന്ന മുസ്ലിം പൊതു മുഖങ്ങള്‍ പോലും ഇന്ന് മുസ്ലിം സമുദായത്തിലെ ചില വ്യക്തികളോ, സംഘടനകളോ ചെയ്ത കൊള്ളരുതായ്മകളെ അപലപിക്കുവാനും അതിന്മേല്‍ അഭിപ്രായം രേഖപ്പെടുത്തുവാനും നിര്‍ബന്ധിതരായി മാറിയിരിക്കുന്നു.

തബ്ലീഗ് ജമാഅത്തുകാരുടെ രഹസ്യാത്മകതയും അവരുടെ ദീര്‍ഘവീക്ഷണരാഹിത്യവും ഔചിത്യമില്ലായ്മയും പൊലിപ്പിച്ചു കാണിക്കുവാനുള്ള എതിരാളികളുടെ ഏറിയ ശുഷ്‌കാന്തിയും ഒക്കെ ചേര്‍ന്ന് ഇതൊരു അങ്ങേയറ്റം അസാധാരണമായ കേസായി മാറി. എന്നാല്‍, അവര്‍ക്കുമേല്‍ നിലവില്‍ ലഭ്യമായ വസ്തുതകള്‍ മുന്‍നിര്‍ത്തി ക്രിമിനല്‍ ബാധ്യത ആരോപിക്കാന്‍ സാധ്യമല്ല. അനാസ്ഥയുടെ പരിധി പോലും അല്‍പം വലുതാക്കി കല്‍പിക്കേണ്ടി ഇവരെ കുറ്റക്കാരെന്ന് വിധിക്കാന്‍.

തീര്‍ച്ചയായും ഒരാള്‍ക്ക് വൈറസ് ബാധയേറ്റാല്‍ പോലും അത് ഗൗരവതരമാണ്. എന്നാല്‍ വൈറസ് ബാധിതരായ തബ്ലീഗ്കാരുടെ എണ്ണം ഇത്രയധികം ഉയര്‍ന്നതായി കാണുന്നതിന് കാരണം ഒന്നുകില്‍ അവ പെരുപ്പിച്ച് കാണിക്കുന്നതിനാലോ അല്ലെങ്കില്‍ അവര്‍ക്കിടയില്‍ വ്യാപകമായി ടെസ്റ്റുകള്‍ നടത്തുന്നതിനാലോ ആയിരിക്കും. അങ്ങനെയൊക്കെയായിരുന്നാലും, ചെറിയ പൂരത്തിനല്ല അവര്‍ തിരി കൊളുത്തിയത്. അവരോ, മുസ്ലിങ്ങള്‍ പൊതുവിലോ എളുപ്പത്തില്‍ രക്ഷപ്പെടാനും സാധ്യതയില്ല.

എന്നാല്‍ കൊവിഡ് വ്യാപനത്തിന് തബ്ലീഗുകാരെ പഴിചാരുന്ന വസ്തുനിഷ്ഠ-നിരീക്ഷകര്‍ ആരും തന്നെ ഡിഫെന്‍സ് കോളനിയിലെ സുരക്ഷാ ഗാര്‍ഡിന് നേരെയും, ദല്‍ഹിയിലെവിടെയോ ഉള്ളൊരു പച്ചക്കറി വില്പനക്കാരനെതിരേയും ഒക്കെ നടന്ന കുപ്രചാരണങ്ങളെക്കുറിച്ചോ കൊവിഡിന്റെ പേരില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെക്കുറിച്ചോ വിശദീകരിക്കുവാന്‍ തയാറല്ല. മുസ്ലിം കച്ചവടക്കാരോട് തങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലെക്കു സാധനങ്ങള്‍ വില്‍ക്കുവാന്‍ പ്രവേശിക്കരുതെന്ന് വിലക്കിയത് സത്യമല്ലാതുണ്ടോ?

തങ്ങളുടെ ഭൂരിപക്ഷവാദ അജണ്ടകളില്‍ ആശ്വസിക്കുവാനുള്ള മതിയായ കാരണങ്ങള്‍ ബി.ജെ.പിക്കു ഇതിനോടകം ലഭിച്ചിട്ടുണ്ട്. അതുവഴി തുടര്‍ച്ചയായ തെരഞ്ഞടുപ്പുകളില്‍ വോട്ടുകള്‍ വാരിക്കൂട്ടാമെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു. ചില സംസ്ഥാനങ്ങളിലെ പാര്‍ട്ടി നേതാക്കള്‍ ഇതിനോട് യോജിക്കാതെയുമുണ്ട്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നന്നായി കാലുറപ്പിച്ച മട്ടാണ്.

കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് ബി.ജെ.പിക്കു അധികാരം കൈമാറി സ്വയം അര്‍ത്ഥശൂന്യമായ ഒരു ന്യൂനപക്ഷമായി മാറി ബി.എസ്.പി-എസ്.പി സഖ്യം. കോണ്‍ഗ്രസ് കുറച്ചു നാളുകളായി തന്നെ മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചുകൊണ്ടിരുന്നത്, എന്നാല്‍ അതിന് കാരണം പൂര്‍ണമായും ബി.ജെ.പി ആയിരുന്നില്ല. 1980-കളിലെ അയോധ്യ വര്‍ഗീയ കലാപത്തോടെയാണ് ഞങ്ങളുടെ പതനം ആരംഭിക്കുന്നത്.

ബി.എസ്.പിയും എസ് പിയും നിഷ്‌കരുണമായി ഞങ്ങളുടെ വോട്ടുബാങ്കുകള്‍ കൈക്കലാക്കി. ഇന്ന് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അയോധ്യ അവരുടെ കിരീടത്തിലെ മറ്റൊരു തൂവലായി മാറിക്കഴിഞ്ഞു. സര്‍ക്കാര്‍ സ്‌പോണ്‌സര്‍ഷിപ്പോടെ നടത്തപ്പെടുന്ന അക്രമങ്ങള്‍ പരക്കെ അരങ്ങേറുമ്പോള്‍ ഒരു വാക്കുപോലും ഉരിയാടാതെ നിലകൊള്ളുകയാണ് എസ്.പിയും ബി.എസ്.പിയും ഇന്ന്.

ഷഹീന്‍ ബാഗുമായും, ജെ.എന്‍യു വിഷയത്തിലും തബ്ലീഗുകാരെ മോശമായി ചിത്രീകരിക്കുന്നതിലുമടക്കം ദല്‍ഹിയില്‍ അരവിന്ദ് കെജരിവാള്‍ സ്വീകരിച്ച ഒന്നും കണ്ടില്ല കേട്ടില്ല എന്ന നിലപാടാണ് എസ്.പിയും ബി.എസ്.പിയും ഇവിടെ കൈക്കൊള്ളുന്നത്.

മുസ്ലിം സമുദായത്തില്‍ നിന്നുമുള്ള, എന്നാല്‍ സമുദായ നേതാക്കളായി മാത്രം ഒതുങ്ങുവാന്‍ തയ്യാറാകാതിരുന്ന കോണ്‍ഗ്രസ് നേതാക്കളും അണികളും ഒക്കെയും ദിനേനയെന്നോണം ഏതെങ്കിലും മുസ്ലിമിന്റെ വിവേകശൂന്യതക്ക് വിശദീകരണം നല്‍കേണ്ടി വരുന്ന, അതിനെതിരെ സംസാരിക്കേണ്ടി വരുന്ന സ്ഥിതിവിശേഷമാണ് നിലവില്‍. ഏതെങ്കിലും കൊലപാതകത്തിന്റെയോ ബലാത്സംഗത്തിന്റെയോ വാര്‍ത്തകള്‍ വരുമ്പോള്‍ കുറ്റാരോപിതര്‍ മുസ്ലിം ആകരുതേ എന്ന ആകാംക്ഷയിലും അങ്കലാപ്പിലും ആണ് അതിനെ സമീപിക്കുന്നത്.

ഏതെങ്കിലും മുസ്ലിം ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാകുമ്പോഴൊക്കെയും വര്‍ഗീയ മുഖം വരാതിരിക്കാന്‍ അതിനെതിരെ പ്രസ്താവന നടത്താന്‍ ഭൂപരിപക്ഷ സമുദായത്തിലെ സഹപ്രവര്‍ത്തകനെ തെരഞ്ഞു നടപ്പാണ് മുസ്ലിം കോണ്‍ഗ്രസ് നേതാക്കള്‍.

രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ മുന്നോട്ട് വന്നപ്പോള്‍, മസ്ജിദിന് ഭൂമി അനുവദിച്ചുകൊണ്ടുള്ള ‘ബാലന്‍സിംഗ്’ വിധയെ പ്രശംസിക്കുന്നതില്‍ നിന്നും ഞങ്ങള്‍ വിട്ടുനിന്നു. മുത്വലാഖ് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചപ്പോള്‍, ആ നിയമം അനാവശ്യമാണെന്ന കടുത്ത അഭിപ്രായം ഉണ്ടായിരിക്കെ, ഞങ്ങള്‍ മൗനം പൂണ്ടു.

ആര്‍ട്ടിക്കിള്‍ 370 റദ്ദുചെയ്തപ്പോള്‍, ചെറുപ്പക്കാരായ ചില പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പി ലൈനില്‍ പ്രസ്താവനകള്‍ നടത്തിയെങ്കിലും, ഇത് ഞങ്ങളെ ബാധിക്കില്ല എന്ന് നടിച്ച് മിണ്ടാതെയിരുന്നു. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് അന്ധാളിപ്പും ആശയക്കുഴപ്പവും മാത്രമായിരുന്നു.

മുന്‍ധാരണകളെയൊക്കെ തകര്‍ത്തുകൊണ്ട്, പുതിയൊരു സമരോര്‍ജ പ്രവാഹമായിട്ടായിരുന്നു യഥാര്‍ത്ഥത്തില്‍ ഷാഹീന്‍ബാഗ് കടന്നുവന്നത്. എന്നാല്‍ നമ്മുടെ സമുദായത്തിന്റെ രാഷ്ട്രീയാഭിലാഷങ്ങള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് എത്രമാത്രം അപ്രസക്തമാണെന്ന് ഷാഹീന്‍ബാഗ് കാണിച്ചു തന്നു. ഇപ്പോള്‍ കള്ളക്കേസുകളും, രാജ്യദ്രോഹകുറ്റങ്ങളും ഒക്കെ ചാര്‍ത്തി സമരനേതാക്കളെ പൊലീസ് വേട്ടയാടിക്കൊണ്ടിരിക്കുമ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കാന്‍ മാത്രമാണ് കോണ്‍ഗ്രസിന് കഴിയുന്നത്.

വര്‍ഷങ്ങളോളം കൃത്യമായി തന്ത്രപ്രധാനമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയിരുന്നു ഞങ്ങള്‍, കാരണം വര്‍ഗീയ ധ്രുവീകരണം ഞങ്ങളെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും എത്രമാത്രം ബാധിക്കുമെന്ന് ബോധ്യമുണ്ട്. എന്നാല്‍ ഞങ്ങളുടെ സമുദായത്തെ പുതിയകാല നേട്ടങ്ങള്‍ക്കനുസരിച്ച് പരുവപ്പെടുത്തിയെടുക്കുവാനുള്ള കഴിവില്ലാത്തവരാണ് കോണ്‍ഗ്രസ് എന്ന് പറയപ്പെട്ടു. അതിനിടയില്‍, കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്തളളി മറ്റാരുമായും, ബി.ജെ.പിയുമായി പോലും, തങ്ങളുടെ അവകാശ സംരക്ഷണങ്ങള്‍ക്കു ചേര്‍ന്ന് നില്‍ക്കാമെന്ന് സമുദായവും ചിന്തിച്ചു.

ഈ അടുത്തിടെയാണ് ‘ഇന്ത്യന്‍ മുസ്ലിംസ് ഫോര്‍ ഇന്ത്യ ഫസ്റ്റ്’ എന്ന പേരില്‍ പുതിയൊരു കൂട്ടായ്മ രൂപീകരിച്ചത്. നമ്മുടെ രാജ്യസ്‌നേഹത്തിന്റെ സാക്ഷ്യപത്രമൊക്കെ ഒന്നുകൂടി പുതുക്കുന്നതുപോലെ. നമ്മള്‍ ഇന്ത്യക്കാരും ഇന്ത്യ നമ്മുടേതും ആണെങ്കില്‍, പേര്‍ത്തും പേര്‍ത്തും ഇത്തരത്തില്‍ പറയേണ്ടി വരുന്നതെന്താണ്?

അക്ബര്‍ മുതല്‍ ബഹദൂര്‍ഷാ സഫര്‍ വരെ, ബ്രിഗ് ഉസ്മാന്‍ മുതല്‍ ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദ് വരെ, മൗലാന ആസാദ് മുതല്‍ സാകിര്‍ ഹുസൈന്‍ വരെ, ദിലീപ് കുമാര്‍ മുതല്‍ ഷാരൂഖ് ഖാന്‍ വരെ, മീന കുമാരി മുതല്‍ ഷബ്ന ആസ്മി വരെ, ഉസ്താദ് ബഡെ ഗുലാം അലി മുതല്‍ അംജദ് ഖാന്‍ വരെ, മിര്‍സ ഗാലിബ് മുതല്‍ ജാവേദ് അക്തര്‍ വരെ, നവാബ് പട്ടൗഡി മുതല്‍ അസ്ഹറുദീന്‍ വരെ, സയ്യിദ് സഹൂര്‍ കാസിം മുതല്‍ അബ്ദുല്‍ കലാം വരെ, ചിഫ് ജസ്റ്റിസ് ഹിദായത്തുല്ലാഹ് മുതല്‍ ജമ്മു കാശ്മീര്‍ ചീഫ് ജസ്റ്റിസ് ബദര്‍ അഹമ്മദ് വരെ, എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത അത്രയും ആളുകള്‍ക്കും ഇന്ത്യ തന്നെയായിരുന്നു മറ്റെന്തിനേക്കാളും മുഖ്യം.

രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവുകളും, ഉയര്‍ന്നു വരുന്ന സാമൂഹികാന്തരീക്ഷവും ഞങ്ങളെപ്പോലെയുള്ളവരെ യാതൊരു തരത്തിലും തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയില്ലാതാക്കി മാറ്റിയിരിക്കുന്നു. രണ്ട് തവണ എന്നെ വിജയപ്പിച്ച, തോറ്റപ്പോള്‍ പോലും ഒരു ലക്ഷത്തിനു മുകളില്‍ വോട്ടു തന്ന ഫറൂക്കാബാദ് മണ്ഡലത്തില്‍ 2019 ആയപ്പോഴേക്കും എനിക്ക് വോട്ടു ചെയ്യുന്നതുപോലും പാഴാണെന്ന തരത്തില്‍ നിഷ്പ്രഭനാക്കി മാറ്റി. എന്നാല്‍ അതത്ര കാര്യമാക്കുന്നില്ല.

ഞാന്‍ എതിരിടുന്ന രാഷ്ട്രീയ ഉദാസീനതയുടെ മടുപ്പിക്കുന്ന മാര്‍ഗ്ഗതടസ്സങ്ങള്‍ ഒന്നുംതന്നെ മറ്റു മേച്ചില്‍പ്പുറങ്ങള്‍ തേടുവാന്‍ എന്നെ പ്രേരിപ്പിക്കുന്നില്ല. മറിച്ച്, നിലവില്‍ നമ്മെ ഗ്രസിച്ചിരിക്കുന്ന വിപത്തില്‍ നിന്നും സ്വാതന്ത്ര്യം നേടുവാനുള്ള നീണ്ട പോരാട്ടത്തിലേക്ക് കൂടുതല്‍ മനസ്സടുപ്പിക്കുവാന്‍ പ്രേരിപ്പിക്കുക മാത്രമാണ്.

സകലരെയും ചേര്‍ത്തുനിര്‍ത്തുന്ന മതേതര രാഷ്ട്രീയ ഭൂമിക ഇന്ത്യ ഇപ്പോഴും നിലനിര്‍ത്തി പോരുന്നുണ്ട്. എന്റെതന്നെ ചില സുഹൃത്തുക്കള്‍ വിശ്വസിക്കുന്നതുപോലെ, അങ്ങനെയൊരിടം ഇപ്പോള്‍ ഇല്ലായെന്ന് നമ്മള്‍ കരുതുകയാണെങ്കില്‍ നമുക്ക് അത് നേടിയെടുക്കാന്‍ ആവില്ല. നമ്മളില്‍ പലരും നിലവിലെ രാഷ്ട്രീയ ലോകത്തെ നമുക്കെന്തുകിട്ടും എന്ന കണ്ണിലൂടെയാണ് കാണുന്നത് എന്നത് ഒരു യാഥാര്‍ഥ്യമാണ്.

രാഷ്ട്രീയം ഇന്ത്യയില്‍ ഒരു ഫുള്‍ടൈം കരിയര്‍ ആയതിനാല്‍, ആ വാദത്തെ നമുക്ക് മനസ്സിലാക്കാനാകും. എന്നാല്‍ ആശയാദര്‍ശങ്ങളും ഇന്ന് വ്യക്തിപരമായ സ്ഥാനകാംഷകള്‍ക്കു മുന്നില്‍ മാറ്റിനിര്‍ത്തപ്പെടുന്നു. ആശയങ്ങള്‍ പിന്‍സീറ്റിലിരിക്കുകയും കാര്യനിര്‍വഹണ രാഷ്ട്രീയം നമ്മെയൊക്കെ നയിക്കുകയും ചെയ്യുന്നു. നിലനില്‍പ്പിന്റെ ചോദ്യത്തിനാണ് നമുക്ക് ഉത്തരം നല്‍കാനുള്ളത്.

നമ്മുടെ സൈന്യത്തിലെ ഇന്നുവരെയുള്ള മുന്നണിപ്പോരാളികള്‍ ആരുതന്നെയായിരുന്നാലും, നമ്മള്‍ ഒരുമിച്ച് ഒത്തൊരുമയോടെ നിഷ്‌കപടമായി ഗാന്ധി-നെഹ്രുവിയന്‍ ദര്‍ശങ്ങളുയര്‍ത്തി പോരാടുകയായിരുന്നു. ആശയങ്ങള്‍ പണയംവെച്ച് പുതിയകാല രാഷ്ട്രീയതുലാസുകളില്‍ തൂക്കം നോക്കുവാന്‍ നമുക്കുള്ളില്‍ ആരെങ്കിലും മുതിരുന്നുവെങ്കില്‍, ചെവിക്കു പിടിച്ചു പുറത്തുകളയുകയാണ് വേണ്ടത്. അവര്‍ എത്രപേരുണ്ടെങ്കിലും ശരി.

അല്ലെങ്കില്‍, അവര്‍ നമ്മളെത്തന്നെ ഇ ചിത്രത്തില്‍ നിന്നും എന്നെന്നേക്കുമായി മായ്ച്ചുകളയും. നമ്മള്‍ ധാര്‍മിക ബോധം പണയപ്പെടുത്തിയതിന്റെ പേരില്‍ ഇന്ത്യയെന്ന മഹത്തായ ആശയത്തിനായുള്ള പോരാട്ടം ഒരിക്കലും തോല്‍ക്കില്ല, ധീരരായ മറ്റു പോരാളികള്‍ അത് ഏറ്റെടുക്കും. മഹത്തായ ഒരാശയത്തിനായി പോരാടി നില്‍ക്കണമോ ഭീരുവായി അടിയറവ് പറയണോ എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്.

ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം, നിയന്ത്രിത ജനാധിപത്യത്തിന് ചുറ്റും തളച്ചിട്ടുകൊണ്ട് സാധ്യമല്ല. ജനാധിപത്യത്തിന്റെ കുറവുകള്‍ അതിന്റെ അപ്പാടെ കൈവിടുന്നതിനുള്ള ഒഴിവുകഴിവുകളും ആകരുത്. അതുപോലെതന്നെ, ജനാധിപത്യത്തിന്റെ കുറവുകള്‍ നമ്മുടെ കുറവുകളാല്‍ സംഭവിക്കുന്നവയും ആകരുത്.

കൊവിഡാനന്തരം ഒരു പുതിയ, ധീരമായ ലോകക്രമം സ്വതവേ രൂപപെടുമെന്നു കിനാവുകാണുന്നവര്‍ അവരുടെ അഭീഷ്ടങ്ങള്‍ക്ക് വളമാകുന്ന തരത്തില്‍ സ്ഥിതിഗതികള്‍ സമാനമായിരിക്കും എന്ന് കരുതേണ്ട. ന്യായബന്ധിതമായ നീതിസങ്കല്‍പങ്ങളായിരിക്കണം നമ്മുടെ സര്‍വ പ്രവര്‍ത്തികളെയും ധൈര്യപ്പെടുത്തേണ്ടത്. ഭരണഘടനാ മൂല്യങ്ങള്‍ ആയിരിക്കണം നമ്മെ നയിക്കേണ്ടത്.

പരസ്പര ബഹുമാനവും അംഗീകാരവും ആയിരിക്കണം നമ്മുടെ ധര്‍മസിദ്ധാന്തം. പുതിയൊരു ഇന്ത്യയുടെ സൃഷ്ടിക്കായുള്ള പ്രാഥമിക പദ്ധതിയെന്നോണം ഇവ നമ്മുടെ പാര്‍ട്ടിയില്‍ ആത്മാര്‍ത്ഥയോടെ നടപ്പിലാക്കേണ്ടതുണ്ട്. എന്നിരുന്നാല്‍ മാത്രമേ മാറ്റത്തിന്റെ ചാലകശക്തിയായി മാറാന്‍ നമുക്ക് കഴിയുകയുള്ളു. തോല്‍വിയും മരണവും തൊട്ടടുത്ത് നിന്ന് കണ്ടവര്‍ക്ക് ഇനിമേല്‍ ഭയമുണ്ടാകേണ്ടതില്ല. ഒരു പുനര്‍ജന്മമാണ് ഇനി വേണ്ടത്. ഇതാണ് അതിന് കാലവും.

മുന്‍ വിദേശകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് ദി വയറില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

സല്‍മാന്‍ ഖുര്‍ഷിദ്

മുന്‍ വിദേശകാര്യ മന്ത്രി, കോണ്‍ഗ്രസ് നേതാവ്

We use cookies to give you the best possible experience. Learn more