| Monday, 22nd August 2022, 11:19 am

കോണ്‍ഗ്രസ് ഓഫീസില്‍ സവര്‍ക്കറിന്റെ ഫോട്ടോ പതിപ്പിച്ച് അജ്ഞാത സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് ഓഫീസില്‍ സവര്‍ക്കറിന്റെ ചിത്രം പതിപ്പിച്ച് അജ്ഞാത സംഘം. കര്‍ണാടകയിലെ വിജയപുരയിലുള്ള കോണ്‍ഗ്രസിന്റെ ഓഫീസിലാണ് ചിത്രം പതിപ്പിച്ചതെന്ന് ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രം പതിപ്പിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ സവര്‍ക്കറിനെതിരായ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു സവര്‍ക്കറിന്റെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് ഓഫീസില്‍ പതിപ്പിച്ചുകൊണ്ട് അജ്ഞാത സംഘം രംഗത്തെത്തിയത്. ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവമെന്നാണ് നിഗമനം.

ശിവമോഗയിലെ മുസ്‌ലിം പ്രദേശത്ത് സവര്‍ക്കറിന്റെ ചിത്രങ്ങള്‍ ഹിന്ദുത്വവാദികള്‍ സ്ഥാപിച്ചിരുന്നു. ഇതിനെതിരെ സിദ്ധരാമയ്യ വിമര്‍ശനം ഉന്നയിച്ചിരുന്നു.

മുസ്‌ലിം പ്രദേശത്ത് സവര്‍ക്കറിന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് രാജ്യത്ത് കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് ചെയ്യുന്നതെല്ലാം ബി.ജെ.പി മഞ്ഞക്കണ്ണോടുകൂടിയാണ് കാണുന്നതെന്നും എന്ത് നടന്നാലും ബി.ജെ.പി അതിന് കോണ്‍ഗ്രസിനെയാണ് കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘അവര്‍ മുസ്‌ലിം പ്രദേശത്ത് സവര്‍ക്കറുടെ ഫോട്ടോ സ്ഥാപിച്ചു. അതിന്റെ ആവശ്യമെന്താണ്? അവരെന്തെങ്കിലും ചെയ്തോട്ടെയെന്ന് വെക്കാം. പക്ഷേ ടിപ്പു സുല്‍ത്താന്റെ ഫോട്ടോ വേണ്ടെന്ന് വെച്ചതിന്റെ ചേതോവികാരം എന്താണ്?,’ സിദ്ധരാമയ്യ പറഞ്ഞു.

അതേസമയം വ്യാഴാഴ്ച കുടക് ജില്ലയില്‍ മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനിടെ സിദ്ധരാമയ്യക്ക് നേരെ ആക്രമണമുണ്ടായിരുന്നു. സംഘം ചേര്‍ന്നെത്തിയ പ്രതികള്‍ കുശാല്‍നഗറിലെ ഗുഡ്ഡെഹോസൂരില്‍ വെച്ച് സിദ്ധരാമയ്യ സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുകയും കാറിന് നേരെ മുട്ടയെറിയുകയുമായിരുന്നു.

സംഭവത്തില്‍ കോണ്‍ഗ്രസുകാരന്‍ ഉള്‍പ്പെടെ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlight: unknown persons placed savarkar’s photo in congress office at karnataka amid ongoing protests against siddaramaiah

Latest Stories

We use cookies to give you the best possible experience. Learn more