കിൻഷാസ: കോംഗോയിൽ അജ്ഞാതരോഗം ബാധിച്ച് ആഴ്ച്ചകൾക്കകം മരിച്ചത് അൻപതിലധികം ആളുകൾ. അജ്ഞാത രോഗം മൂലം നിരവധി മരണങ്ങൾ നടന്നതോടെ ആരോഗ്യ മേഖല ആശങ്കയിലാണ്. വവ്വാലിനെ ഭക്ഷിച്ച മൂന്ന് കുട്ടികളിൽ ആദ്യമായി കണ്ടെത്തിയ അജ്ഞാതരോഗം വടക്ക് പടിഞ്ഞാറൻ കോംഗോയിൽ കഴിഞ്ഞ അഞ്ചാഴ്ച്ചക്കിടെ 50ലധികം ആളുകളുടെ ജീവനെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു.
ഫെബ്രുവരി 16 വരെയുള്ള കണക്കുകൾ പ്രകാരം അഞ്ച് ആഴ്ച്ചകൾകൊണ്ട് രോഗബാധിതരായവർ 431 പേരാണ്. കോംഗോയിൽ ഒരു പ്രവിശ്യയിലെ ഗ്രാമങ്ങളിലാണ് രോഗബാധയും മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
‘ദിവസങ്ങൾക്കുള്ളിൽ കേസുകൾ അതിവേഗം വർധിക്കാൻ ഇടയായ ഈ സാഹചര്യം പൊതുജനാരോഗ്യത്തിന് കാര്യമായ ഭീഷണി ഉയർത്തുന്നു.
രോഗത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുന്നു,’ ലോകാരോഗ്യ സംഘടനയുടെ വക്താവ് താരിക് ജസറെവിച്ച് ചൊവ്വാഴ്ച ഒരു ബ്രീഫിങ്ങിൽ പറഞ്ഞു.
ഫെബ്രുവരി 13 ന് ബൊമാറ്റെ ഗ്രാമത്തിലാണ് കൂടുതൽ ആളുകളിൽ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്തത്.
പനിയിലും ഛർദിയിലും തുടങ്ങുന്ന രോഗം പിന്നീട് ആന്തരിക രക്തസ്രാവത്തിലേക്ക് എത്തുകയും രോഗം മൂർധന്യാവസ്ഥയിൽ എത്തുകയുമാണ് ചെയ്യുന്നത്. രോഗലക്ഷണങ്ങൾ പ്രകടമായി 48 മണിക്കൂറിനുള്ളിൽ രോഗി മരിക്കുന്നുവെന്നാണ് ബികോറോ ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ പറഞ്ഞത്. രോഗത്തിന്റെ വളരെ വേഗത്തിലുള്ള വ്യാപനവും ലക്ഷണങ്ങൾ പ്രകടമായി ദിവസങ്ങൾക്കുള്ളിൽ തന്നെയുള്ള രോഗിയുടെ മരണവും ആശങ്കയ്ക്ക് കാരണമാകുന്നു.
ദിവസങ്ങൾക്കുള്ളിൽ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ക്രമാതീതമായ വർധനവ് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാകുന്നതായി വിദഗ്ദർ പറയുന്നു. യഥാർത്ഥ രോഗകാരണം കണ്ടെത്താനാകാത്തതും വലിയ ആശങ്കയാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി വരികയാണ്, എങ്കിലും ദുർഘടമായ ഭൂമിശാസ്ത്രവും പരിമിതമായ ചികിത്സാ സാഹചര്യങ്ങളും കടുത്ത വെല്ലുവിളിയാവുകയാണ്.
ആന്തരികരക്തസ്രാവമുണ്ടാകുന്ന ‘ഹെമിറേജിക് ഫീവറി’ന്റെ അതേ ലക്ഷണങ്ങൾ കോംഗോയിലെ അജ്ഞാതരോഗത്തിനുമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എബോള, ഡെങ്കി, മാർബർഗ്, യെല്ലോ, ഫീവർ തുടങ്ങിയ അസുഖങ്ങൾക്കും സമാനമായ രോഗലക്ഷണങ്ങളാണുള്ളത്. എന്നാൽ ഒരു ഡസനിലധികം രോഗബാധിതരിൽ നിന്നുള്ള ശ്രവ പരിശോധനയിലും ഈ രോഗങ്ങളല്ല അവർക്കെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന വൈറസുകളെയൊന്നും കണ്ടെത്തിയിട്ടില്ലെന്നും യഥാർത്ഥ രോഗകാരണം എന്താണെന്നും എവിടെ നിന്നാണ് രോഗബാധയുടെ തുടക്കമെന്നും കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നുമാണ് ഡോക്ടർമാർ പറയുന്നത്.
എന്തെങ്കിലും അണുബാധയാണോ അതോ ഏതെങ്കിലും വിഷപദാർത്ഥത്തിന്റെ സാന്നിദ്ധ്യമാണോ ഈ അവസ്ഥയ്ക്ക് കാരണമായതെന്നും കണ്ടെത്താനായിട്ടില്ല. എന്താണ് ചെയ്യാനാവുകയെന്നും എപ്പോഴാണ് ഇടപെടാനാവുകയെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് പറഞ്ഞു. കഴിഞ്ഞ വർഷം കോംഗോയിൽ ഡിസീസ് എക്സ് എന്ന രോഗം പടർന്നുപിടിച്ചിരുന്നു. ഡിസീസ് എക്സ് ബാധിച്ച് 143 പേരാണ് മരണത്തിന് കീഴടങ്ങിയത്.
Content Highlight: Unknown disease kills 53 in Congo: All about it