|

കോംഗോയില്‍ അജ്ഞാത രോഗം; മരണം 53 കടന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കിന്‍ഷാസ: കോംഗോയില്‍ അജ്ഞാതരോഗം കാരണം 53 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മൂന്ന് കുട്ടികള്‍ ചേര്‍ന്ന് വവ്വാലിനെ ഭക്ഷിച്ചതിനെ തുടര്‍ന്നാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതെന്നും ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അഞ്ചാഴ്ചകള്‍ക്കുള്ളില്‍ 431 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അതില്‍ 53 പേരുടെ ജീവന്‍ പൊലിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പനി, ചര്‍ദി, ആന്തരിക രക്തസ്രാവം എന്നീ രോഗലക്ഷണങ്ങളുള്ളതായും മിക്ക രോഗികളും രോഗം ബാധിച്ച് 48 മണിക്കൂറിനുള്ളില്‍ മരിക്കുന്നതായും രോഗത്തിന്റെ ദ്രുതഗതിയിലുള്ള പകര്‍ച്ച ആരോഗ്യ വിദഗ്ധരെ ആശങ്കയിലാക്കിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദിവസങ്ങള്‍ക്കുള്ളില്‍ കേസുകള്‍ അതിവേഗം വര്‍ധിക്കുന്ന ഈ പകര്‍ച്ചവ്യാധി പൊതുജനാരോഗ്യത്തിന് ഗണ്യമായ ഭീഷണി ഉയര്‍ത്തുന്നുവെന്നും കൃത്യമായ കാരണം അജ്ഞാതമായി തുടരുന്നുവെന്നും ലോകാരോഗ്യ സംഘടന വക്താവ് പറഞ്ഞു. പകര്‍ച്ചവ്യാധികളെക്കുറിച്ച് ലോകാരോഗ്യ സംഘടന അന്വേഷിക്കുന്നുണ്ടെന്നും എന്നാല്‍ വിദൂര ഭൂമിശാസ്ത്രവും പരിമിതമായ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങളും വെല്ലുവിളികള്‍ വര്‍ധിപ്പിക്കുകയാണെന്നും ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കി.

എബോള, ഡെങ്കി, മാര്‍ബര്‍ഗ്, യെല്ലോ ഫീവര്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിക്കുന്ന വൈറസിന്റെ സാന്നിധ്യം പരിശോധിച്ചതായും എന്നാല്‍ വിദഗ്ധ പരിശോധനയില്‍ നിലവിലെ രോഗത്തിന് കാരണം ഇത്തരം വൈറസുകളല്ലെന്ന് കണ്ടെത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മറ്റേതെങ്കിലും അണുബാധയോ അതോ വിഷ പദാര്‍ത്ഥമോ മറ്റോ ആണോ എന്ന കാര്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങള്‍ 60 ശതമാനത്തോളം വര്‍ധിച്ചതായും ഡബ്ല്യൂ.എച്ച്.ഒ വക്താവ് വ്യക്തമാക്കി.

ബൊലോക്കോയിലും അയല്‍ഗ്രാമമായ ധാണ്ടയിലും സമാന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനാ പ്രതിനിധി കൂട്ടിച്ചേര്‍ത്തു. ഒരു ഗ്രാമത്തില്‍ തന്നെ ആദ്യം രോഗം ബാധിച്ച മൂന്ന് കുട്ടികളെ കൂടാതെ നാല് കുട്ടികള്‍ക്കൂടി മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Content Highlight: Unknown disease in Congo; Death passed 53

Latest Stories