| Sunday, 6th December 2020, 4:47 pm

അജ്ഞാത രോഗം; ആന്ധ്രാപ്രദേശില്‍ ഇരുന്നോറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

എല്ലൂര്‍: അജ്ഞാത രോഗത്തിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയില്‍ ഇരുന്നോറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയിലെ എല്ലൂര്‍ എന്ന സ്ഥലത്തെ വിവിധ പ്രദേശങ്ങളിലുള്ളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളാണ് രോഗികള്‍ കാണിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ 228 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബോധം കെട്ട് വീഴുക, ക്ഷീണം, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികള്‍ പൊതുവായി കാണിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സുനന്ദ മാധ്യമങ്ങളോട് പറഞ്ഞു.

ഇവരെല്ലാം പരസ്പരം ബന്ധമില്ലാത്ത എല്ലൂരിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവരാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗം ബാധിച്ചവര്‍ ആരും പൊതുവായി ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ എഴുപത് രോഗികളെ ഡിസ്ചാര്‍ജ് ചെയ്തതിട്ടുണ്ട്. നിലവില്‍ 76 സ്ത്രീകളും 46 കുട്ടികളും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രോഗികളില്‍ ഭൂരിഭാഗവും പ്രായമായവരും കുട്ടികളുമാണ്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ രക്ത പരിശോധനയില്‍ അസാധരണമായി ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പരിശോധനയ്ക്കായി മെഡിക്കല്‍ വിദഗ്ധ സംഘം എല്ലുരിലെത്തിയിട്ടുണ്ട്.

രോഗികള്‍ വ്യത്യസ്ത പ്രായത്തിലുള്ളവാരാണ്. ഇതില്‍ ഒരു ആറുവയസുകാരിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് കുട്ടിയെ വിജയവാഡയിലേക്ക് മാറ്റി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെയെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും എല്ലാരുടെയും റിസള്‍ട്ട് നെഗറ്റീവ് ആണ്.

രോഗം ബാധിച്ചവരെ ആരോഗ്യമന്ത്രി അല്ല നാനി സന്ദര്‍ശിച്ചിരുന്നു. അടിയന്തരമായി എല്ലുരുവിലെ ആശുപത്രിയില്‍ 150 കിടക്കകളും വിജയവാഡയില്‍ 50 കിടക്കകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ജീവന് ഭീഷണിയൊന്നുമില്ല, സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജനങ്ങള്‍ ഇതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി വ്യക്തിപരമായി സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ദുരിതബാധിത പ്രദേശങ്ങളില്‍ വീടുതോറും സര്‍വേ നടത്താനും അടിയന്തിര മരുന്നുകള്‍ ലഭ്യമാക്കാനും ജില്ലാ മെഡിക്കല്‍, ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നഗരത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിക്കുമെന്നും ആരോഗ്യ സംഘങ്ങള്‍ പ്രദേശം പരിശോധിച്ച് മലിനമായ ഭക്ഷണമോ വെള്ളമോ ദുരിതബാധിതര്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രോഗബാധിതരായ ആളുകള്‍ പെട്ടെന്ന് സുഖം പ്രാപിക്കുകയും എന്നാല്‍ വീണ്ടും രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തുന്നുണ്ടെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇവരെല്ലാം സുരക്ഷിതരാണെന്നും അവര്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Unknown disease; In Andhra Pradesh, Ellur over 200 people were hospitalized

We use cookies to give you the best possible experience. Learn more