| Sunday, 23rd January 2022, 4:21 pm

Malayalam Anthology | കേരള കഫേ അല്ല മലയാളത്തിലെ ആദ്യ ആന്തോളജി | FILMY VIBES

അഞ്ജന പി.വി.

പല ചെറിയ കഥകള്‍ ഒന്നിച്ചു ചേര്‍ത്തുകൊണ്ട് സിനിമ ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവം നല്‍കുന്ന ജോണര്‍ ആണ് ആന്തോളജി. വ്യത്യസ്തമായ ജീവിതാനുഭവങ്ങള്‍ 2 മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ആസ്വദിക്കാന്‍ സാധിക്കുന്നു എന്നതാണ് ആന്തോളജി സിനിമകളുടെ ഏറ്റവും വലിയ പ്രത്യേകത.

2009ല്‍ പുറത്തിറങ്ങിയ കേരള കഫെ എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് ഇത്തരത്തിലുള്ള സിനിമകള്‍ പരിചിതമായത്. അതുകൊണ്ട് തന്നെ പലരും കരുതുന്നത് മലയാളത്തിലെ ആദ്യ ആന്തോളജി സിനിമ കേരള കഫെ ആണെന്നാണ്. എന്നാല്‍ മലയാളത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ ആന്തോളജി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

1967ല്‍ ഇറങ്ങിയ ചിത്രമേള എന്ന സിനിമയാണ് മലയാളത്തിലെ ആദ്യ ആന്തോളജി ചിത്രം. ടി. എസ്. മുത്തയ്യ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ഈ സിനിമയില്‍ പ്രേം നസീര്‍, ശാരദ, ഷീല, കെ.പി. ഉമ്മര്‍ എന്നിവരാണ് അഭിനയിച്ചത്. നഗരത്തിന്റെ മുഖങ്ങള്‍, പെണ്ണിന്റെ പ്രപഞ്ചം, അപസ്വരങ്ങള്‍ എന്നീ മൂന്ന് കഥകളാണ് ഈ ആന്തോളജിയില്‍ ഉള്ളത്.

ലേറ്റ് നൈറ്റ് പാര്‍ട്ടികള്‍ക്ക് പോകുന്ന മാതാപിതാക്കളുടെ കുട്ടികള്‍ വഴി തെറ്റി പോകുന്നതിനെ കുറിച്ചായിരുന്നു നഗരത്തിന്റെ മുഖങ്ങള്‍ എന്ന ഷീലയും ഉമ്മറും അഭിനയിച്ച ഭാഗം. പെണ്ണിന്റെ പ്രപഞ്ചം എന്ന ഭാഗത്തില്‍ അടൂര്‍ ഭാസി, മണവാളന്‍ ജോസഫ്, ബഹദൂര്‍ തുടങ്ങിയവര്‍ ആണ് അഭിനയിച്ചത്. പ്രേം നസീറും ശാരദയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അപസ്വരങ്ങള്‍ എന്ന ഭാഗം അന്ധയായ ഒരു യുവതിയും തെരുവ് ഗായകനും തമ്മിലുള്ള പ്രണയത്തെക്കുറിച്ചായിരുന്നു.

വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള നാല് സ്ത്രീകളുടെ ജീവിതം അടയാളപ്പെടുത്തിയ നാലുപെണ്ണുങ്ങള്‍ എന്ന സിനിമയാണ് ആന്തോളജി വിഭാഗത്തില്‍ ഇറങ്ങിയ അടുത്ത ചിത്രം. അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ 2007ലാണ് ചിത്രമിറങ്ങിയത്. ഒരു നിയമത്തിന്റെ ലംഘനം, ചിന്നു അമ്മ, കന്യക, നിത്യകന്യക എന്ന് തുടങ്ങിയ നാല് കഥകളാണ് സിനിമയിലുള്ളത്.

വേറിട്ട ജീവിത സാഹചര്യങ്ങളിലൂടെ ജീവിച്ചു പോരുന്ന വിവിധ സ്ത്രീകളുടെ കഥ പറഞ്ഞ ഈ സിനിമയിലൂടെ മികച്ച സംവിധായകനുള്ള നാഷണല്‍ അവാര്‍ഡ് അടൂര്‍ ഗോപകൃഷ്ണന് ലഭിച്ചു. ഗീതു മോഹന്‍ദാസ്, നന്ദിത ദാസ്, രമ്യ നമ്പീശന്‍, മഞ്ജു പിള്ള, പദ്മപ്രിയ, സോനാ നായര്‍ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്.

അടൂര്‍ ഗോപാലകൃഷ്ണന്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത് തൊട്ടടുത്ത വര്‍ഷം, അതായത് 2008ല്‍ റിലീസ് ചെയ്ത ഒരു പെണ്ണും രണ്ടാണും എന്ന സിനിമയും ആന്തോളജി ആയിരുന്നു. തകഴി ശിവശങ്കരന്‍പിള്ളയുടെ ചെറുകഥകളെ ആസ്പദമാക്കി ചെയ്ത സിനിമയാണ് ഒരു പെണ്ണും രണ്ടാണും. നാല് കാലഘട്ടങ്ങളിലായി നടക്കുന്ന നാല് തരത്തിലുള്ള കുറ്റകൃത്യങ്ങളെ ആസ്പദമാക്കിയുള്ള സിനിമയാണ് ഒരു പെണ്ണും രണ്ടാണും.

കള്ളന്റെ മകന്‍, നിയമവും നീതിയും, ഒരു കൂട്ടുകാരന്‍, പങ്കിയമ്മ തുടങ്ങിയവയാണ് സിനിമയിലെ അധ്യായങ്ങള്‍. നെടുമുടി വേണു, സീമ ജി. നായര്‍, പ്രവീണ, മനോജ് കെ. ജയന്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2008ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് ലഭിച്ചത് ഈ ചിത്രത്തിനായിരുന്നു.

2009ല്‍ സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ലാല്‍ജോസ്, ഷാജി കൈലാസ്, അന്‍വര്‍ റഷീദ്, ശ്യാമപ്രസാദ്, ബി. ഉണ്ണികൃഷ്ണന്‍, രേവതി, അഞ്ജലി മേനോന്‍, എം പത്മകുമാര്‍ എന്നീ സംവിധായകരുടെ കൂട്ടായ്മയിലാണ് കേരള കഫെ എന്ന ചിത്രമിറങ്ങുന്നത്. പത്ത് സെഗ്മെന്റുകളായി ഇറങ്ങിയ സിനിമയില്‍ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, റഹ്മാന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ശ്രീനിവാസന്‍, നവ്യ നായര്‍, നിത്യ മേനോന്‍, കല്‍പന, റിമ കല്ലിങ്കല്‍ തുടങ്ങി നിരവധി താരങ്ങളുണ്ടായിരുന്നു.

ആന്തോളജി ചിത്രമെന്ന നിലയില്‍ കേരള കഫേ ശ്രദ്ധ നേടിയതോടെ പിന്നീട് നിരവധി സിനിമകളിലാണ് ഈ രീതിയിലറങ്ങിയത്.

അന്‍വര്‍ റഷീദ്, ആഷിഖ് അബു, സമീര്‍ താഹിര്‍, അമല്‍ നീരദ്, ഷൈജു ഖാലിദ് എന്നിവരുടെ സംവിധാനത്തില്‍ 2013 ല്‍ പുറത്തിറങ്ങിയ അഞ്ചുസുന്ദരികളും ജനശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു ആന്തോളജി ചിത്രമാണ്.പോപ്പിന്‍സ്, കഥവീട്, ഡി കമ്പനി, ആന മയില്‍ ഒട്ടകം, ഒന്നും ഒന്നും മൂന്ന്, ക്രോസ്സ് റോഡ്, സോളോ, ആണും പെണ്ണും, ചെരാതുകള്‍ തുടങ്ങി വേറെയും നിരവധി ആന്തോളജി സിനിമകള്‍ മലയാളത്തിലിറങ്ങിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Unknown anthology film in Malayalam

അഞ്ജന പി.വി.