ന്യൂദല്‍ഹി: 2019 ഫെബ്രുവരിയോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായി ഉയര്‍ന്നതായി സെന്റര്‍ ഫോര്‍ മോണിറ്ററിങ്ങ് ഇന്ത്യന്‍ എക്കണോമി( സി.എം.ഐ.ഇ) യുടെ പുതിയ കണക്ക്. 2016 സെപ്തംബറിലേതിന് ശേഷം ഏറ്റവും മോശമായ നിരക്കാണ് ഈ വര്‍ഷത്തേത്. 2018 ഫെബ്രുവരിയിലെ തൊഴിലില്ലായ്മ നിരക്ക് 5.9 ശതമാനമായിരുന്നു.
ജനുവരിയില്‍ പുറത്തിറങ്ങിയ സി.എം.ഐ.ഇ റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ 11 മില്ല്യണ്‍ ആളുകള്‍ക്കാണ് രാജ്യത്ത് തൊഴില്‍ നഷ്ടമായത്. 2017ലെ നോട്ടുനിരോധനം ഇടത്തരം ചെറുകിട സംരഭകരെ ഭീകരമായി ബാധിച്ചിരുന്നു. നോട്ടുനിരോധനത്തിന് ശേഷം ചെറുകിട ഇടത്തരം തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ട തൊഴിലിന്റെ കണക്കുകള്‍ തങ്ങളുടെ കെയ്യില്‍ ഇല്ലെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
തൊഴിലന്വേഷകരുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവുണ്ടായിട്ടും തൊഴിലില്ലായ്മ കൂടുന്നുവെന്ന് സി.ഐ.എം.ഇയുടെ സി.ഇ.ഒ മഹേഷ് വ്യാസ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഫെബ്രുവരിയില്‍ രാജ്യത്ത് 400 മില്ല്യണ്‍ തൊഴിലാളികളാണ് ഉള്ളതെന്നും ഇത് കഴിഞ്ഞ വര്‍ഷം 406 മില്ല്യണ്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, രാജ്യത്ത് തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് ദേശീയ സാമ്പിള്‍ സര്‍വ്വേ ഓഫീസിന്റെ പിരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2017-18 വര്‍ഷത്തില്‍ 6.1% ആയി തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ലേബര്‍ ബ്യൂറോയുടെ ആറാമത് വാര്‍ഷിക തൊഴില്‍-തൊഴില്‍രഹിത സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2013-14 കാലഘട്ടത്തില്‍ തൊഴിലില്ലായ്മ നിരക്ക് 3.4% ആയിരുന്നു. 2015-16 വര്‍ഷത്തില്‍ ഇത് 3.7% ആയി ഉയര്‍ന്നു. 2016-17ല്‍ ഇത് 3.9% ആണ്.
എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാവുന്നത് ചര്‍ച്ചയായാല്‍ അത് തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവാതിരുന്നതെന്നാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ദേശീയ സ്ഥിതിവിവര ശാസ്ത്ര കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങള്‍ രാജിവെച്ചിരുന്നു.
1972-73 വര്‍ഷത്തിനുശേഷമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴത്തേതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 2011-12 വര്‍ഷത്തില്‍ തൊഴിലില്ലായ്മ 2.2% ആയിരുന്നു.
യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഗ്രാമീണ മേഖലയില്‍ 15നും 29നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ തൊഴിലില്ലായ്മ 2011-12 വര്‍ഷത്തെ അപേക്ഷിച്ച് 5% വര്‍ധിച്ച് 17.4% ആയി ഉയര്‍ന്നതായും, ഗ്രാമീണ മേഖലയില്‍ സ്ത്രീകളുടെ കാര്യത്തില്‍ 4.8% വര്‍ധിച്ച് 13.6% ആയി ഉയര്‍ന്നെന്നും സര്‍വ്വേയില്‍ പറയുന്നുണ്ടായിരുന്നു.
ഗ്രാമീണ മേഖലയിലേതിനേക്കാള്‍ കൂടുതലാണ് നഗരങ്ങളിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ. ഇത് പുരുഷന്മാരില്‍ 18.7% ഉം സ്ത്രീകളില്‍ 27.2% ആയി ഉയര്‍ന്നിട്ടുണ്ടെന്നും സര്‍വ്വേയില്‍ പറഞ്ഞിരുന്നു.
Image Credits: ANUSHREE FADNAVIS / REUTERS