Kerala News
കേരള സര്‍വകലാശാലയിലെ എസ്.എഫ്.ഐ യൂണിയന്‍ ഓഫീസില്‍ നിന്ന് കണ്ടെത്തിയ സീല്‍ വ്യാജമെന്ന് അധ്യാപകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 15, 06:08 pm
Monday, 15th July 2019, 11:38 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിയന്‍ ഓഫീസില്‍ നിന്ന് കണ്ടെത്തിയ സീല്‍ വ്യാജമെന്ന് അധ്യാപകന്‍. തന്റെ സീല്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും യൂണിയന്‍ മുറിയില്‍ കണ്ടത് വ്യാജ സീലാണെന്നും ബോട്ടണി അധ്യാപകന്‍ ഡോ. എസ് സുബ്രമണ്യന്‍ പറഞ്ഞു.

കോളേജ് ജീവനക്കാര്‍ മുറി ഒഴിപ്പിക്കുന്നതിനിടെയാണ് സര്‍വകലാശാലയിലെ യൂണിയന്‍ മുറിയില്‍ നിന്ന് ബോട്ടണി അധ്യാപകന്റെ പേരിലുള്ള വ്യാജ സീലും ഉത്തരക്കടലാസുകളും കണ്ടെത്തിയത്.

നേരത്തെ, യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തിയ കേസിലെ ഒന്നാം പ്രതിയായ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ആര്‍. ശിവരഞ്ജിത്തിന്റെ വീട്ടില്‍ പൊലീസ് നടത്തിയ മിന്നില്‍ പരിശോധനയിലും സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു.

കേരള സര്‍വകലാശാലാ പരീക്ഷ എഴുതേണ്ട 12 ഷീറ്റിന്റെ 4 ഫുള്‍ സെറ്റും പത്തില്‍ താഴെ ഷീറ്റുകളുള്ള 11 സെറ്റുമാണ് കണ്ടെത്തിയത്. കേരള യൂണിവേഴ്സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീലും പിടിച്ചെടുത്തിരുന്നു.

അതേസമയം, ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, ആരോമല്‍, ആദില്‍, അദ്വൈത്, ഇജാബ് എന്നിവരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

അഖിലിനെ ആക്രമിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റതിനാല്‍ കിടത്തിച്ചികിത്സ വേണമെന്ന ശിവരഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. അഭിഭാഷകരുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

മുഖ്യപ്രതി ശിവരഞ്ജിത്തും നസീമും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിരുന്നു. ആക്രമണം ആസൂത്രിതമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ആക്രമിക്കുകയായിരുന്നുവെന്നുമാണ് പ്രതികള്‍ പറഞ്ഞത്. ഇരുവരും ഇന്നലെ അര്‍ധരാത്രിയാണ് പൊലീസ് പിടിയിലായത്.