ചോദ്യപേപ്പര്‍ ചോരല്‍ നിത്യസംഭവം, കാമ്പസിൽ 'പോസിറ്റീവ് വൈബ്' സൃഷ്ടിക്കാൻ പശുത്തൊഴുത്ത് നിര്‍മിക്കാനൊരുങ്ങി സൂറത്തിലെ സര്‍വകലാശാല
national news
ചോദ്യപേപ്പര്‍ ചോരല്‍ നിത്യസംഭവം, കാമ്പസിൽ 'പോസിറ്റീവ് വൈബ്' സൃഷ്ടിക്കാൻ പശുത്തൊഴുത്ത് നിര്‍മിക്കാനൊരുങ്ങി സൂറത്തിലെ സര്‍വകലാശാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th November 2024, 8:38 am

സൂറത്ത്: കാമ്പസിൽ ‘പോസിറ്റീവ് വൈബ്’ സൃഷ്ടിക്കാൻ പശുത്തൊഴുത്ത് നിര്‍മിക്കാനൊരുങ്ങി സൂറത്തിലെ സര്‍വകലാശാല. സൂറത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റി (വി.എൻ.എസ്.ജി.യു) അധികൃതരാണ് പുതിയ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിൻ്റെ സ്ഥലത്ത് പശുക്കളെ പാർപ്പിക്കാൻ തീരുമാനിച്ചത്. കാമ്പസിൽ പോസിറ്റീവ് വൈബ് സൃഷ്ടിക്കാനാണ് പശുത്തൊഴുത്ത് നിർമിക്കുന്നതെന്നാണ് അധികൃതരുടെ വാദം.

സർവകലാശാലയിൽ അടുത്തിടെയുണ്ടായ പേപ്പർ ചോർച്ച, വിജയശതമാനം കുറവ് തുടങ്ങിയ പ്രശ്‌നങ്ങളെത്തുടർന്ന് ഒരു ജ്യോതിഷിയുടെ ഉപദേശത്തെ തുടർന്നാണ് ക്യാമ്പസിൽ പശുക്കളെ പരിപാലിക്കാനുള്ള തീരുമാനം അധികൃതർ കൈക്കൊണ്ടത്.

‘പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന് സമീപം ഒരു മാസമെങ്കിലും പശുക്കളെ കെട്ടിയിടണമെന്നാണ് ജ്യോതിഷി പറഞ്ഞിരിക്കുന്നത്. അവക്ക് പ്രത്യേക പരിഗണന നല്‍കിയാല്‍ സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങള്‍ തടസങ്ങളില്ലാതെ നടക്കും. പശുക്കള്‍ക്കായി എന്‍.ജി.ഒകളെ സമീപിച്ചിട്ടുണ്ട്. ചിലര്‍ പശുക്കളെ തരാമെന്ന് സമ്മതിച്ചിട്ടുണ്ട്’ സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ. കെ.എന്‍ ചൗധ പറഞ്ഞു.

കൂടാതെ വരും മാസങ്ങളിൽ പശുവിനെ അടിസ്ഥാനമാക്കിയുള്ള ഗവേഷണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി സർവകലാശാല ബയോടെക്നോളജി വിഭാഗത്തിൽ ഒരു ‘കാമധേനു ചെയർ’ സ്ഥാപിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ദേശീയ വിദ്യഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് കാമധേനു ചെയര്‍ രൂപീകരിക്കുന്നത്. ജ്യോത്സ്യന്‍മാര്‍ ചേര്‍ന്ന് ചെയര്‍ രൂപീകരിക്കാനുള്ള സ്ഥലവും കണ്ടെത്തിയിട്ടുണ്ട്.

48 വർഷം മുമ്പ് നിർമിച്ച കോളജിന്റെ യഥാർത്ഥ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിൽ വിള്ളലുകൾ ഉണ്ടാകുകയും ഉപയോഗയോഗ്യമല്ലെന്ന് സർവേ റിപ്പോർട്ടിൽ വ്യക്തമാക്കുകയും ചെയ്തതിനെത്തുടർന്ന് ഏതാനും ആഴ്ചകൾക്ക് മുമ്പ് സർവകലാശാല പൊളിച്ചുനീക്കിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി പഴയ കെട്ടിടത്തിൻ്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്രാഞ്ച് ഓഫീസുകൾ കാമ്പസിലെ മറ്റ് കെട്ടിടങ്ങൾക്ക് പുറത്താണ് പ്രവർത്തിക്കുന്നത്.

പുതിയ കെട്ടിടം പണിയുന്നതിനായി രണ്ടാഴ്ച മുമ്പ് എത്തിയ 30 കോടിയുടെ ആദ്യ ഗഡു സർക്കാർ അനുവദിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. പുതിയ കെട്ടിടത്തിന് സമീപമാകും പശുക്കൾക്കും ഇടമൊരുക്കുക.

കെട്ടിട നിർമാണത്തിനായി വാസ്തു വിദഗ്ദ്ധരെയും ജ്യോത്സ്യരെയും കൊണ്ടുവന്നെന്നും പുതിയ കെട്ടിടങ്ങളുടെ സ്ഥാനം നിർണയിക്കാൻ കാമ്പസ് അവരെ കാണിക്കുകയും ചെയ്‌തെന്ന് അധികാരികൾ പറഞ്ഞു. വിദഗ്ധർ മൂന്ന് സ്ഥലങ്ങൾ തിരഞ്ഞെടുത്തതായി വൃത്തങ്ങൾ പറഞ്ഞു. പുതിയ കെട്ടിടം നിർമിക്കുന്ന സ്ഥലത്ത് അഞ്ച് മുതൽ ഏഴ് വരെ പശുക്കളെ സംരക്ഷിക്കുമെന്നും ഡോ. കെ.എന്‍ ചൗധ പറഞ്ഞു.

Content Highlight: University in Surat to house cows on campus for ‘positive vibes’