| Tuesday, 24th April 2018, 4:14 pm

സര്‍വ്വകലാശാലകളില്‍ ഏകീകൃത സിലബസെന്ന നിര്‍ദ്ദേശവുമായി യു.ജി.സി; സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാനുള്ള യു.ജി.സി നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു

ഗോപിക

സര്‍വ്വകലാശാല വിദ്യാഭ്യാസത്തില്‍ ഏകീകൃത സ്വഭാവം കൊണ്ടുവരുന്ന നയത്തിന് അടിത്തറയേകാന്‍ യുണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ നീക്കം. കഴിഞ്ഞ ഏപ്രില്‍ ആറിന് ഇന്ത്യയിലെ എല്ലാ സര്‍വ്വകലാശാലകള്‍ക്കുമായി യു.ജി.സി അയച്ച നോട്ടിഫിക്കേഷനാണ് സര്‍വ്വകലാശാല വിദ്യാഭ്യാസത്തില്‍ പ്രതിഷേധാര്‍ഹമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. സര്‍വ്വകലാശാല വിദ്യാഭ്യാസത്തെ ഏകോപിപ്പിക്കുകയെന്ന ഉത്തരവാദിത്തം മാത്രമുള്ള സ്ഥാപനമായ യു.ജി.സിക്ക് എങ്ങനെയാണ് മറ്റ് എല്ലാ സര്‍വ്വകലാശാലകളുടെ സിലബസ്സുകള്‍ തയ്യാറാക്കാനുള്ള ചുമതല ലഭിക്കുകയെന്ന കാര്യത്തിലാണ് ഇപ്പോള്‍ തര്‍ക്കം മുന്നോട്ട് പോകുന്നത്.

ഇത്തരത്തില്‍ സര്‍വ്വകലാശാലകളുടെ സിലബസ്സ് തയ്യാറാക്കാനുള്ള ചുമതല യു.ജി.സിയെ ഏല്‍പ്പിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം കൂടുതല്‍ ശക്തമാകുകയാണ്.

ഇതില്‍ പ്രധാനമായും സര്‍വ്വകലാശാലകള്‍ക്കു മുമ്പില്‍ യു.ജി.സി മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ സര്‍വ്വകലാശാലകളിലും നിലവിലുള്ള വിഷയങ്ങള്‍ക്ക് തങ്ങളായിരിക്കും ഇനി മുതല്‍ സിലബസ് നിര്‍മ്മിക്കുകയെന്നാണ് യു.ജി.സിയുടെ പ്രധാന നിര്‍ദ്ദേശം. ഇങ്ങനെ സൃഷ്ടിക്കുന്ന സിലബസുകളില്‍ കാര്യമായ മാറ്റം വരുത്താന്‍ സര്‍വ്വകലാശാലകള്‍ക്ക് അധികാരമുണ്ടായിരിക്കുകയില്ല.


ALSO READ: വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കോളേജ് അലമാരയില്‍ കെട്ടിക്കിടക്കുന്നു; മൂല്യനിര്‍ണ്ണയത്തിന് അയച്ചില്ല; കൂട്ടത്തോല്‍വിയുമായി വിദ്യാര്‍ത്ഥികള്‍


സിലബസിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍വ്വകലാശാലയ്ക്ക് സാധിക്കില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ ഇന്ത്യയിലെ സര്‍വകലാശാലകളിലെ ഫാക്കല്‍റ്റി, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കൗണ്‍സില്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പാഠ്യവിഷയങ്ങളെപ്പറ്റി യാതൊരു നിര്‍ദ്ദേശവും മുന്നോട്ടുവെക്കാന്‍ കഴിയാത്ത സാഹചര്യമായിരിക്കും ഉണ്ടാകുക.

അതുകൊണ്ടു തന്നെ ഏതൊക്കെ വിഷയങ്ങള്‍ പഠിപ്പിക്കണമെന്നും ഗവേഷണവിഷയങ്ങള്‍ ഏതൊക്കെയാകണമെന്നും തുടങ്ങി അക്കാദമിക് കാര്യങ്ങളില്‍ അതത് സര്‍വ്വകലാശാലകള്‍ക്കുള്ള സ്വാതന്ത്ര്യം പൂര്‍ണ്ണമായും നഷ്ടപ്പെടും. അതുകൂടാതെ നിലവില്‍ സര്‍വ്വകലാശാലകള്‍ക്ക് യു.ജി.സി നല്‍കിയിരിക്കുന്ന വിഷയങ്ങള്‍ക്ക് അടിസ്ഥാന നിലവാരം വളരെ കുറവാണെന്നാണ് പ്രധാന ആക്ഷേപം. ഇതിനെതിരെ ദല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി- അക്കാദമിക കൂട്ടായ്മകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അജണ്ട നടപ്പാക്കുകയാണ് യു.ജി.സിയുടെ സിലബസ് നിര്‍മ്മാണം എന്നാണ് പ്രതിഷേധവുമായി രംഗത്തെത്തിയ അക്കാദമിക സമൂഹത്തിന്റെ പ്രധാനവാദം.


READ MORE: വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് മലയാള സര്‍വ്വകലാശാല ഓഫീസില്‍ എയര്‍കണ്ടീഷനുകള്‍; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍


യു.ജി.സിയെ സംബന്ധിച്ച മറ്റൊരു പ്രധാന വസ്തുത ഈ വിഷയത്തില്‍ സിലബസ് നിര്‍മ്മിക്കുന്നതിനുള്ള പൂര്‍ണ്ണ അധികാരം എങ്ങനെ ഈ സ്ഥാപനത്തിന് ലഭിക്കുമെന്നാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് 1956 ല്‍ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് യു.ജി.സി എന്ന സ്ഥാപനം നിലവില്‍ വരുന്നത്.

മേല്‍പ്പറഞ്ഞ ആക്ട് പ്രകാരം ഇന്ത്യയിലെ സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനങ്ങളുടെ സംരക്ഷകരോ കാവലാളായോ നില്‍ക്കുകയെന്നതാണ് ഈ സ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാദിത്തം. ഉന്നത നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളുടെ അക്കാദമിക കാര്യത്തില്‍ ഇടപെടാന്‍ യു.ജി.സിക്ക് അധികാരമില്ല. മാത്രമല്ല ഈ സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര ഫണ്ടുകള്‍ അനുവദിക്കുകയെന്നതാണ് യു.ജി.സിയുടെ പ്രധാന ഉത്തരവാദിത്തം.

രാജ്യത്തെ എണ്ണൂറിലധികം വരുന്ന സര്‍വ്വകലാശാലകള്‍ക്ക് എകീകൃത സിലബസ് കൊണ്ടുവരുന്നതിലൂടെ സര്‍വ്വകലാശാലകളിലെ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന വൈവിധ്യത്തെയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നാണ് വിദ്ഗധരുടെ അഭിപ്രായം. എല്ലാ സര്‍വ്വകലാശാലകളിലെയും വിഷയങ്ങള്‍ ഒരുപോലെയാകുന്നതിലൂടെ നിലവില്‍ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന വൈവിധ്യം ഇല്ലാതാകുന്നു. ഇതിനുദാഹരണമാണ് രാജ്യത്തെ ബി.എഡ് കോഴ്‌സുകളുടെ നിലവിലെ അവസ്ഥ. ബി.എഡ് വിഷയങ്ങള്‍ക്ക് രാജ്യത്താകമാനം എകീകൃത സിലബസാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. വിദ്യാഭ്യാസം എന്ന വകുപ്പ് കൈകാര്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഒരുപോലെ അധികാരമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ തീരുമാനങ്ങളെടുക്കുന്നത് കേന്ദ്രസര്‍ക്കാരാണ്.

രാജ്യത്തെ സര്‍വലാശാലകളെ നിയന്ത്രിക്കാന്‍ മാത്രം അധികാരമുള്ള മോണിറ്ററിംഗ് ഏജന്‍സിയാണ് യു.ജി.സി. ഒാരോ സര്‍വ്വകലാശാലകള്‍ക്കും അവരുടേതായ ബോര്‍ഡ് ഓഫ് സ്റ്റഡീസ് തീരുമാനിക്കുന്ന സിലബസ്സുണ്ടായിരിക്കും. ഇത്തരത്തില്‍ വ്യത്യസ്തതകള്‍ നിലനിര്‍ത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ എല്ലാ സര്‍വ്വകലാശാലകളിലും ഒരേ പോലുള്ള വിഷയങ്ങള്‍ മാത്രമാകും നിലനില്‍ക്കുക.


ALSO READ: വേണമെങ്കില്‍ സ്വന്തം കാശിനു ഹോസ്റ്റല്‍ ജീവനക്കാരെ നിയമിക്കണമെന്ന് വിദ്യാര്‍ത്ഥികളോട് കേരള-കേന്ദ്ര സര്‍വ്വകലാശാല; നടപടിയ്ക്കെതിരെ അനിശ്ചിതകാല നിരാഹാര സമരവുമായി വിദ്യാര്‍ത്ഥികള്‍


മറ്റൊരു പ്രധാന വസ്തുത ഇപ്പോള്‍ പുറത്തുവന്ന ഈ തീരുമാനമനുസരിച്ച് ഇന്ത്യയിലെ എല്ലാ സര്‍വ്വകലാശാലകളിലും നിലവിലെ കേന്ദ്രസര്‍ക്കാരിന്റെ അജന്‍ഡയാകും സിലബസ്സില്‍ പ്രതിഫലിക്കുക. സംഘപരിവാര്‍ ശക്തികളുടെ അജന്‍ഡ നിര്‍മ്മാണം ഇന്ത്യയിലെ പൊതുവിദ്യാഭ്യാസ മേഖലയെക്കൂടി ബാധിക്കുന്ന രീതിയിലാകുമെന്നാണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് സ്‌കോളറായ വിദ്യാര്‍ത്ഥി ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

അതേസമയം സമാനമായ അഭിപ്രായങ്ങള്‍ തന്നെയാണ് കേരളത്തിലെ ഒരു പ്രമുഖ സര്‍വ്വകലാശാലയായ മലയാളം സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയും പറഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദു പ്രത്യേയശാസ്ത്രങ്ങള്‍ വില്‍ക്കുന്നയിടമായി സര്‍വ്വകലാശാലകളെ മാറ്റുകയെന്ന നയത്തിന്റെ ആദ്യ പടിയാണ് യു.ജി.സിയുടെ ഈ തീരുമാനം. ഒരോ സര്‍വ്വകലാശാലയുടെ കോഴ്‌സിനും അതിന്റെതായ ഐഡന്റിറ്റിയുണ്ട്. അതിനെ മറികടക്കുന്ന രീതിയില്‍ എല്ലാ കോഴ്‌സുകളും ഏകീകൃതമാക്കിയാല്‍ വിഷയങ്ങള്‍ അതത് സര്‍വ്വകലാശാല നിശ്ചയിക്കുന്ന പ്രത്യേകതകള്‍ നഷ്ടപ്പെടും. അതു കുടാതെ സര്‍വ്വകലാശാലയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്ന വിഭാഗവും അതത് ഫാക്കല്‍റ്റിയും യു.ജി.സിക്ക് കീഴിലെ വെറും തസ്തികകള്‍ മാത്രമാകും. സിലബസ്സ് പരിഷ്‌കരണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഗവേഷക കൂടിയായ വിദ്യാര്‍ത്ഥി ഡൂള്‍ന്യൂസിനോട് പറഞ്ഞു.


MUST READ: അങ്കണവാടി ജീവനക്കാരും ഉപഭോക്താക്കളും ആധാര്‍ വിവരം നല്‍കിയില്ലെങ്കില്‍ ഫണ്ട് നല്‍കില്ല; സംസ്ഥാന സര്‍ക്കാര്‍ ആശങ്കയില്‍


ഗവേഷക രംഗത്ത് ഇതിനുമുമ്പ് കൊണ്ടുവന്ന മാറ്റങ്ങള്‍ സര്‍വ്വകലാശാല വിദ്യാര്‍ഥികളില്‍ നിരവധി പ്രതിഷേധങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമാണ് റിട്ടയര്‍ അധ്യാപകര്‍ ഗവേഷകരുടെ ഗൈഡ് ആകാന്‍ അര്‍ഹരല്ലെന്ന നയം. അതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലാകുന്നത് ഗവേഷകരായ വിദ്യാര്‍ത്ഥികളാണെന്നും ഇവര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more