| Monday, 15th July 2019, 11:30 am

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; പ്രതികളെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതികളായ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അനിശ്ചിതകാലത്തേക്കാണ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

മുഖ്യപ്രതിയുള്‍പ്പെടെയുള്ള ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് സസ്‌പെന്‍ഷന്‍. സംഭവം നടന്ന് ദിവങ്ങള്‍ പിന്നിട്ടിട്ടും സര്‍വകാലശാല നടപടിയെടുക്കുന്നില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.

അതേസമയം അഖിലിനെ കുത്തിയ കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കേരള സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു.

പരീക്ഷാ കണ്‍ട്രോളറോടും വൈസ് ചാന്‍സലറോടുമാണ് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത്. സര്‍വകലാശാലയില്‍ നിന്നുള്ള ഉത്തരക്കടലാസുകളും സീലും വിദ്യാര്‍ത്ഥിക്ക് ലഭിച്ചതെങ്ങനെയെന്നാണ് അന്വേഷിക്കുക.

സര്‍വകലാശാലയുടെ പരീക്ഷ നടത്തിപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സര്‍വകാലശാലയുടെ നടപടി. മോഷണം നടന്നതാവാമെന്നാണ് സംശയിക്കുന്നത്. വ്യാജരേഖ ഉണ്ടാക്കല്‍, മോഷണക്കുറ്റം എന്നിവ ചുമത്തി കേസെടുക്കാനാണ് നീക്കം.

അതേസമയം, അഖിലിനെ കുത്തിയതുമായി ബന്ധപ്പെട്ട് പ്രതികള്‍ കുറ്റം സമ്മതിച്ചു. അഖിലിനെ കുത്തിയത് പെട്ടെന്നുള്ള പ്രകോപനത്തിലാണെന്ന് ശിവരഞ്ജിത്തും നസീമും പറഞ്ഞു.

ഇന്നലെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇന്നലെ പ്രതികള്‍ക്കായി യൂണിവേഴ്സിറ്റി ഹോസ്റ്റലിലും, സ്റ്റുഡന്റ് സെന്ററിലും പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. പി.എം.ജി സ്റ്റുഡന്റ് സെന്ററിലും പോലീസ് പരിശോധന നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more