Kerala News
യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; മന്ത്രി ജലീലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 20, 11:59 am
Saturday, 20th July 2019, 5:29 pm

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. യൂണിവേഴ്‌സിറ്റി കോളെജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിയസഭയെ തെറ്റുധരിപ്പിച്ചെന്നാരോപിച്ചാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കെ.സി ജോസഫ് എം.എല്‍.എയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളെജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ യൂണിറ്റ് ഓഫീസ് അടച്ചെന്ന മന്ത്രിയുടെ പരാമര്‍ശത്തിന് എതിരെയാണ് നോട്ടീസ്.

യൂനിവേഴ്‌സിറ്റി കോളെജില്‍ വിദ്യാര്‍ഥി ആത്മഹത്യാ ശ്രമം നടത്തിയ സമയത്ത് യൂനിറ്റ് ഓഫീസ് അടച്ചെന്ന് മന്ത്രി പറഞ്ഞിരുന്നു. അതേസമയം സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് മന്ത്രി പറഞ്ഞു.

സ്ഥാപനത്തിലെ അധ്യാപകരെ സ്ഥലമാറ്റുമെന്നും കോളേജില്‍ നിന്ന് പരീക്ഷയുടെ ഉത്തരകടലാസ് കടത്തിയതില്‍ അധ്യാപകരുടെ പങ്കും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ യൂണിറ്റുകളുണ്ടാക്കാന്‍ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ മുന്നോട്ടുവരണമെന്നും കെ.ടി. ജലീല്‍ ആവശ്യപ്പെട്ടു. എസ്.എഫ്.ഐയുടെ ഭീഷണി കാരണം പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന കെ.എസ്.യു നിലപാട് ഭീരുത്വമാണെന്നും മന്ത്രി പറഞ്ഞു